യുഎസിലേക്കുള്ള ഒപെക് എണ്ണ കയറ്റുമതി കുറഞ്ഞു

യുഎസിലേക്കുള്ള ഒപെക് എണ്ണ കയറ്റുമതി കുറഞ്ഞു

വെനെസ്വലയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ അവിടെനിന്നുള്ള എണ്ണ കയറ്റുമതിയും നിലച്ചു

വാഷിംഗ്ടണ്‍: അമേരിക്കന്‍ തീരങ്ങളിലെത്തുന്ന വിദേശ എണ്ണയില്‍ വന്‍ കുറവ്. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ചും വെനെസ്വലയ്‌ക്കെതിരെയുള്ള യുഎസ് ഉപരോധം പ്രാവര്‍ത്തികമായതുമാണ് വിദേശ എണ്ണ ഇറക്കുമതിയില്‍ കുറവുണ്ടാക്കിയത്.

ജനുവരിയിലെ കണക്കനുസരിച്ച് ഒപെക് രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്കുള്ള ക്രൂഡ് കയറ്റുമതി പ്രതിദിനം 1.41 ദശലക്ഷം ബാരലെന്ന നിലയില്‍ കുറഞ്ഞിട്ടുണ്ട്.

ഇറാഖില്‍ നിന്നുള്ള ഇറക്കുമതിയില്‍ ഇടിവ് വന്നതും സൗദി അറേബ്യ പ്രതീക്ഷിച്ചതിലുമധികം എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ചതും യുഎസിലേക്കുള്ള കയറ്റുമതിയെ ബാധിച്ചു. 2014ല്‍ തകര്‍ന്നടിഞ്ഞ എണ്ണ വിപണിയെ കരകയറ്റിയത് ഒപെക്കും പ്രധാന ഒപെക് ഇതര എണ്ണ ഉല്‍പ്പാദന രാജ്യമായ റഷ്യയും സഹകരിച്ച് പ്രാവര്‍ത്തികമാക്കിയ എണ്ണ ഉല്‍പ്പാദന നിയന്ത്രണ കരാറായിരുന്നു. റഷ്യയുടെയും സൗദി അറേബ്യയുടെയും തന്ത്രപരമായ ഇടപെടലിന്റെ പശ്ചാത്തലത്തിലായിരുന്നു കരാര്‍ വിജയത്തിലെത്തിയത്. അതിനെ പിന്‍പറ്റി വിപണി തിരിച്ചുകയറിയെങ്കിലും കഴിഞ്ഞ ഒക്‌റ്റോബറില്‍ വീണ്ടും വിലയിടിഞ്ഞു. വിപണിയിലെ ഈ ചാഞ്ചാട്ടത്തെ തുടര്‍ന്നാണ് ഉല്‍പ്പാദന നിയന്ത്രണ കരാര്‍ തിരിച്ചുകൊണ്ടുവരാന്‍ ഒപെക് തീരുമാനമെടുത്തത്. സൗദിയും ഇതിനെ പൂര്‍ണമായും പിന്താങ്ങുകയായിരുന്നു.

ഉല്‍പ്പാദനനിയന്ത്രണ കരാറിന്റെ കൂടി പശ്ചാത്തലത്തിലാണ് യുഎസിന്റെ എണ്ണ ഇറക്കുമതി പുതിയ തലങ്ങളിലേക്ക് ഇടിഞ്ഞിരിക്കുന്നത്. അതേസമയം വെനെസ്വലയുടെ യുഎസിലേക്കുള്ള എണ്ണ കയറ്റുമതിയില്‍ 30 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. യുഎസ് ഉപരോധം പ്രാവര്‍ത്തികമായതോടെ ദക്ഷിണ അമേരിക്കന്‍ രാജ്യത്തിന്റെ നല്ലൊരു ശതമാനം എണ്ണ വെള്ളത്തിലായെന്ന പ്രതീതിയാണുണ്ടായിരിക്കുന്നത്. വന്‍തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുകയാണ് വെനെസ്വലയുടെ എണ്ണ വിപണി. പൊതുവെ അത്ര മികച്ച പ്രകടനം കാഴ്ച്ചവെക്കാതിരുന്ന വിപണിക്ക് രാഷ്ട്രീയ അനിശ്ചിതാവസ്ഥ കൂടിയായപ്പോള്‍ താളം പൂര്‍ണമായും തെറ്റി. നിരവധി വ്യാപാര കമ്പനികള്‍ എണ്ണയ്ക്കുള്ള ഓര്‍ഡര്‍ റദ്ദാക്കിയതായാണ് വിവരം. യുഎസ് ഉപരോധം തങ്ങളെക്കൂടി ബാധിക്കുമോയെന്ന പേടിയിലാണത്.

Comments

comments

Categories: Arabia
Tags: OPEC