ബാങ്കുകള്‍ 20 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കണം: ക്രിസില്‍

ബാങ്കുകള്‍ 20 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കണം: ക്രിസില്‍
  • വര്‍ധിച്ച നിക്ഷേപ ആവശ്യകത പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ ബാങ്കുകള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തും
  • സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള കുറഞ്ഞ പലിശയാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിക്ഷേപ വളര്‍ച്ച കുറയാനുള്ള കാരണം

ന്യൂഡെല്‍ഹി: ഉയര്‍ന്ന വായ്പാ വളര്‍ച്ചരേഖപ്പെടുത്തുന്നതിന് 2020 മാര്‍ച്ച് മാസത്തോടെ ബാങ്കുകള്‍ 20 ലക്ഷം കോടി രൂപയിലധികം നിക്ഷേപം സമാഹരിക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട്. ഈ നിക്ഷേപ സമാഹരണത്തില്‍ സാമ്പത്തികാരോഗ്യമുള്ള സ്വകാര്യമേഖലാ ബാങ്കുകള്‍ 60 ശതമാനം വരെ പങ്കുവഹിക്കുമെന്നും റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൊത്തം ബാങ്ക് നിക്ഷേപത്തില്‍ സ്വകാര്യ ബാങ്കുകളുടെ വിഹിതം 30 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്.

നിക്ഷേപത്തിന്റെ ഒഴുക്ക് പ്രോത്സാഹിപ്പിക്കുന്നതിന് ബാങ്കുകള്‍ പലിശ നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്നും ക്രിസില്‍ പറയുന്നുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ബാങ്കുകളുടെ നിക്ഷേപ വളര്‍ച്ചയില്‍ കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തിയിരുന്നു. മറ്റ് സാമ്പത്തിക മാര്‍ഗങ്ങളെ അപേക്ഷിച്ച് സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള കുറഞ്ഞ പലിശയാണ് നിക്ഷേപ വളര്‍ച്ച കുറയാനുള്ള കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രതിവര്‍ഷം ശരാശരി ഏഴ് ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് രാജ്യത്തെ ബാങ്കുകളിലേക്ക് എത്തിയിട്ടുള്ളത്. നിലവിലുള്ള അധിക നിക്ഷേപ ആവശ്യകത നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ ബാങ്കുകള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുമെന്നാണ് ക്രിസിലിന്റെ നിരീക്ഷണം. ഓഹരി വിപണികളിലെ അസ്ഥിരതയും മറ്റ് നിക്ഷേപ മാര്‍ഗങ്ങളിലേക്കുള്ള ഒഴുക്ക് മിതമായതും അടുത്തിടെ ബാങ്ക് നിക്ഷേപങ്ങളുടെ പലിശയിലുണ്ടായ വര്‍ധനയും ജനങ്ങളുടെ കരുതല്‍ ശേഖരം ബാങ്ക് നിക്ഷേപങ്ങളിലേക്ക് തിരിച്ചെത്തിക്കുമെന്നും ക്രിസില്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി ബാങ്ക് നിക്ഷേപത്തിനുള്ള പലിശകളില്‍ ശരാശരി 0.40-0.60 ശതമാനം വരെ വര്‍ധനയുണ്ടായിട്ടുണ്ട്. ഇത് ബാങ്കുകളുടെ മൂലധന ചെലവ് വര്‍ധിപ്പിക്കുമെന്ന് ക്രിസില്‍ ഡയറക്റ്റര്‍ രാമ പട്ടേല്‍ പറഞ്ഞു. വായ്പാ ആവശ്യകത പ്രോത്സാഹിപ്പിക്കുന്നതിന് പഴയത് പോലെ ബാങ്കുകള്‍ സര്‍ക്കാര്‍ സെക്യൂരിറ്റികളിലുള്ള അധിക നിക്ഷേപങ്ങളെ ആശ്രയിക്കുന്നത് തുടരുമെന്നും പക്ഷെ, നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നടപ്പു സാമ്പത്തിക വര്‍ഷം ബാങ്കിംഗ് മേഖലയിലെ വായ്പാ വളര്‍ച്ച 13-14 ശതമാനമായിരിക്കുമെന്നാണ് ക്രിസില്‍ പറയുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എട്ട് ശതമാനം വായ്പാ വളര്‍ച്ച രേഖപ്പെടുത്തിയ സ്ഥാനത്താണിത്. തത്ഫലമായി നിക്ഷേപ വളര്‍ച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആറ് ശതമാനത്തില്‍ നിന്ന് പത്ത് ശതമാനമായി ഉയരുമെന്നും ക്രിസില്‍ വ്യക്തമാക്കി. നിക്ഷേപ വളര്‍ച്ചാ നിരക്ക് ഉയര്‍ന്ന തലത്തില്‍ തന്നെയാണെങ്കിലും 2006-2007 സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയ 25 ശതമാനം വളര്‍ച്ചയുമായി താരതമ്യം നിക്ഷേപ വളര്‍ച്ച വളരെ കുറവാണെന്നാണ് ക്രിസിലിന്റെ നിരീക്ഷണം.

ബാങ്കുകളുടെ വായ്പാ-നിക്ഷേപ അനുപാതം 2016-2017 സാമ്പത്തിക വര്‍ഷത്തിലെ 73 ശതമാനത്തില്‍ നിന്നും നടപ്പു സാമ്പത്തിക വര്‍ഷം 78 ശതമാനമായി ഉയരും. 2022 മാര്‍ച്ച് മാസത്തോടെ വായ്പാ-നിക്ഷേപ അനുപാതം 80 ശതമാനത്തിലേക്ക് ഉയര്‍ത്തണമെന്ന് ക്രിസില്‍ സീനിയര്‍ ഡയറക്റ്റര്‍ കൃഷ്ണന്‍ സീതാരാമന്‍ പറഞ്ഞു. ശക്തമായ സാമ്പത്തികാരോഗ്യമുള്ള സ്വകാര്യ മേഖലാ ബാങ്കുകളായിരിക്കും നിക്ഷേപ വളര്‍ച്ചയെ നയിക്കുന്നത്. തിരുത്തല്‍ നടപടികള്‍ക്ക് പുറത്തുള്ള പൊതുമേഖലാ ബാങ്കുകള്‍ നിക്ഷേപ വളര്‍ച്ചയില്‍ 30-35 ശതമാനം പങ്കുവഹിക്കുമെന്നും ക്രിസില്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

Comments

comments

Categories: Banking
Tags: Crisil