രാഷ്ട്രീയ തന്ത്രവും സാമ്പത്തിക ശാസ്ത്രവും സമന്വയിച്ച ബജറ്റ്

രാഷ്ട്രീയ തന്ത്രവും സാമ്പത്തിക ശാസ്ത്രവും സമന്വയിച്ച ബജറ്റ്

പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാന്‍ അവതരിപ്പിച്ച പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയും അഞ്ചു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നല്‍കിയ ആദായ നികുതിയിളവുമാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിലെ പ്രധാനപ്പെട്ട രണ്ട് പ്രഖ്യാപനങ്ങള്‍. കാര്‍ഷികമേഖലയിലെ വരുമാനനഷ്ടവും വിലയിടിവും മൂലം കഷ്ടപ്പെടുന്ന രാജ്യത്തെ കര്‍ഷകര്‍ക്ക് ആശ്വാസമേകുന്നതാണ് ആദ്യത്തെ പദ്ധതിയെന്നതില്‍ സംശയമില്ല. ഇടത്തരം വരുമാനക്കാരും ആദായ നികുതി ഇളവില്‍ അതീവ സന്തുഷ്ടരാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാഷ്ട്രീയവും സാമ്പത്തിക ശാസ്ത്രവും ഇതിലും നന്നായി ഒരു ബജറ്റില്‍ സമഞ്ജസിപ്പിക്കാനാവുമോ എന്ന് സംശയമാണ്. അതേസമയം ദീര്‍ഘകാല വളര്‍ച്ചയെ സഹായിക്കാന്‍ ചില ശക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതുണ്ട്.

പ്രതീക്ഷിച്ചതുപോലെ തന്നെ പിയുഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് ഒരു അര്‍ത്ഥതലത്തിലും ഒരു വോട്ട് ഓണ്‍ എക്കൗണ്ടിന്റെ പരിധിയില്‍ ഒതുങ്ങുന്നതായിരുന്നില്ല. പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വര്‍ഷം പിന്തുടരുന്ന പാരമ്പര്യ ആചാരത്തിന് വിരുദ്ധമായി സമതിദായകരെ അനുനയിപ്പിക്കുന്നത് ലാക്കാക്കിയുള്ള ഒരു സമ്പൂര്‍ണ ബജറ്റാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഈ പരിശ്രമം വിജയം കണ്ടെന്ന് സംശയമെന്യേ പറയാം. ബജറ്റവതരിപ്പിക്കുന്നതിന് തൊട്ട് മുന്‍പ് വരെ ബിജെപിയും പ്രതിപക്ഷവും ഇരിപ്പുറപ്പിച്ച ത്രാസിന്റെ തട്ടുകള്‍ സമാസമമായിരുന്നെങ്കില്‍ പിയുഷ് ഗോയല്‍ ബജറ്റ് പ്രസംഗം അവസനിപ്പിച്ചപ്പോഴേക്കും അത് സര്‍ക്കാരിനനുകൂലമായി താഴ്ന്നു. ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെ രാജ്യത്തെ ഭൂരിഭാഗം വരുന്ന പൗരന്‍മാരെ തൃപ്തിപ്പെടുത്താന്‍ ബജറ്റിനായിട്ടുണ്ട്.

പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാന്‍ അവതരിപ്പിച്ച വരുമാനം ഉറപ്പാക്കല്‍ പദ്ധതിയും അഞ്ചു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നല്‍കിയ ആദായ നികുതിയിളവുമാണ് ഇടക്കാല ബജറ്റിലെ പ്രധാനപ്പെട്ട രണ്ട് പ്രഖ്യാപനങ്ങള്‍. കാര്‍ഷികമേഖലയിലെ വരുമാനനഷ്ടവും വിലയിടിവും മൂലം കഷ്ടപ്പെടുന്ന രാജ്യത്തെ കര്‍ഷകര്‍ക്ക് ആശ്വാസമേകുന്നതാണ് ആദ്യത്തെ പദ്ധതിയെന്നതില്‍ സംശയമില്ല. അടുത്തിടെ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഗ്രാമീണ മേഖലയിലെ ബിജെപിയുടെ നിരാശാജനകമായ പ്രകടനം, കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതായിരുന്നു. പണപ്പെരുപ്പം കുറഞ്ഞ നിരക്കില്‍ തുടരുമ്പോളും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഗ്രാമീണ മേഖലയിലെ വേതന നിരക്കില്‍ വര്‍ധന വന്നിട്ടില്ലെന്ന് കാണാം. 2022 ഓടെ കാര്‍ഷിക വരുമാനം ഇരട്ടിയാക്കുമെന്ന മോദി സര്‍ക്കാരിന്റെ ഉറപ്പിന് വിപരീതമായ സാഹചര്യമാണിത്.

ചെറുകിട കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച കിസാന്‍ സമ്മാന്‍ നിധിയിലൂടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ ഇടക്കാല ബജറ്റ് പരിശ്രമിച്ചിട്ടുണ്ട്. രണ്ട് ഹെക്റ്ററില്‍ കുറവ് കൃഷിഭൂമിയുള്ള ഇടത്തരം, ചെറുകിട കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ ധനസഹായം എക്കൗണ്ടിലേക്ക് നല്‍കാനുദ്ദേശിച്ചുള്ളതാണ് പ്രസ്തുത പദ്ധതി. ഇന്ത്യയിലെ കര്‍ഷക കുടുംബങ്ങളില്‍ 70 ശതമാനവും ഒരേക്കറില്‍ കുറവ് ഭൂമി സ്വന്തമായുള്ള ചെറുകിടക്കാരാണ്. 12 കോടിയിലധികം ചെറുകിട കര്‍ഷകര്‍ക്ക് പദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭിക്കുമെന്ന് സാരം. പദ്ധതി നടത്തിപ്പിനായി വര്‍ഷം തോറും 750 ബില്യണ്‍ ഡോളറാണ് പൊതുഖജനാവില്‍ നിന്ന് ചെലവഴിക്കേണ്ടി വരിക.

ബജറ്റ് അവതരണത്തിന് മുന്നോടിയായി ഇത്തരത്തിലുള്ള പല ആശയങ്ങളും മാധ്യമങ്ങളിലൂടെ വലിയ പ്രചാരം നേടിയിരുന്നെങ്കിലും സര്‍ക്കാര്‍ സ്വീകരിച്ചത് അല്‍പ്പം യാഥാസ്ഥിതിക നിലപാടാണെന്ന് കാണാനാവും. അധികാരത്തിലെത്തിയാല്‍ ഓരോ കര്‍ഷക കുടുംബത്തിനും പ്രതിമാസം 1,500 രൂപ നല്‍കുമെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തത്. സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രമണ്യം, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതും കൂടുതല്‍ പേരിലേക്ക് എത്തുന്നതുമായ സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതിയാണ് (യുബിഐ) നിര്‍ദേശിച്ചിരുന്നത്്.

ഏറ്റവും കുറവ് കൃഷിഭൂമി സ്വന്തമായുള്ള കര്‍ഷകര്‍ക്ക് പോലും പ്രതിമാസം ശരാശരി 6,000 രൂപ അതിജീവനത്തിനായി ചെലവഴിക്കേണ്ടി വരുന്നുണ്ടെന്നാണ് നാഷണല്‍ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ (എന്‍എസ്എസ്ഒ) കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രസ്തുത പദ്ധതി പൂര്‍ണമായും പ്രശ്‌ന പരിഹാരത്തിന് ഉതകുന്നതല്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുക്കുമ്പോള്‍ കാര്‍ഷിക ചെലവുകള്‍ ഭാഗികമായെങ്കിലും നിവൃത്തിക്കാനുതകുന്ന പദ്ധതി മേഖലയിലെ പ്രതിസന്ധി മറികടക്കാനുള്ള പരിശ്രമങ്ങളുടെ മികച്ച തുടക്കമാണെന്ന് പറയാനാവും. തെലങ്കാന, ഒഡീഷ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ സമാനമായ പദ്ധതികള്‍ വിജയകരമായിരുന്നെന്നതാണ് അനുഭവം.

എന്തൊക്കെയായാലും ചില വെല്ലുവിളികളെക്കുറിച്ച് ഇവിടെ പ്രതിപാദിക്കേണ്ടതുണ്ട്. രാജ്യത്തെ 850 ദശലക്ഷം ഗ്രാമീണ ജനതയില്‍ 250 ദശലക്ഷത്തോളം ജനങ്ങളും കൃഷിഭൂമി സ്വന്തമായില്ലാത്ത കര്‍ഷക തൊഴിലാളികളാണെന്നതാണ് ആദ്യത്തെ കാര്യം. ഗ്രാമീണ സമൂഹത്തിലെ ഏറ്റവും ദുര്‍ബല വിഭാഗങ്ങളിലൊന്നായ അവര്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെടുമോൗയെന്ന ആശങ്ക നിലവിലുണ്ട്. അര്‍ഹരായവരെ കണ്ടെത്തുകയും അവര്‍ക്ക് സഹായമെത്തിക്കുകയുമാണ് രണ്ടാമത്തെ വലിയ വെല്ലുവിളി. രാജ്യത്തെ രണ്ട് ഹെക്റ്ററില്‍ കുറവ് സ്ഥലമുള്ള കര്‍ഷകരെ കണ്ടെത്തുകയെന്നതും അവര്‍ നേരിട്ട് എക്കൗണ്ടിലേക്ക് സബ്‌സിഡികള്‍ ലഭിക്കാനുതകുന്ന ഡയറക്റ്റ് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പു വരുത്തുകയെന്നതും ഏറെ ദുഷ്‌കരമായ ജോലിയാണ്. അന്തിമമായി, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള പരിശ്രമത്തിലെ മികച്ച ചുവടുവെപ്പാണെങ്കിലും ഈ പദ്ധതി ഒരു ദീര്‍ഘകാല പരിഹാര മാര്‍ഗമല്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉപജീവനത്തിന് ക്ഷേമ പദ്ധതികളെ ആശ്രയിക്കേണ്ടി വരില്ലെന്നത് ഉറപ്പാക്കാന്‍ മേഖലയില്‍ ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതാണ് മുഖ്യം. ഇന്ത്യയിലെ ഭക്ഷ്യസംസ്‌കരണ വ്യവസായത്തെ ശക്തിപ്പെടുത്തികൊണ്ട് കര്‍ഷകരുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണ്. രാജ്യത്തെ കര്‍ഷകര്‍ ആഗോള നിലവാരത്തിലുള്ള മത്സരക്ഷമത കൈവരിച്ചാല്‍ മാത്രമേ കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ശ്വാശ്വതമായ പരിഹാരം കാണാനാവൂ.

വാര്‍ഷിക വരുമാനം അഞ്ചു ലക്ഷം രൂപ വരെയുള്ള നികുതിദായകര്‍ക്ക് സമ്പൂര്‍ണ റിബേറ്റ് ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനമാണ് ഇടക്കാല ബജറ്റിലെ തരംഗം സൃഷ്ടിച്ച രണ്ടാമത്തെ പ്രഖ്യാപനം. നികുതി സ്ലാബിനെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശിച്ചിട്ടില്ല. എന്നിരുന്നാലും 30 ദശലക്ഷത്തിലധികം വ്യക്തികള്‍ക്ക് ഈ നടപടിയുടെ ഗുണഫലങ്ങള്‍ ലഭിക്കുന്നതാണ്. തല്‍ഫലമായി വ്യക്തികളുടെ വാങ്ങല്‍ ശേഷിയില്‍ കാര്യമായ കുതിച്ചുചാട്ടമുണ്ടാകും. കര്‍ഷകര്‍ക്ക് നിശ്ചിത വരുമാനം കൈമാറുന്നതിനൊപ്പം തന്നെ രാജ്യത്തെ ഉപഭോക്തൃ ആവശ്യകതയും വര്‍ധിപ്പിച്ചാലേ കാര്‍ഷികമേഖലയിലെ ഉണര്‍വിനെയും മികച്ച ഉല്‍പ്പാദനത്തെയും പിന്തുണക്കാനും മത്സരക്ഷമതയെ മുന്നോട്ട് നയിക്കാനും സാധിക്കൂ.

ഇന്ത്യയിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥയിലും മധ്യവര്‍ഗത്തിലും ശ്രദ്ധയൂന്നികൊണ്ട് അവതരിപ്പിച്ച ബജറ്റ് തെരഞ്ഞെടുപ്പ് വര്‍ഷത്തിന് തികച്ചും അനുയോജ്യമായ ബജറ്റായി തീരുന്നതില്‍ വിജയിച്ചു. രാജ്യത്തെ ഉപഭോഗം വര്‍ധിപ്പിക്കുന്നതിനും ഉതകുന്ന ബജറ്റ് തന്നെയാണിത്. എന്നിരുന്നാലും രണ്ട് വെല്ലുവിൡകള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. സര്‍ക്കാരിന്റെ മൂലധന ചെലവിടല്‍ ചുരുങ്ങുന്നെന്നതാണ് ആദ്യത്തേത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളര്‍ച്ച ഉറപ്പാക്കുന്നതിനായി മൂലധന ചെലവിടല്‍ തുടര്‍ച്ചയായി ഉയര്‍ത്തുകയും സുസ്ഥിരമായി നിലനിര്‍ത്തുകയും ചെയ്യേണ്ടതുണ്ട്. സമ്പദ് വ്യവസ്ഥയുടെ ആരോഗ്യം നിലനിര്‍ത്തുകയെന്നതാണ് രണ്ടാമത്തെ കാര്യം.

ഈ വര്‍ഷവും സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പുനര്‍നിര്‍ണയിച്ച കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ധനകമ്മി 3.4 ശതമാനമാണ്. 11 വര്‍ഷങ്ങളായി ധനകമ്മി മൂന്നു ശതമാനത്തിലെത്തിക്കാന്‍ ശ്രമിക്കുകയാണെങ്കിലും ഇതുവരെ ലക്ഷ്യം കൈവരിക്കാനായിട്ടില്ല. എങ്കിലും 2011-12 ലെ 5.9 ശതമാനത്തില്‍ നിന്ന് ഇത് പാതിയോളം കുറഞ്ഞത് ആശ്വാസകരമാണ്. ഇന്ത്യ സാമ്പത്തികതലത്തില്‍ പ്രതിബദ്ധതയുള്ള രാജ്യമായി തീരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നതില്‍ അമാന്തം പാടില്ല.

എല്ലാവരിലേക്കും സന്തോഷം പടര്‍ത്താന്‍ ഇടക്കാല കേന്ദ്ര ബജറ്റിനായിട്ടുണ്ട്, അതില്‍ അപാകതയുമില്ല. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തിലേക്കുള്ള ഒരു പദ്ധതിയാണ് രാജ്യത്തിനാവശ്യം. എന്തായാലും ഇപ്പോഴത്തെ പ്രത്യേക സമയം കണക്കിലെടുക്കുമ്പോള്‍ മികച്ച രാഷ്ട്രീയ തന്ത്രവും സാമ്പത്തിക ശാസ്ത്രവും ഒരു ചരടില്‍ കോര്‍ത്തിണക്കിയ ബജറ്റാണിതെന്ന് നിലംശയം പറയാന്‍ കഴിയും.

(ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോംപറ്റീറ്റീവ്‌നസ് അധ്യക്ഷനാണ് ലേഖകന്‍, അഭിപ്രായങ്ങള്‍ വ്യക്തിപരം)

Comments

comments

Categories: FK Special, Slider
Tags: Budget, economy