ആദ്യവോട്ടര്‍മാരെ ലക്ഷ്യമിട്ട് മുന്നണികള്‍

ആദ്യവോട്ടര്‍മാരെ ലക്ഷ്യമിട്ട് മുന്നണികള്‍

എഴുപതുശതമാനത്തോളം പേര്‍ ആഗ്രഹിക്കുന്നത് തൊഴില്‍ നല്‍കുന്ന സര്‍ക്കാര്‍

പൊതുതെരഞ്ഞെടുപ്പിന് ഇനി നൂറില്‍ താഴെ ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇനി പ്രചാരണങ്ങളും വാഗ്ദാനങ്ങളുമെല്ലാം അതിന്റെ ഉച്ചസ്ഥായിയിലെത്തും. ഈ അവസരത്തില്‍ വിവിധ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കായി പദ്ധതികള്‍ പ്രത്യേകമായി പ്രഖ്യാപിക്കും. ഇക്കാര്യത്തില്‍ എല്ലാമുന്നണികളും ചെറു പാര്‍ട്ടികളുമെല്ലാം ഒറ്റക്കെട്ടാണ്. ജനങ്ങളെ കൈയ്യിലെടുക്കാന്‍ കഴിയുന്ന പ്രഖ്യാപനങ്ങള്‍ക്ക് വിലയേറുമെന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. ആദ്യവോട്ടര്‍മാര്‍ മുതല്‍ പ്രായമായവര്‍ വരെ എല്ലാവരും ഇതില്‍ ഉള്‍പ്പെടും. ഓരോവിഭാഗത്തിന്റെയും താല്‍പ്പര്യമറിയാന്‍ സര്‍വേകളും സംഘടിപ്പിക്കാറുണ്ട്. ഇതിന്റെയടിസ്ഥാനത്തിലാകും പ്രകടനപത്രികപോലും തയ്യാറാക്കുക.

എല്ലാ മുന്നണികളും പ്രത്യേകം കണ്ണുവെയ്ക്കുന്ന വിഭാഗമാണ് ആദ്യ വോട്ടര്‍മാര്‍. ഇവരുടെ വോട്ടുകള്‍ പാഴാകാറില്ല. ആദ്യമായി സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിന്റെ ആവേശത്തിലാകും അവര്‍. ഇത് പരമാവധി പ്രയോജനപ്പെടുത്താന്‍ എല്ലാ മുന്നണികളും മുന്നിട്ടിറങ്ങും. 130 ദശലക്ഷം ആദ്യ വോട്ടര്‍മാരാണ് ഇക്കുറി രാജ്യത്ത് തങ്ങളുടെ കന്നിവോട്ട് രേഖപ്പെടുത്താനൊരുങ്ങുന്നത്. ഇവരുടെ ഏറ്റവും പ്രധാന ആവശ്യത്തിനെങ്കിലും ചെവികൊടുക്കുന്നവര്‍ ആദ്യ വോട്ടര്‍മാരുടെ പ്രീതിക്ക്പാത്രമായേക്കാം. എന്‍ഡിഎ,യുപിഎ, വിശാലസഖ്യം എന്നിവരെല്ലാം 18-21 വയസിനിടയിലുള്ളവരുടെ ആവശ്യങ്ങളെ കാര്യമായി പരിഗണിക്കുമെന്നാണ് വിലയിരുത്തല്‍. ഇതില്‍ കൂടുതല്‍ മെച്ചം ആരാണോ അവര്‍ക്ക് ഈ വോട്ടുകള്‍ ലഭിച്ചേക്കാം.

യു ഗവ് ഇന്ത്യയും ഫസ്റ്റ് പോസ്റ്റും ആദ്യവോട്ടര്‍മാരുടെ ആഗ്രഹമെന്താണെന്നുള്ളതിനായി ഒരു സര്‍വേ സംഘടിപ്പിച്ചിരുന്നു. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ 67 ശതമാനം ആണ്‍കുട്ടികളും പറയുന്നത് തൊഴില്‍വേണമെന്ന ആവശ്യമാണ്. പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഇത് 72 ശതമാനമാണ്. സ്ത്രീകളുടെ ഇടയില്‍ സുരക്ഷിതത്ത്വവും ഒരു വലിയ പ്രശ്‌നമാണ്. 79 ശതമാനം പേരാണ് ഇതില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുള്ളത്.

തൊഴില്‍ രംഗത്തെ ആശങ്കയെപ്പറ്റി ഭൂരിപക്ഷം ആളുകളും പ്രതികരിച്ചത് സര്‍ക്കാരിന് ഒരു മുന്നറിയിപ്പായി രാഷ്്രടീയ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതനുസരിച്ച് നയം മാറ്റങ്ങള്‍ ഉണ്ടാവുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും വേണമെന്ന ശക്തമായ ചിന്ത രാജ്യവ്യാപകമാണ്. നിലവിലെ തൊഴിലവസരങ്ങള്‍ ഇനിയും വര്‍ധിപ്പിക്കണമെന്നാണ് ഇവ ചൂണ്ടിക്കാട്ടുന്നത്. മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍, അഴിമതി അവസാനിപ്പിക്കല്‍, മതപരമായ അക്രമം, യാഥാര്‍ത്ഥ്യമല്ലാത്ത വാഗ്ദാനങ്ങള്‍ അവസാനിപ്പിക്കുക എന്നിവ യുവ വോട്ടര്‍മാരുടെ മറ്റ് ആവശ്യങ്ങളാണ്. ന്യൂനപക്ഷ അവകാശങ്ങളുടെ സംരക്ഷണവും സെക്ഷ്വല്‍ ഐഡന്റിറ്റിയുടെ സ്വാതന്ത്ര്യവും അവര്‍ ആശ്യപ്പെടുന്നുണ്ട്.

ഇടക്കാല ബജറ്റിനു മുന്നോടിയായി എന്‍എസ്എസ്ഒ റിപ്പോര്‍ട്ട് ചോര്‍ന്നത് സര്‍ക്കാരിന് തലവേദനയായിരുന്നു. അതില്‍ തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്ന് പരാമര്‍ശമുണ്ടായിരുന്നു. 6.1 ശതമാനമാണ് തൊഴിലില്ലായ്മ നിരക്കെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിന് മാസങ്ങള്‍ക്കുമുമ്പാണ് ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടത്. ഇക്കാര്യങ്ങള്‍ എന്‍ഡിഎയെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. എന്നാല്‍ അതിനനുസരിച്ചുള്ള പ്രകടനം നടത്തുന്ന തലത്തിലേക്ക് ഉയരാന്‍ പ്രതിപക്ഷ നിരക്ക് കഴിഞ്ഞിടുമില്ല. മുമ്പിറങ്ങിയ സര്‍വേ പ്രകാരം ഇപ്പോഴും അധികാരത്തിലെത്താന്‍ ശേഷിയുള്ള മുന്നണി എന്‍ഡിഎ തന്നെയാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്ഥിതിഗതികള്‍ മാറാം എന്ന ചിന്തയാണ് പാര്‍ട്ടികള്‍ക്കുള്ളത്.

രാഷ്ടീയത്തിലുള്ള താല്‍പ്പര്യത്തെക്കുറിച്ചും പുതിയ സര്‍വേ ജനങ്ങളില്‍നിന്നും അഭിപ്രായം ആരാഞ്ഞിരുന്നു.57 ശതമാനം പുരുഷന്‍മാരും 44ശതമാനം വനിതകളും ഇക്കാര്യത്തില്‍ തല്‍പ്പരരാണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. 13 ശതമാനം പുരുഷന്മാരും 23 ശതമാനം വനിതകളും അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടില്‍ യാഥാസ്ഥിതികരായിരുന്നുവെന്നും പ്രതികരിച്ചു. വോട്ടുചെയ്യുന്നതിനുള്ള മുന്‍ഗണന അടിസ്ഥാനപരമായി പാര്‍ട്ടി പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് പുരുഷന്മാരും വനിതകളും കൈക്കൊള്ളുന്നതെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇവയുടെ അടിസ്ഥാനത്തില്‍ വരുന്ന പൊതു തെരഞ്ഞെടുപ്പ് ആര്‍ക്ക് ഗുണകരമാകും എന്ന ചര്‍ച്ചയും ദേശീയ തലത്തില്‍ നടക്കുന്നുണ്ട്. പ്രധാനമായും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച വോട്ടര്‍മാരെ സ്വാധീനിക്കുമോ എന്നും സംവാദം മടക്കുന്നു. സിവോട്ടര്‍ സര്‍വേയില്‍ വരുമാനം പഴയതുപോലെ നിലനില്‍ക്കുകയും എന്നാല്‍ ചെലവുകള്‍ വര്‍ധിക്കുകയും ചെയ്യുന്നതായി വളരെയധികം പേര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളി ഉയര്‍ത്തും. കാര്‍ഷിക, നിര്‍മാണ മേഖലകളില്‍ കൂടുതല്‍ വളര്‍ച്ചയും ജനങ്ങളാവശ്യപ്പെടുന്നുണ്ട്.

ഇടക്കാല ബജറ്റിലെ നിര്‍ദേശങ്ങള്‍ക്ക് വോട്ടര്‍മാരെ സ്വാധീനിക്കാനാകുമോ എന്നത് പൊതുവേ വിലയിരുത്തപ്പെടുന്ന കാര്യമാണ്. ആദായനികുതി പരിധി ഉയര്‍ത്തിയതും കര്‍ഷകര്‍ക്ക് സമ്മാനമായി 6000 രൂപ അനുവദിച്ചതും പെന്‍ഷന്‍ പദ്ധതിയുമെല്ലാം ജനങ്ങള്‍ തള്ളിക്കളയുമെന്നാണ് പ്രതിപക്ഷം പറയുന്നത്. എന്നാല്‍ ഇത് ചലനങ്ങളുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതിനാല്‍ ഇതിന് മറികടന്നുള്ള വാഗ്ദാനങ്ങള്‍ യുപിഎക്ക് നടത്തേണ്ടി വരും എന്നതാണ് ഇപ്പോഴുള്ള അവസ്ഥ. തന്നെയുമല്ല ആദായനികുതി പരിധി ഉയര്‍ത്തിയതിനെ എതിര്‍ക്കാനുമാവില്ല. കര്‍ഷകര്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഗ്രാന്റും നിര്‍ത്താനാകില്ല. അതില്‍കൂടുതല്‍ തുക പ്രഖ്യാപിക്കാന്‍ മാത്രമെ കഴിയു. പ്രതിരോധ മേഖലയില്‍ വകയിരുത്തിയതും വണ്‍ റാങ്ക് വണ്‍പെന്‍ഷനായി അനുവദിച്ച തുകയും കുറയ്ക്കാനാവുകയുമില്ല. ഇതെല്ലാം വന്‍ പ്രതിഷേധങ്ങള്‍ക്കാകും വഴിതുറക്കുക. മഹാസഖ്യത്തിന് പ്രത്യേകിച്ച് നിലപാടില്ലാത്തതിനാല്‍ അവര്‍ക്ക് ഇക്കാര്യത്തില്‍ പല അഭിപ്രായമാകും ഉണ്ടാകുക. എന്‍ഡിഎയെ പരാജയപ്പെടുത്തുക എന്നതുമാത്രമാണ് അവരുടെ അജണ്ട. ഈ അവസരത്തില്‍ എന്‍ഡിഎയ്ക്കും യുപിഎയ്ക്കും കൂടുതല്‍ മികവിലേക്കെത്താനുള്ള അവസരങ്ങളുണ്ട്. അതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുമുണ്ട്. ദിവസങ്ങള്‍ കഴിയുന്തോറും സമ്മര്‍ദമേറിവരുന്ന രാഷ്ട്രീയാന്തരീക്ഷമാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. മുന്നണികളുടെ നിലപാടുകള്‍ കൂടുതല്‍ വ്യക്തമാകാനിരിക്കെ ജനമനസ് ആര്‍ക്കൊപ്പം എന്ന അന്വേഷത്തിലാണ് പാര്‍ട്ടികളും.

Comments

comments

Categories: Politics

Related Articles