ആമസോണിന് ക്ലൗഡ്‌ടെയിലിലുള്ള ഓഹരി നിയന്ത്രണം 24 ശതമാനമായി കുറഞ്ഞു

ആമസോണിന് ക്ലൗഡ്‌ടെയിലിലുള്ള ഓഹരി നിയന്ത്രണം 24 ശതമാനമായി കുറഞ്ഞു

എന്‍ആര്‍ നാരായണമൂര്‍ത്തിയുടെ കട്ടമരന്‍ വെഞ്ച്വേഴ്‌സ് കമ്പനിയിലുള്ള ഓഹരി നിയന്ത്രണം 76 ശതമാനമായി ഉയര്‍ത്തി

ന്യൂഡെല്‍ഹി: ആമസോണ്‍ ഇന്ത്യയുടെ ഏറ്റവും വലിയ വില്‍പ്പനക്കാരായ ക്ലൗഡ്‌ടെയില്‍ പുതിയ രൂപത്തില്‍ പ്ലാറ്റ്‌ഫോമിലേക്ക് തിരിച്ചെത്തി. പുതിയ ഇ-ടെയ്ല്‍ നയം പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്ന് ഒരാഴ്ച മുന്‍പ് ക്ലൗഡ്‌ടെയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ഗ്രൂപ്പ് കമ്പനികള്‍ പ്ലാറ്റ്‌ഫോം വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തികൊണ്ടുള്ള നയത്തിലെ വ്യവസ്ഥയാണ് ക്ലൗഡ്‌ടെയില്‍ പ്രവര്‍ത്തനം നിര്‍ത്താന്‍ ഇടയാക്കിയത്. എന്നാല്‍, ഉടമസ്ഥതയില്‍ മാറ്റം വരുത്തികൊണ്ട് കമ്പനി പ്ലാറ്റ്‌ഫോമിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ്.

പുതിയ സംരംഭകരെ സഹായിക്കുന്നതിനായി എന്‍ആര്‍ നാരായണമൂര്‍ത്തി രൂപീകരിച്ച കട്ടമരന്‍ വെഞ്ച്വേഴ്‌സ് ക്ലൗഡ്‌ടെയിലിന്റെ മാതൃ കമ്പനിയായ പ്രിയോണ്‍ ബിസിനസ് സര്‍വീസസില്‍ തങ്ങള്‍ക്കുള്ള ഓഹരി പങ്കാളിത്തം 76 ശതമാനമായി ഉയര്‍ത്തിട്ടുണ്ട്. നേരത്തെ 51 ശതമാനം ഓഹരി അവകാശമാണ് കട്ടമരന് ക്ലൗഡ്‌ടെയിലില്‍ ഉണ്ടായിരുന്നത്. ഇതോടെ ആമസോണ്‍ ഏഷ്യക്ക് സംയുക്ത സംരംഭത്തിലുള്ള ഓഹരി നിയന്ത്രണം 49 ശതമാനത്തില്‍ നിന്നും 24 ശതമാനമായി ചുരുങ്ങി. ഈ മാറ്റത്തോടെ ക്ലൗഡ്‌ടെയില്‍ ആമസോണിന്റെ ഗ്രൂപ്പ് കമ്പനി അല്ലാതായെന്നും പ്ലാറ്റ്‌ഫോം വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കമ്പനിക്ക് കഴിയുമെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

പ്ലാറ്റ്‌ഫോമിലേക്കുള്ള തിരിച്ചുവരവിനൊപ്പം സ്വതന്ത്ര പദ്ധതികളും ക്ലൗഡ്‌ടെയിലിനുണ്ട്. സ്‌നാപ്ഡീല്‍, ഇന്ത്യാമാര്‍ട്ട് തുടങ്ങിയ മാര്‍ക്കറ്റ്‌പ്ലേസുകളിലും മറ്റ് സൈറ്റുകളിലും ലിസ്റ്റ് ചെയ്യാനാണ് കമ്പനിയുടെ നീക്കം. സ്വന്തമായി വെബ്‌സൈറ്റ് തുടങ്ങാനും കമ്പനിക്ക് പദ്ധതിയുണ്ട്. എന്നാല്‍, ഫഌപ്കാര്‍ട്ടില്‍ എക്കൗണ്ട് തുറക്കേണ്ടെന്നാണ് ക്ലൗഡ്‌ടെയിലിന്റെ തീരുമാനം.

അപ്പാരിയോ പോലുള്ള മറ്റ് വന്‍കിട വില്‍പ്പനക്കാരിലും തങ്ങള്‍ക്കുള്ള ഓഹരി നിയന്ത്രണം ആമസോണ്‍ വെട്ടിചുരുക്കുമെന്നാണ് വിവരം. ഇതോടെ ഈ കമ്പനികള്‍ക്കും പ്ലാറ്റ്‌ഫോം വഴിയുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന പുനരാരംഭിക്കാനാകും. അപ്പാരിയോയും ക്ലൗഡ്‌ടെയിലും പ്രവര്‍ത്തനം നിര്‍ത്തിയതിനെ തുടര്‍ന്ന് നിരവധി ചെറുകിട വില്‍പ്പനക്കാരും ആമസോണില്‍ നിന്ന് പുറത്തുപോയിരുന്നു. ലോജിസ്റ്റിക്‌സും ഓര്‍ഡര്‍ ഡെലിവെറികളും സ്വന്തം നിലയ്ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കാത്തതിനാലാണ് വില്‍പ്പനക്കാര്‍ പ്ലാറ്റ്‌ഫോം വിടുന്നത്.

ക്ലൗഡ്‌ടെയിലിന്റെ അതേ മാര്‍ഗത്തില്‍ തന്നെ അപ്പാരിയോയും പ്ലാറ്റ്‌ഫോമിലേക്ക് മടങ്ങിയെത്തും. പ്ലാറ്റ്‌ഫോമിന്റെ ഭാഗമായിട്ടുള്ള ഒരു സെല്ലര്‍ കമ്പനിയിലും തങ്ങള്‍ക്ക് ഓഹരി പങ്കാളിത്തം ഇല്ലെന്നും തങ്ങളുടെ മൊത്തവില്‍പ്പന ബിസിനസില്‍ നിന്ന് 25 ശതമാനത്തില്‍ കൂടുതല്‍ സാധനങ്ങള്‍ ഒരു സെല്ലര്‍ കമ്പനിയും വാങ്ങുന്നില്ലെന്നും ആമസോണ്‍ വക്താവ് അറിയിച്ചു. ഫ്രോണ്ടിസോയുടെ അനുബന്ധ സ്ഥാപനമായ അപ്പാരിയോയില്‍ ആമസോണ്‍ ഏഷ്യ പസഫിക് ഹോള്‍ഡിംഗ്‌സിന് 48 ശതമാനം ഓഹരി നിയന്ത്രണമാണുള്ളത്. പട്ണി ഗ്രൂപ്പിന് 51 ശതമാനം ഓഹരി അവകാശവും കമ്പനിയിലുണ്ട്.

Comments

comments

Categories: FK News
Tags: Amazon cloud

Related Articles