ഇന്ത്യ- യുഎസ് ചര്‍ച്ചയില്‍ സാങ്കേതിക വിദ്യകളിലെ സഹകരണം മുഖ്യ വിഷയം

ഇന്ത്യ- യുഎസ് ചര്‍ച്ചയില്‍ സാങ്കേതിക വിദ്യകളിലെ സഹകരണം മുഖ്യ വിഷയം

നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ 10 മാസങ്ങളില്‍ 10.5 ബില്യണിന്റെ വ്യാപാര മിച്ചമാണ് യുഎസുമായി ഇന്ത്യക്കുള്ളത്

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍, വളര്‍ന്നു വരുന്ന സാങ്കേതിക വിദ്യകള്‍, പ്രതിരോധം, ബഹിരാകാശം എന്നീ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നത് ഈ മാസം 14ന് നടക്കുന്ന ഇന്ത്യ- യുഎസ് വാണിജ്യ ചര്‍ച്ചയിലെ പ്രധാന ഘടകമാകും. വാണിജ്യ-വ്യവസായ മന്ത്രി സുരേഷ് പ്രഭുവും യുഎസ് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ്സും തമ്മില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളുടെയും ഇറക്കുമതി തീരുവകള്‍ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരാനുള്ള സാധ്യതകള്‍ കുറവാണെന്നാണ് വിലയിരുത്തല്‍.

യുഎസില്‍ നിന്നുള്ള ഇലക്ട്രോണിക്‌സ്, കമ്മ്യൂണിക്കേഷന്‍ ഉല്‍പ്പന്നങ്ങള്‍ക്കും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഇന്ത്യ ഏര്‍പ്പെടുത്തിയിട്ടുള്ള തീരുവ സംബന്ധിച്ചും ഇന്ത്യയുടെ ഡാറ്റാ പ്രാദേശികവത്കരണത്തിലും യുഎസ് ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള സ്റ്റീല്‍, അനുമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയ തീരുവയില്‍ ഇന്ത്യയും പരാതി ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ ഇത്തരം വിഷയങ്ങള്‍ ഐക്യരാഷ്ട്ര സഭയുടെ വാണിജ്യ പ്രാതിനിധ്യ ഓഫിസിന്റെ പരിഗണനയിലായതിനാല്‍ വാണിജ്യ ചര്‍ച്ചയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സഹകരണം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വാണിജ്യ മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

യുഎസുമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യക്ക് 21.27 ഡോളറിന്റെ വ്യാപാര മിച്ചമാണുള്ളത്. വര്‍ധിച്ചുവരുന്ന വ്യാപാര കമ്മി കുറയ്ക്കുന്നത് സംബന്ധിച്ച് യുഎസ് ഭരണകൂടത്തിന്റെ വര്‍ധിച്ചുവരുന്ന ആശങ്കകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുമായുള്ള വാണിജ്യ ചര്‍ച്ചകള്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ 10 മാസങ്ങളില്‍ 10.5 ബില്യണിന്റെ വ്യാപാര മിച്ചമാണ് യുഎസുമായുള്ള വ്യാപാരത്തില്‍ ഇന്ത്യക്കുള്ളത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ വിടവ് നികത്തുന്നതില്‍ എത്രത്തോളം പുരോഗതി ഉണ്ടാക്കാനാകുമെന്ന് ഇന്ത്യ ഉറപ്പു നല്‍കുന്നില്ലെങ്കിലും യുഎസില്‍ നിന്നുള്ള ഊര്‍ജ, എയര്‍ക്രാഫ്റ്റ് വാങ്ങലുകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. 29ഓളം യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ പ്രഖ്യാപിച്ചിട്ടുള്ള തീരുവകള്‍ നടപ്പാക്കുന്നത് നിലവില്‍ ഇന്ത്യ നീട്ടിവെച്ചിരിക്കുകയാണ്. വ്യാപാര തര്‍ക്കങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയാണ് ഇതിന് കാരണം.

ഇന്ത്യ- യുഎസ് സിഇഒ ഫോറം ഇതിനോടനുബന്ധിച്ച് നടക്കുന്നുണ്ട്. ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്ര ശേഖരനും അമേരിക്കന്‍ ടവര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജെയിംസ് ടാക്‌ലെറ്റുമാണ് ഫോറത്തിന് അധ്യക്ഷത വഹിക്കുന്നത്. സഹകരണത്തിന് സാധ്യതയുള്ള മേഖലകളെ കുറിച്ചുള്ള വീക്ഷണങ്ങളും മറ്റ് നിര്‍ദേശങ്ങളും ഫോറം ഇരു രാഷ്ട്രങ്ങളിലെയും അധികൃതര്‍ക്കു മുന്‍പാകെ വെക്കും.

ഐടി, ചെറുകിട- ഇടത്തരം സംരംഭങ്ങള്‍, അടിസ്ഥാന സൗകര്യനും ലോജിസ്റ്റിക്‌സും, ഊര്‍ജം, പരിസ്ഥിതി, വിനോദം എന്നീ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിന് നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2018ലെ വാണിജ്യ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ പ്രവര്‍ത്തന പദ്ധതിയുടെ അടിസ്ഥാനത്തില്‍ വിവിധ മാനദണ്ഡങ്ങള്‍, ബിസിനസ് അന്തരീക്ഷം, വിനോദ സഞ്ചാരം എന്നിവയില്‍ സംഭവിച്ച മാറ്റങ്ങള്‍ ഇരു രാഷ്ട്രങ്ങളിലെയും ഭരണകൂടങ്ങള്‍ പരസ്പരം പങ്കുവെക്കും.

Comments

comments

Categories: FK News
Tags: India- Us