ഒയോ റൂംസിന് നഷ്ടത്തില്‍ നേരിയ ആശ്വാസം; വരുമാനം 200% ഉയര്‍ന്നു

ഒയോ റൂംസിന് നഷ്ടത്തില്‍ നേരിയ ആശ്വാസം; വരുമാനം 200% ഉയര്‍ന്നു

312 കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി രേഖപ്പെടുത്തിയത്. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ നഷ്ടം മൂന്ന് ശതമാനം കുറഞ്ഞു

ന്യൂഡെല്‍ഹി: ഒയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രകടന ഫലം പുറത്തുവിട്ടു. 312 കോടി രൂപയുടെ നഷ്ടമാണ് 2017-2018ല്‍ കമ്പനി രേഖപ്പെടുത്തിയത്. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ നഷ്ടത്തില്‍ മൂന്ന് ശതമാനത്തിന്റെ നേരിയ ഇടിവ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ബിസിനസ് റിസര്‍ച്ച് പ്ലാറ്റ്‌ഫോമായ ടോഫഌറില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.

സ്റ്റാന്‍ഡ്എലോണ്‍ അടിസ്ഥാനത്തില്‍ 327 കോടി രൂപയുടെ വരുമാനമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിക്ക് നേടാനായത്. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വരുമാനത്തില്‍ 200 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 108 കോടി രൂപയായിരുന്നു ഇക്കാലയളവില്‍ കമ്പനിയുടെ വരുമാനം. 2017-18ല്‍ മൊത്തം 638 കോടി രൂപയുടെ ചെലവാണ് ഒയോ റൂംസ് രേഖപ്പെടുത്തിയത്. 2016-2017ല്‍ 430 കോടി രൂപയായിരുന്നു കമ്പനിയുടെ ചെലവ്. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെലവ് 48 ശതമാനം വര്‍ധിച്ചു.

മോഹിത് ഭട്ട്‌നാഗര്‍ ആനന്ദ്, മിന്‍ ഷാംഗ്, മുനീഷ് രവീന്ദര്‍ എന്നിവരെ ഡയറക്റ്റര്‍മാരായി കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷം നിയമിച്ചിരുന്നു. ഇക്കാലയളവില്‍ തൊഴിലാളികള്‍ക്കായുള്ള ചെലവിടല്‍ 197 കോടി രൂപയില്‍ നിന്നും 252 കോടി രൂപയിലേക്ക് ഉയര്‍ന്നു. വിവിധ റൗണ്ടുകളിലായി 1.16 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഒയോ സമാഹരിച്ചിട്ടുള്ളത്. അടുത്തിടെ ഗ്രാബില്‍ നിന്ന് 100 മില്യണ്‍ ഡോളര്‍ നിക്ഷേപവും കമ്പനി സമാഹരിച്ചിരുന്നു.

വിദേശ രാജ്യങ്ങളില്‍ വളരെ വേഗത്തിലുള്ള വിപുലീകരണമാണ് കമ്പനി നടത്തുന്നത്. ഇന്ത്യ, സൗത്ത് ഏഷ്യ വിഭാഗം ആദ്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നവംബറില്‍ ആദിത്യ ഘോഷിനെ കമ്പനി നിയമിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസമാണ് ഫിലിപ്പീന്‍സില്‍ ബിസിനസ് ആരംഭിക്കുന്നതായി ഒയോ പ്രഖ്യാപിച്ചത്. കമ്പനിയുടെ ഏഴാമത്തെ വിദേശ വിപണിയാണിത്. അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 50 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്നാണ് ഒയോയുടെ വാഗ്ദാനം.

ചൈന, യുകെ, യുഎഇ, ഇന്തോനേഷ്യ, മലേഷ്യ, നേപ്പാള്‍ എന്നിവയാണ് കമ്പനിക്ക് സാന്നിധ്യമുള്ള മറ്റ് വിദേശ വിപണികള്‍. ദുബായിയില്‍ സര്‍വീസ് ആരംഭിക്കുമെന്ന് ജനുവരിയില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. അടുത്ത ആറ് മാസത്തിനുള്ളില്‍ 200 ഒയോ ഹോമുകള്‍ എമിറേറ്റ്‌സില്‍ തുറക്കാനാണ് കമ്പനിയുടെ പദ്ധതി. 40 ഹോമുകളായിരിക്കും പ്രാഥമിക ഘട്ടത്തില്‍ വികസിപ്പിക്കുന്നതെന്നും അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 മില്യണ്‍ ഡോളര്‍ നിക്ഷേപം ഇന്തോനേഷ്യയില്‍ നടത്തുമെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു.

Comments

comments

Categories: Business & Economy
Tags: Oyo rooms