നിഷ്‌ക്രിയാസ്തിക്കായി ബാങ്കുകള്‍ 400 ബില്യണ്‍ രൂപ കൂടി കണ്ടെത്തേണ്ടി വരും

നിഷ്‌ക്രിയാസ്തിക്കായി ബാങ്കുകള്‍ 400 ബില്യണ്‍ രൂപ കൂടി കണ്ടെത്തേണ്ടി വരും

ഏതാനും വര്‍ഷങ്ങളായി വന്‍തോതിലുള്ള നിഷ്‌ക്രിയാസ്തി ബാങ്കിംഗ് മേഖലയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറിനും 2020 സെപ്റ്റംബറിനും ഇടയില്‍ നിഷ്‌ക്രിയാസ്തിയായി മാറാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിട്ടുള്ള വായ്പകള്‍ക്കായുള്ള നീക്കിയിരുപ്പിന് ഇന്ത്യയിലെ ബാങ്കുകള്‍ 400 ബില്യണ്‍ ഡോളര്‍ കൂടി കണ്ടെത്തേണ്ടി വരുമെന്ന് ഫിച്ച് റേറ്റിംഗ്‌സിന്റെ ഇന്ത്യന്‍ വിഭാഗമായ ഇന്ത്യ റേറ്റിംഗ്‌സ് & റിസര്‍ച്ചിന്റെ വിലയിരുത്തല്‍. ഇന്ത്യന്‍ ബാങ്കുകളിലെ 3.5 ട്രില്യണ്‍ രൂപയോളം മൂല്യം വരുന്ന കോര്‍പ്പറേറ്റ് വായ്പകളുടെ മോശം നിലവാരം വായ്പാ ദാതാക്കള്‍ ഇനിയും കണ്ടെത്തിയിട്ടില്ലെന്നാണ് ഇന്ത്യാ റേറ്റിംഗ്‌സ് ചൂണ്ടിക്കാണിക്കുന്നത്.

തിരിച്ചറിയപ്പെടാത്ത സമ്മര്‍ദിത ആസ്തികളുടെ കാര്യത്തില്‍ ഏറ്റവും മോശമായത് സംഭവിക്കുകയാണെങ്കില്‍ ഇതില്‍ പകുതിയെങ്കിലും 2018 ഒക്‌റ്റോബര്‍ മുതലുള്ള രണ്ടുവര്‍ഷ കാലയളവില്‍ നിഷ്‌ക്രിയാസ്തിയായി മാറ്റപ്പെടുമെന്ന് ഇന്ത്യാ റേറ്റിംഗ്‌സിന്റെ ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് അസോസിയേറ്റ് ഡയറക്റ്റര്‍ ജിന്‍ഡാല്‍ ഹരിയ പറയുന്നു. ഇത് ബാങ്കുകളുടെ വായ്പാ ശേഷിയെ സമ്മര്‍ദത്തിലാക്കുന്നതാണ്. എന്നാല്‍ സാങ്കേതികമായി ഇവ ഇപ്പോഴും ബാങ്ക് ബുക്കുകളില്‍ നിലവാരമുള്ള ആസ്തികളായാണ് നിലകൊള്ളുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വന്‍തോതിലുള്ള നിഷ്‌ക്രിയാസ്തി ബാങ്കിംഗ് മേഖലയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. 150 ബില്യണ്‍ ഡോളര്‍ വലുപ്പം വരുന്ന നിഷ്‌ക്രിയാസ്തി പ്രശ്‌നം മൂലം ബാങ്കുകളുടെ വായ്പാശേഷി കുറയുന്നത് സാമ്പത്തിക വീണ്ടെടുപ്പിനെയും ബാധിക്കുന്നു.

കോര്‍പ്പറേറ്റ് മേഖലയിലെ നിഷ്‌ക്രിയാസ്തികള്‍ ഏറക്കുറേ കണ്ടെത്തപ്പെട്ടു കഴിഞ്ഞുവെന്നും ഇനി ബാങ്കിംഗ് പ്രവര്‍ത്തനങ്ങളുടെ തിരിച്ചുവരവ് ഉണ്ടാകുമെന്നും ജിന്‍ഡാല്‍ ഹരിയ പറയുന്നു. അടുത്ത സാമ്പത്തിക വര്‍ഷം നിരവധി പൊതുമേഖലാ ബാങ്കുകള്‍ ലാഭക്ഷമതയിലേക്ക് തിരിയുമെന്നും അവയുടെ വായ്പാ ശേഷി ഉയരുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
ബാങ്കിംഗ് മേഖലയിലെ വായ്പാ ശേഷി വര്‍ധിക്കുന്നത് പൊതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കേന്ദ്ര സര്‍ക്കാരിനും ആശ്വാസകരമായിരിക്കും. ബിസിനസുകള്‍ക്കുള്ള വായ്പാ ലഭ്യത വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കുമായും വിവിധ ബാങ്ക് മേധാവികളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു.

Comments

comments

Categories: Banking