സിയാസ് 1.5 ലിറ്റര്‍ ഡീസല്‍ ബുക്കിംഗ് ആരംഭിച്ചു

സിയാസ് 1.5 ലിറ്റര്‍ ഡീസല്‍ ബുക്കിംഗ് ആരംഭിച്ചു

5,000 രൂപ ടോക്കണ്‍ തുക നല്‍കി നെക്‌സ ഡീലര്‍ഷിപ്പുകളില്‍ സെഡാന്‍ ബുക്ക് ചെയ്യാം

ന്യൂഡെല്‍ഹി : 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മാരുതി സുസുകി സിയാസിന്റെ ബുക്കിംഗ് ആരംഭിച്ചു. 5,000 രൂപ ടോക്കണ്‍ തുക നല്‍കി നെക്‌സ ഡീലര്‍ഷിപ്പുകളില്‍ സെഡാന്‍ ബുക്ക് ചെയ്യാം. പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ വികസിപ്പിച്ചുവരികയായിരുന്നു മാരുതി സുസുകി. സിയാസ് സെഡാനിലാണ് പുതിയ എന്‍ജിന്‍ ആദ്യമായി നല്‍കുന്നത്. മാരുതി സുസുകി സ്വന്തമായി വികസിപ്പിച്ചതാണ് പുതിയ ഡീസല്‍ എന്‍ജിന്‍.

ഫേസ്‌ലിഫ്റ്റ് ചെയ്ത മാരുതി സുസുകി സിയാസ് കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിച്ചിരുന്നു. പുതിയ 1.5 ലിറ്റര്‍ കെ സീരീസ് പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളാണ് അന്ന് നല്‍കിയത്. 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന് പകരമാണ് ഇപ്പോള്‍ പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ നല്‍കുന്നത്. കൂടുതല്‍ കരുത്തുറ്റതും ഇന്ധനക്ഷമതയേറിയതുമാണ് എന്‍ജിനെന്ന് പ്രതീക്ഷിക്കുന്നു. ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കും.

1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 100 പിഎസ് കരുത്തും 250 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമെന്ന് പറയപ്പെടുന്നു. പുതിയ 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തുവെയ്ക്കും. 25- 27 കിലോമീറ്ററായിരിക്കും ഇന്ധനക്ഷമത. എസ്എച്ച്‌വിഎസ് (സ്മാര്‍ട്ട് ഹൈബ്രിഡ് വെഹിക്കിള്‍ ബൈ സുസുകി) മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉണ്ടായിരിക്കും. പുതിയ എന്‍ജിന്‍ നല്‍കുന്നതോടെ വിലയില്‍ 20,000 രൂപയുടെ വര്‍ധന പ്രതീക്ഷിക്കാം. ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെര്‍ണ, സ്‌കോഡ റാപ്പിഡ്, ഫോക്‌സ്‌വാഗണ്‍ വെന്റോ തുടങ്ങിയവയാണ് എതിരാളികള്‍.

Comments

comments

Categories: Auto
Tags: Ciaz, Ciaz 1.5 lt