അന്തരീക്ഷ മലിനീകരണവും രാജ്യത്തിന്റെ ഭാവിയും

അന്തരീക്ഷ മലിനീകരണവും രാജ്യത്തിന്റെ ഭാവിയും

അന്തരീക്ഷവായു മലിനീകരണത്തില്‍ ഡെല്‍ഹിയടക്കം ഇന്ത്യന്‍ നഗരങ്ങള്‍ കുപ്രസിദ്ധിയാര്‍ജിച്ച കാലമാണിത്. ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്തിരിക്കുന്ന മലിനീകരണ തോതിന്റെ 100 ഇരട്ടിയാണ് ചില ഇന്ത്യന്‍ മഹാ നഗരങ്ങളിലെ ദുഷിച്ച വായുവിന്റെ തോത്. ജനംസംഖ്യയുടെ 65 ശതമാനത്തിലേറെ യുവജനങ്ങള്‍ അധിവസിക്കുന്ന, വന്‍ വികസനക്കുതിപ്പ് ആഗ്രഹിക്കുന്ന ഒരു രാജ്യം അതീവ ഗൗരവത്തോടെ ശ്രദ്ധ ചെലുത്തി പരിഹരിക്കേണ്ട വിഷയമാണിത്. ദേശീയ ശുദ്ധ വായു പദ്ധതിയുമായി സ്വയം സഹകരിച്ച് എല്ലാവരും മുന്നേറുകയാണ് വേണ്ടത്.

അടുത്തിടെ രാജ്യത്ത് അവതരിപ്പിച്ച ദേശീയ ശുദ്ധ വായു പദ്ധതിയും (നാഷണല്‍ ക്ലീന്‍ എയര്‍ പ്രോഗ്രാം, എന്‍സിഎപി) പാരീസ് കാലാവസ്ഥാ കരാറും തമ്മില്‍ അസാധാരണമായ സമാനതകളുണ്ട്. ആഗോളതാപന നിരക്ക്, വ്യാവസായിക വിപ്ലവ കാലത്തിന് മുന്‍പ് നിലനിന്നിരുന്നതിനേക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് കുറയ്ക്കുന്നതിന് ആഗോളതലത്തില്‍ പരിപാടികള്‍ നടത്തുന്നതിനായി ലോകരാജ്യങ്ങള്‍ ഒപ്പുവെച്ച ഉടമ്പടിയാണ് പാരീസ് കരാര്‍. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പല്ലും നഖവും കരാറിനില്ലെന്നതാണ് വാസ്തവം. വിവിധ കോണുകളില്‍ നിന്നുള്ള താല്‍പ്പര്യക്കുറവും കരാര്‍ നിബന്ധനകള്‍ പാലിക്കാന്‍ അത്യാവശ്യം വേണ്ട സാമ്പത്തിക സഹായത്തിന്റെയും സാങ്കേതികവിദ്യാ കൈമാറ്റത്തിന്റെയും അഭാവവും തിരിച്ചടിയായിട്ടുണ്ട്. ശുപാര്‍ശകള്‍ നടപ്പാക്കാന്‍ രാജ്യങ്ങള്‍ സ്വയം മുന്നോട്ടു വന്ന് നടപടികള്‍ സ്വീകരിച്ചാലേ കരാര്‍ നിലനില്‍ക്കുകയുള്ളെന്ന് വ്യക്തം.

ഇന്ത്യയിലെ എന്‍സിഎപിയുടെയും കഥ ഏകദേശം ഇതു തന്നെയാണ്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരമുള്ള അന്തരീക്ഷവായു നിലവാരം കാത്തുസൂക്ഷിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കുകയായിരുന്നു എന്‍സിഎപി കൊണ്ട് ഉദ്ദേശിച്ചിരുന്നത്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് ഈ പദ്ധതി ആവിഷ്‌കരിച്ചതിന്റെ എല്ലാ അഭിനന്ദനങ്ങളും അര്‍ഹിക്കുന്നത്. എങ്കിലും സമാനമായ രീതിയിലുള്ള വായു മലിനീകരണ പ്രശ്‌നം നേരിടുന്ന ചൈനയെ അപേക്ഷിച്ച് ഇത്തരം പരിശ്രമങ്ങളില്‍ ഇന്ത്യ അഞ്ച് വര്‍ഷമെങ്കിലും പിന്നിലാണ്. ദേശീയതലത്തില്‍ തന്നെ അഭിമുഖീകരിക്കപ്പെടുന്ന ഭീഷണിയെ കുറിച്ച് വേണ്ടത്ര അവബോധമില്ലാത്തതാണ് ഈ പദ്ധതിയുടെ സമഗ്രമായ നടപ്പാക്കല്‍ നേരിടുന്ന വെല്ലുവിളി.

കൃത്യമായി പറഞ്ഞാല്‍, അന്തരീക്ഷ മലിനീകരണത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ തുടക്കമിട്ടിട്ട് ഏകദേശം ഒരു ദശാബ്ദമായി. വാഹനങ്ങളില്‍ നിന്ന് പുറം തള്ളുന്ന പുകയുടെ അളവിന് പരിധി നിശ്ചയിക്കല്‍, നാഷണല്‍ എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് പ്രോഗ്രാം, ഇന്ധനത്തിന്റെ നിലവാരവുമായി ബന്ധപ്പെട്ട് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത് എന്നിവ ഇതിനുദാഹരണങ്ങളാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് 42 മാനദണ്ഡങ്ങള്‍ പുറത്തിറക്കുകയും തലസ്ഥാന നഗരമായ ന്യൂഡെല്‍ഹിയിലെയും മറ്റ് പ്രധാന നഗരങ്ങളിലെയും കാലാനുസൃതമായ മലിനീകരണത്തെ തരംതിരിച്ച് പ്രതികരണ കര്‍മ പദ്ധതി തയാറാക്കുകയും ചെയ്തിട്ടും മലിനീകരണമെന്നത് രാജ്യത്തിനാകെ ഒരു ഹിമാലയന്‍ വെല്ലുവിളിയായി തുടരുകയാണ്.

വീടുകളിലും ബസ്, ഓട്ടോറിഷ പോലുള്ള പൊതു ഗതാഗത സംവിധാനങ്ങളിലും എല്‍പിജിയുടെ ഉപയോഗം വ്യാപിച്ചതാണ് ഇക്കാര്യത്തില്‍ അനുഗുണമായ ഫലം ഉണ്ടാക്കിയ സുപ്രധാനമായ ഏക നടപടി. എല്‍ഇഡി ബള്‍ബുകള്‍, ഊര്‍ജ കാര്യക്ഷമതയുള്ള ഫാനുകള്‍, റഫ്രിജറേറ്ററുകള്‍, എയര്‍ കണ്ടീഷണറുകള്‍ എന്നിവയിലൂടെ ഊര്‍ജം കാര്യമായി ലാഭിക്കപ്പെട്ടു. അധിക വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനായി ഫോസില്‍ ഇന്ധനങ്ങള്‍ വ്യാപകമായി ഉപയോഗിക്കേണ്ട സാഹചര്യങ്ങള്‍ ഒഴിവാകുകയും വായു മലിനീകരണം കുറയുകയും ചെയ്തു. ഈ നടപടികള്‍ക്കെല്ലാം നന്ദി പറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനും സുപ്രീം കോടതിക്കും ദേശീയ ഹരിത ട്രിബ്യൂണലിനുമാണ്. എങ്കിലും ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളെക്കാള്‍ 100 ഇരട്ടി മോശം അന്തരീക്ഷ വായു പേറുന്നതാണ് ഇപ്പോഴും രാജ്യത്തെ വമ്പന്‍ നഗരങ്ങളെന്നത് ഖേദകരമാണ്.

ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട ആദ്യ 30 നഗരങ്ങളില്‍ ഏകദേശം പാതിയും ഇന്ത്യയിലാണ്. ലോകത്തിനു മുന്നില്‍ ഡെല്‍ഹി ഇന്ന് ഇന്ത്യയുടെ രാഷ്ട്രീയ തലസ്ഥാനം എന്നതിലുപരി വായു മലിനീകരണ തലസ്ഥാനമായിട്ടാണ് അറിയപ്പെടുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2017 ല്‍ ആഗോളതലത്തില്‍ അന്തരീക്ഷ മലിനീകരണ മൂലം സംഭവിച്ച ഏഴു ദശലക്ഷം മരണങ്ങളില്‍ 1.25 ദശലക്ഷം മരണങ്ങളും നടന്നത് ഇന്ത്യയിലാണ്. വീടിനകത്തെയും പുറത്തെയും വായു മലിനീകരണം ഇതിന് ഒരുപോലെ ഉത്തരവാദിയാണ്. മരിച്ചവരില്‍ 51 ശതമാനവും 70 വയസിനു താഴെയുള്ളവരായിരുന്നു. വീടുകളില്‍ പുകയില്ലാത്ത അടുപ്പ് പ്രചരിപ്പിക്കുന്നതിനായി ആദ്യം സര്‍ക്കാരും പിന്നീട് ദേശീയ, അന്താരാഷ്ട്ര തലത്തിലുള്ള എന്‍ജിഒകളും ശ്രമങ്ങളാരംഭിച്ചിട്ട് നാലു ദശാബ്ദത്തിലേറെയായി. 2017 ല്‍ നടന്ന മരണങ്ങളില്‍ അഞ്ച് ലക്ഷവും പാചകത്തിനായി ഖരരൂപത്തിലുള്ള ഇന്ധനങ്ങള്‍ (വിറകോ മറ്റോ) കത്തിക്കുന്നതിലൂടെ രൂപപ്പെട്ട പുകമൂലമുണ്ടായ ഭവനാന്തരീക്ഷ മലിനീകരണം കൊണ്ടാണെന്ന് ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു. ശുചിത്വമുള്ള പരിസ്ഥിതിയും മലിനീകരണ വിമുക്തമായ വായുവും ജലവും ഒരു പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങളായി അംഗീകരിച്ചിട്ടുള്ള ഒരു രാജ്യത്താണ് ഇത് സംഭവിക്കുന്നത്.

നാലു ദശാബ്ദങ്ങള്‍ക്കു മുമ്പ് എല്ലാ പൗരന്‍മാരുടെയും ജീവിത നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിടുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 253 നു കീഴില്‍ എയര്‍(പ്രിവെന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ ഓഫ് പൊലൂഷന്‍) ആക്റ്റ് 1981 അവതരിപ്പിച്ചതു മുതലാണ് അന്തരീക്ഷ വായുവിന്റെ നിലവാരം കാത്തുസൂക്ഷിക്കുന്നതിനുള്ള ഉന്നതതല ശ്രമങ്ങള്‍ ഇന്ത്യ യഥാര്‍ത്ഥത്തില്‍ ആരംഭിക്കുന്നത്. എന്‍സിഎപി ആക്റ്റിന്റെ 106 പേജുകളില്‍ 63 പേജുകളും പ്രസ്തുത ആശയങ്ങളെയാണ് ഉദ്ധരിക്കുന്നത്. ശേഷിക്കുന്ന പേജുകളില്‍ പ്രശ്‌ന പരിഹാരത്തിനായുള്ള വിപുലമായ പദ്ധതികളും അനുബന്ധ അവതരണങ്ങളുമാണുള്ളത്. ഈ രേഖ ഏതായാലും രാജ്യത്തിന്റെ അപകടകരമായ അവസ്ഥയെയും അതിന് പരിഹാരം കാണാനുതങ്ങുന്ന കടുത്ത മാര്‍ഗങ്ങളെയും മൊത്തത്തില്‍ നോക്കികാണുന്നുണ്ട്.

ഇത്തരം അടിയന്തര മാര്‍ഗങ്ങള്‍ അപരിചിതമല്ലാത്ത ഒരു രാജ്യത്ത്, നടപ്പിലാക്കുന്നതിനായി വലിയ വിശദീകരണങ്ങള്‍ ആവശ്യമായ മറ്റ് പദ്ധതികളേപോലെ തന്നെ എന്‍സിഎപിയെയും പരിഗണിക്കുന്നത് അത്ഭുതാവഹമാണ്. രാജ്യത്തെ എല്ലായിടത്തെയും അന്തരീഷ വായുവിന്റെ നിലവാരം സമയബന്ധിതമായി വാര്‍ഷിക ശരാശരി വായു നിലവാര മാനദണ്ഡങ്ങളുടെ ഒപ്പമെത്തിക്കുകയെന്നതാണ് എന്‍സിഎപിയുടെ ലക്ഷ്യം. ബെയ്ജിംഗ്, സോള്‍ പോലെയുള്ള നഗരങ്ങളിലേതിന് സമാനമായി അഞ്ചു വര്‍ഷകാലയളവില്‍ മാലിന്യങ്ങളുടെ അളവ്, പ്രത്യേകിച്ച്് അന്തരീക്ഷത്തിലെ മാലിന്യ കണങ്ങളുടെ അളവ് (പിഎം 2.5, പിഎം 10) 35 മുതല്‍ 40 ശതമാനം വരെ കുറയ്ക്കണമെന്നാണ് നയം ശുപാര്‍ശ ചെയ്യുന്നത്. 2024 ആകുന്നതോടെ ഇത്തരം പൊടിപടലങ്ങളുടെ സാന്നിദ്ധ്യം 20-30 ശതമാനം കുറയ്ക്കാനാണ് എന്‍സിഎപി ലക്ഷ്യമിടുന്നത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെ നൂറ്റാണ്ടായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെടുമ്പോള്‍ എന്തുകൊണ്ടാണ് എന്‍സിഎപി ലക്ഷ്യം വെക്കുന്ന നേട്ടങ്ങള്‍ ബെല്‍ജിയവും സോളും നേടിയതിലും കുറവായതെന്ന കാര്യം വ്യക്തമല്ല. ആഗോളതലത്തിലെ ജിഡിപി വളര്‍ച്ചയില്‍ ഇന്ത്യ മുന്‍നിര സ്ഥാനം കരസ്ഥമാക്കുന്നതിനിടെ, അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ വായുവിന്റെ നിലവാരമുയര്‍ത്താനുള്ള പദ്ധതിക്ക് നാം എന്തിനാണ് ഇത്രയും താഴ്ന്ന ലക്ഷ്യം നിശ്ചയിക്കുന്നത്? രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനം വരുന്ന യുവജനങ്ങളാണ് വായു മലിനീകരണത്തിന്റെ പ്രധാന ഇരകളാകുന്നത്. എതായാലും, വായു മലിനീകരണം ഇന്ന് ദേശീയ സുരക്ഷയുടെ പ്രശ്‌നമായി തന്നെ വിലയിരുത്തപ്പെടുന്നുണ്ട്. പ്രതിരോധത്തിനുള്ള ആയുധങ്ങള്‍ വാങ്ങുന്ന കാര്യത്തിലെന്നപോലെ തന്നെ ബജറ്റില്‍ ഇതിനായി തുക അനുവദിക്കേണ്ടതും ശ്രദ്ധ കൊടുക്കേണ്ടതും അത്യാവശ്യമാണ്.

(ടെറെ പോളിസി സെന്റര്‍ ചെയര്‍മാനും യുഎന്‍ഇപി മുന്‍ ഡയറക്റ്ററുമാണ് ലേഖകന്‍)

കടപ്പാട് ഐഎഎന്‍എസ്

Comments

comments

Categories: FK Special, Slider