യുഎസില്‍ 10 ബില്ല്യണ്‍ ഡോളറിന്റെ പദ്ധതിയുമായി ഖത്തറും എക്‌സോണും

യുഎസില്‍ 10 ബില്ല്യണ്‍ ഡോളറിന്റെ പദ്ധതിയുമായി ഖത്തറും എക്‌സോണും
  • യുഎസിലെ എണ്ണ, വാതക മേഖലകളില്‍ 20 ബില്ല്യണ്‍ നിക്ഷേപിക്കുമെന്ന് ഖത്തര്‍ പ്രഖ്യാപിച്ചിട്ടുണ്ട്
  • ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി ടെര്‍മിനല്‍ പദ്ധതിക്കായാണ് എക്‌സോണും ഖത്തറും സഹകരിക്കുന്നത്
  • യുഎസ് ഊര്‍ജ്ജ സെക്രട്ടറി റിക് പെറിയും ഖത്തറി ഊര്‍ജ്ജ മന്ത്രി സാദ് ഷെരിദ അല്‍ കാബിയും ചേര്‍ന്നാണ് പുതിയ പദ്ധതി വാഷിംഗ്ടണില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്

ന്യൂയോര്‍ക്ക്: അമേരിക്ക കേന്ദ്രമാക്കിയ ബഹുരാഷ്ട്ര എണ്ണ ഭീമനായ എക്‌സോണ്‍ മൊബിലുമായി കൈകോര്‍ത്ത് ഖത്തര്‍ പെട്രോളിയം. ഇരുസ്ഥാപനങ്ങളും ചേര്‍ന്ന് യുഎസില്‍ 10 ബില്ല്യണ്‍ ഡോളറിന്റെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ടെക്‌സസില്‍ ദ്രവീകൃത പ്രകൃതി വാതക കയറ്റുമതി ടെര്‍മിനല്‍ സ്ഥാപിക്കുന്നതിനായാണ് ഖത്തറിലെ വമ്പന്‍, യുഎസിലെ വന്‍കിട കമ്പനിയുമായി കൂട്ടുകൂടുന്നത്. യുഎസിലെ ഷെയില്‍ എണ്ണ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വളരുന്ന വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയെന്ന ലക്ഷ്യം കൂടി കണ്ടാണ് പുതിയ സഖ്യം.

യുഎസ് ഊര്‍ജ്ജ സെക്രട്ടറി റിക് പെറിയും ഖത്തറി ഊര്‍ജ്ജ മന്ത്രി സാദ് ഷെരിദ അല്‍ കാബിയും ചേര്‍ന്നാണ് പുതിയ പദ്ധതി വാഷിംഗ്ടണില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
യുഎസിനെയും ഖത്തറിനെയും സംബന്ധിച്ച് ഊര്‍ജ്ജ സുരക്ഷയുടെ മേഖലയില്‍ ഏറെ പ്രാധാന്യമുള്ളതാണ് ഈ കരാറെന്ന് റിക് പെറി പറഞ്ഞു.

വരും വര്‍ഷങ്ങളില്‍ ആഗോള ഊര്‍ജ്ജ വിപണിയില്‍ അമേരിക്കന്‍ മേധാവിത്വം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തിന് ആത്മവിശ്വാസം പകരുന്നതാണ് പുതിയ കരാറെന്നാണ് വിലയിരുത്തല്‍. ഷേല്‍ വിപ്ലവത്തിലൂടെ ഊര്‍ജ്ജ മേഖലയില്‍ അപ്രമാദിത്തം സ്ഥാപിക്കാമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍. അടുത്ത വ ര്‍ഷത്തോടെ ദ്രവീകൃത പ്രകൃതി വാതകം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തും യുഎസ് എന്നാണ് കണക്കുകള്‍ പറയുന്നത്.

ഖത്തറിന്റെ നിക്ഷേപം

സൗദി അറേബ്യ നയിക്കുന്ന ജിസിസി ചേരിയുമായി വലിയ ശത്രുതയിലാണ് ഖത്തറെങ്കിലും സൗദിയുടെ മികച്ച കൂട്ടാളി കൂടിയായ യുഎസില്‍ നിക്ഷേപിക്കാന്‍ അവര്‍ക്ക് മടിയൊന്നുമില്ല. ലോകത്തെ ഏറ്റവും വലിയ എല്‍എന്‍ജി(ദ്രവീകൃത പ്രകൃതി വാതകം) ഉല്‍പ്പാദന രാജ്യമാണ് ഖത്തര്‍. അമേരിക്കയിലെ വാതക, എണ്ണ പാടങ്ങളിലായി 20 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് ഖത്തറിന്റെ പദ്ധതി. ഇതിന്റെ ആദ്യപടിയെന്ന നിലയിലാണ് ടെക്‌സസിലെ ഗോള്‍ഡന്‍ പാസ് പദ്ധതി നടപ്പാക്കുന്നത്. ഖത്തര്‍ പെട്രോളിയത്തിന് ഇതിലുണ്ടാകുക 70 ശതമാനം ഓഹരി പങ്കാളിത്തമാണ്. പ്രകൃതി വാതക ബിസിനസില്‍ ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായി എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കില്‍ നിന്ന് അടുത്തിടെയാണ് ഖത്തര്‍ പുറത്തുപോന്നത്.

അമേരിക്കയ്ക്ക് പുതുഊര്‍ജ്ജം

എക്‌സോണിന്റെ ഗോള്‍ഡന്‍പാസ് ടെര്‍മിനലില്‍ നിന്ന് എല്‍എന്‍ജി കയറ്റി അയക്കാനുള്ള പദ്ധതി യുഎസിന്റെ ഊര്‍ജ്ജോല്‍പ്പാദനത്തിലെ നവോത്ഥാനമായി മാറുമെന്നാണ് വിലയിരുത്തല്‍. എല്‍എന്‍ജി ഇറക്കുമതി ചെയ്യാനായിരുന്നു യഥാര്‍ത്ഥത്തില്‍ ഈ ടെര്‍മിനല്‍ വികസിപ്പിച്ചത്. എന്നാല്‍ പ്രകൃതി വാതക ഉല്‍പ്പാദനത്തില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്താന്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ യുഎസിന് സാധിച്ചു. ഇതോടു കൂടിയാണ് എല്‍എന്‍ജിക്കായി പുതിയ വിദേശ ബയര്‍മാരെ കൂടി കണ്ടെത്താന്‍ യുഎസ് ശ്രമമാരംഭിച്ചത്. സബൈന്‍ നദിക്കും ആര്‍തര്‍ തുറമുഖത്തിനും സമീപമാണ് ഗോള്‍ഡന്‍ പാസ് ടെര്‍മിനല്‍ സ്ഥിതി ചെയ്യുന്നത്. മൂന്ന് ഉല്‍പ്പാദന യൂണിറ്റുകളുള്ള ടെര്‍മിനലില്‍ പ്രതിവര്‍ഷം 16 ദശലക്ഷം മെട്രിക് ടണ്‍ എല്‍എന്‍ജി ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും. കയറ്റുമതി ടെര്‍മിനലിന്റെ നിര്‍മാണം 2024ല്‍ പൂര്‍ണമാകും. ഏകദേശം 9,000ത്തോളം തൊഴിലവസരങ്ങള്‍ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ മാത്രം പദ്ധതിയോട് അനുബന്ധിച്ച് സൃഷ്ടിക്കപ്പെടും.

2017ലെ കണക്കനുസരിച്ച് യുഎസിന്റെ എല്‍എന്‍ജി കയറ്റുമതി 14.3 മില്ല്യണ്‍ ടണ്‍ ആയിരുന്നു. എന്നാല്‍ 2018ലെ ആദ്യ മൂന്ന് പാദങ്ങളില്‍ ഇത് 15 ദശലക്ഷം ടണ്‍ ആയി ഉയര്‍ന്നു. എല്‍എന്‍ജി വ്യാപാരത്തില്‍ പുതിയ നാഴികക്കല്ലുകള്‍ പിന്നിടാന്‍ പുതിയ കരാറിലൂടെ സാധിക്കുമെന്നാണ് യുഎസിന്റെ പ്രതീക്ഷ.

Comments

comments

Categories: Arabia