ഡോക്ടര്‍മാരുടെ കരിയര്‍ ഹിസ്റ്ററി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് യുഎഇ മന്ത്രി

ഡോക്ടര്‍മാരുടെ കരിയര്‍ ഹിസ്റ്ററി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് യുഎഇ മന്ത്രി

ചികിത്സ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കാന്‍ രോഗികള്‍ക്ക് അവസരങ്ങള്‍ നല്‍കുന്ന തരത്തില്‍ ആരോഗ്യമേഖലയില്‍ കൂടുതല്‍ സുതാര്യത വേണമെന്ന് എഫ്എന്‍സി

അബുദബി ഡോക്ടര്‍മാരുടെ മുന്‍കാല ജോലിവിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന പബ്ലിക് ഡാറ്റാബെയ്‌സ് സംവിധാനത്തിന് രൂപം നല്‍കുമെന്ന് യുഎഇ ആരോഗ്യമന്ത്രി അബ്ദുള്‍ റഹ്മാന്‍ അല്‍ ഒവൈസ്. രാജ്യത്ത് ആരോഗ്യപ്രവര്‍ത്തനം നടത്താന്‍ ലൈസന്‍സ് നേടിയിട്ടുള്ള ഡോക്ടര്‍മാരുടെ മുന്‍കാല ചരിത്രവും പശ്ചാത്തലവിവരങ്ങളും പൊതുജനങ്ങള്‍ക്കും രോഗികള്‍ക്കും ലഭ്യമാക്കുന്ന സംവിധാനത്തിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.

ഇന്നലെ നടന്ന ഫെഡറല്‍ നാഷ്ണല്‍ കൗണ്‍സില്‍ ചര്‍ച്ചയിലാണ് ആരോഗ്യരംഗത്തെ ഈ സുപ്രധാന തീരുമാനം സംബന്ധിച്ച പ്രഖ്യാപനം മന്ത്രി നടത്തിയത്. ചികിത്സ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കാന്‍ രോഗികള്‍ക്ക് അവസരങ്ങള്‍ നല്‍കുന്ന തരത്തില്‍ ആരോഗ്യമേഖലയില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തണമെന്ന് കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു.

എന്തെങ്കിലും പിഴവുകളുടെയോ നിയമലംഘനങ്ങളുടെയോ പേരില്‍ ഡോക്ടര്‍മാര്‍ക്കെതിരെ മുന്‍കാലങ്ങളില്‍ അച്ചടക്ക നടപടി കൈക്കൊണ്ടിട്ടുണ്ടെങ്കില്‍ അക്കാര്യം രോഗികളെ അറിയിച്ചിരിക്കണമെന്ന് കൗണ്‍സില്‍ അംഗമായ ഹമദ് അല്‍ റഹൂമി ആവശ്യപ്പെട്ടു. സമാനമായി ഡോക്ടര്‍മാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അവാര്‍ഡുകളോ അംഗീകാരങ്ങളോ ലഭിച്ചിട്ടുണ്ടെങ്കിലും അക്കാര്യത്തെ കുറിച്ചും രോഗികള്‍ ബോധവാന്മാരായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രോഗികള്‍ക്ക് ഡോക്ടര്‍മാരെ തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സുതാര്യത ആരോഗ്യരംഗത്ത് ഉറപ്പുവരുത്തണമെന്ന് അല്‍ റഹൂമി മന്ത്രിയോട് ആവശ്യപ്പെട്ടു.

വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നതിനായി ആരോഗ്യമന്ത്രാലയം തന്നെ ഡാറ്റാബെയ്‌സിലെ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും ഏവര്‍ക്കും ലഭ്യമാകുന്ന തരത്തില്‍ വെബ്‌സൈറ്റില്‍ ഈ ഡാറ്റാബേസ് പ്രസിദ്ധീകരിക്കണമെന്നും അല്‍ റഹൂമി ആവശ്യപ്പെട്ടു.

Comments

comments

Categories: Arabia
Tags: doctors