കൊഗ്നിസെന്റിന്റെ പുതിയ സിഇഒ ബ്രിയാന്‍ ഹംഫ്രീസ്

കൊഗ്നിസെന്റിന്റെ പുതിയ സിഇഒ ബ്രിയാന്‍ ഹംഫ്രീസ്

നിലവില്‍ വോഡഫോണ്‍ ബിസിനസ് വിഭാഗം സിഇഒ ആണ് ബ്രിയാന്‍

ന്യൂഡെല്‍ഹി: കൊഗ്നിസെന്റിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ബ്രിയാന്‍ ഹംഫ്രീസിനെ നിയമിച്ചു. ഇതാദ്യമായാണ് കമ്പനിക്ക് പുറത്തുനിന്നുള്ള ഒരാള്‍ കൊഗ്നിസെന്റിന്റെ നേതൃസ്ഥാനത്തേക്ക് വരുന്നത്. ഫ്രാന്‍സിസ്‌കോ ഡിസൂസയ്ക്ക് പകരക്കാരനായാണ് ഹംഫ്രീസിന്റെ നിയമനം. 2007 മുതല്‍ കൊഗ്നിസെന്റിന്റെ ഭാഗമായിരുന്നു ഡിസൂസ.

നിലവില്‍ വോഡഫോണ്‍ ബിസിനസ് വിഭാഗം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് ബ്രിയാന്‍. ഏപ്രില്‍ ഒന്നിന് അദ്ദേഹം കൊഗ്നിസെന്റില്‍ ചുമതലയേല്‍ക്കും. കമ്പനിക്കകത്ത് നിന്നുള്ള ഒരാള്‍ തന്നെ തലപ്പത്തേക്ക് വരുമെന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്. ബ്രിയാന്‍ ചുമതലയേല്‍ക്കുന്നതിനൊപ്പം കൊഗ്നിസെന്റ് പ്രസിഡന്റ് രാജീവ് ഏപ്രില്‍ ഒന്നിന് സ്ഥാനമൊഴിയുമെന്നു റിപ്പോര്‍ട്ടുണ്ട്.

ഡെല്ലില്‍ നിന്നാണ് ബ്രിയാന്‍ വോഡഫോണിലേക്ക് വരുന്നത്. ഡെല്ലിന്റെ പ്രസിഡന്റായും കമ്പനിയുടെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സൊലൂഷന്‍സ് ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും ബ്രിയാന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നേരത്തെ ഡെല്ലിന്റെ എന്റര്‍പ്രൈസ് സൊലൂഷന്‍സ് പ്രസിഡന്റായിരുന്നു ബ്രിയാന്‍. അതിനുമുന്‍പ് എമിയ എന്റര്‍പ്രൈസ് സൊലൂഷന്‍സ് വൈസ് പ്രസിഡന്റായും ജനറല്‍ മാനേജറായും ബ്രിയാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡെല്ലില്‍ എത്തുന്നതിനുമുന്‍പ് ബ്രിയാന്‍ ഹ്യൂലെറ്റ്-പക്കാര്‍ഡില്‍ ആയിരുന്നു. എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ്, സ്ട്രാറ്റജി ആന്‍ഡ് കോര്‍പ്പറേറ്റ് ഡെവലപ്പ്‌മെന്റ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ്, ചീഫ് ഓഫ് സ്റ്റാഫ്, ചീഫ് എക്‌സിക്യൂട്ടീവ് എന്നീ ചുമതലകളാണ് അദ്ദേഹം ഹ്യൂലെറ്റില്‍ വഹിച്ചത്. എച്ച്പി സര്‍വീസസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായും ബ്രിയാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Comments

comments

Categories: FK News