റെനോ-നിസാന്‍-മിറ്റ്‌സുബിഷി സഖ്യവും വേമോയും സഹകരിക്കും

റെനോ-നിസാന്‍-മിറ്റ്‌സുബിഷി സഖ്യവും വേമോയും സഹകരിക്കും

നിസാന്‍ വാഹനങ്ങള്‍ ഉപയോഗിച്ച് ഡ്രൈവര്‍ ആവശ്യമില്ലാത്ത ടാക്‌സികള്‍ വികസിപ്പിക്കും

ടോക്കിയോ : സ്വയമോടുന്ന വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന് റെനോ-നിസാന്‍-മിറ്റ്‌സുബിഷി സഖ്യവും വേമോയും ഒരുമിച്ച് പ്രവര്‍ത്തിക്കും. സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങള്‍ ഉപയോഗിച്ച് ഓട്ടോണമസ് ടാക്‌സികളും മറ്റ് സര്‍വീസുകളും ആരംഭിക്കാനാണ് പദ്ധതി. ഗൂഗിളിന്റെ സഹോദര സ്ഥാപനവും ആല്‍ഫബെറ്റിന് കീഴിലെ സെല്‍ഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ വികസന കമ്പനിയുമാണ് വേമോ.

നിസാന്‍ വാഹനങ്ങള്‍ ഉപയോഗിച്ച് ഡ്രൈവര്‍ ആവശ്യമില്ലാത്ത ടാക്‌സികള്‍ വികസിപ്പിക്കുന്നതിനെക്കുറിച്ചാണ് റെനോ-നിസാന്‍-മിറ്റ്‌സുബിഷി സഖ്യവും വേമോയും ആലോചിക്കുന്നത്. റിസര്‍വേഷന്‍, പേയ്‌മെന്റ് എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനവും വികസിപ്പിക്കും. കാര്‍ നിര്‍മ്മാതാക്കളുടെ സഖ്യവും വേമോയും തമ്മിലുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അധികം വൈകാതെ കരാര്‍ ഒപ്പിടും.

ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സ് (എഫ്‌സിഎ), ടാറ്റ മോട്ടോഴ്‌സിന് കീഴിലെ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) എന്നീ വാഹന നിര്‍മ്മാതാക്കളുമായി കരാര്‍ ഒപ്പിടുകയാണെന്ന് വേമോ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഫ്രഞ്ച്-ജാപ്പനീസ് സഖ്യവുമായുള്ള ബന്ധമായിരിക്കും ഏറ്റവും വലുത്. ലോകത്തെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് സഖ്യമാണ് റെനോ-നിസാന്‍-മിറ്റ്‌സുബിഷി.

ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് കാറുകളാണ് മൂവര്‍ സഖ്യം വിപണിയിലെത്തിക്കുന്നത്. 2018 ല്‍ റെനോ-നിസാന്‍-മിറ്റ്‌സുബിഷി സഖ്യം 10.8 മില്യണ്‍ വാഹനങ്ങള്‍ ആഗോളതലത്തില്‍ വിറ്റു. കഴിഞ്ഞ ഒക്‌റ്റോബര്‍ വരെയുള്ള കണക്കനുസരിച്ച് വേമോയുടെ സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങള്‍ യുഎസ്സിലെ പൊതു നിരത്തുകളില്‍ പത്ത് മില്യണ്‍ മൈലുകളാണ് സഞ്ചരിച്ചത്.

Comments

comments

Categories: Auto