കാളഹസ്തിയുടെ മുഖമുദ്രയായി കലംകാരി

കാളഹസ്തിയുടെ മുഖമുദ്രയായി കലംകാരി

കലംകാരി വസ്ത്രങ്ങള്‍ക്ക് വിപണിയില്‍ പ്രിയം വര്‍ധിച്ചു വരികയാണ്.വ്യത്യസ്തമായ ഡിസൈനുകള്‍ തന്നെയാണ് കലംകാരി സാരികളുടെയും വസ്ത്രങ്ങളുടെയും പ്രത്യേകത. പൂര്‍ണമായും കൈകൊണ്ട് ചെയ്യുന്നു എന്നതിനാല്‍ തന്നെ ഓരോ ഉല്‍പ്പന്നവും ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കും. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും എത്തുന്ന കലംകാരി വസ്ത്രങ്ങള്‍ക്കൊപ്പം കേരളസ്‌റ്റൈല്‍ കലംകാരികളും വിപണിയില്‍ സജീവമാകുമ്പോള്‍ ഓര്‍ക്കേണ്ട ഒന്നുണ്ട്, കലംകാരി വസ്ത്രങ്ങളുടെ ഈറ്റില്ലമായ ആന്ധ്രയിലെ കാളഹസ്തിയെ .ഇവിടെ വസ്ത്രനിര്‍മാണം ഉപജീവനമാര്‍ഗമാക്കി കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങളാണുള്ളത്. കുറഞ്ഞ വിലക്കെത്തുന്ന വ്യാജന്മാരുടെ അതിപ്രസരം പരമ്പര്യമുറങ്ങുന്ന ഈ വസ്ത്ര നിര്‍മാണത്തെരുവിനെ അനാഥമാക്കുന്നു

വസ്ത്രങ്ങളില്‍ എന്നും പുതുമ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. നല്ലതെന്ന് തോന്നുന്നത് എന്തായാലും മലയാളികള്‍ അവയെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. ഇത്തരത്തില്‍ കേരളത്തില്‍ എത്തിയ ഒന്നാണ് കലംകാരി ഡിസൈനിലുള്ള വസ്ത്രങ്ങള്‍. കൈകള്‍ കൊണ്ട് ചായം പൂശി ചിത്രങ്ങള്‍ വരച്ചതോ, തടിക്കട്ടകളില്‍ ചായംമുക്കി അച്ചടിച്ചതോ ആയ പരുത്തിതുണികളാണ് ഇവ. സാരികളായും കുര്‍ത്തകളും മറ്റും തയ്ക്കുന്നതിനുള്ള തുണികളായും ഇടക്കാലത്താണ് കലംകാരി വസ്ത്രങ്ങള്‍ കേരളത്തില്‍ വ്യാപകമായത്. എന്നാല്‍ കേരളത്തിന്റെ ഫാഷന്‍ ഇന്‍ഡസ്ട്രിയെ സ്വാധീനിക്കാന്‍ ഈ മെറ്റിരിയലിന് കഴിഞ്ഞു. ആന്ധ്രപ്രദേശിലെ ശ്രീകാളഹസ്തിയില്‍ നിന്നുമാണ് ആദ്യം കലംകാരി ഡിസൈനുകള്‍ കേരളത്തില്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍ അതിന്റെ സ്വീകാര്യതയും വിപണി സാദ്യതയും മനസിലായതോടെ സമാനമായ ഉല്‍പ്പന്നങ്ങള്‍ തമിഴ്‌നാട്ടിലെ നെയ്ത്തുശാലകളില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും കേരള വിപണികളിലേക്കൊഴുകി.

ഇന്ത്യയില്‍ രണ്ട് തരം സവിശേഷമായ കലംകാരി വിദ്യകള്‍ നിലവിലുണ്ട്. ശ്രീകാളഹസ്തി ശൈലിയും മാച്ചിപട്ടണം ശൈലിയും.ഇതില്‍ ആദ്യത്തെ രീതിയായ ശ്രീകാളഹസ്തിയാണ് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളെ സൃഷ്ടിക്കുന്നത്.കൃഷി അനുബന്ധ വ്യവസായമായിട്ടാണ് ഇവിടെ കലംകാരി വസ്ത്ര നിര്‍മാണത്തെ കാണുന്നത്. കുലത്തൊഴില്‍ എന്ന രീതിയിലാണ് ഇവിടെയുള്ളവര്‍ കലംകാരി വസ്ത്രനിര്‍മാണത്തിലേര്‍പ്പെടുന്നത്. പ്രത്യേകതകള്‍ ഏറെപ്പറയാനുണ്ട് കാലഹസ്തിയില്‍ നിര്‍മിക്കുന്ന കലംകാരി വസ്ത്രങ്ങള്‍ക്ക്. അതില്‍പ്രധാനം ഉപയോഗിക്കുന്ന നിറങ്ങള്‍ തന്നെയാണ്. പൂര്‍ണമായും ജൈവ നിറങ്ങളാണ് വസ്ത്ര നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. പരുത്തി നൂല്‍ ഉല്‍പ്പാദനം മുതല്‍ 19 ഘട്ടങ്ങളിലായി നടക്കുന്ന നിര്‍മാണ ഘട്ടങ്ങളില്‍ കാര്‍ഷിക വിളകളുടേയും ചാണകത്തിന്റേയും എരുമപ്പാലിന്റേയും കൂട്ടുകള്‍ പലപ്പോഴായി ഉപയോഗിക്കപ്പെടെയുന്നു.

ഇതിന് പുറമെ വസ്ത്രങ്ങളില്‍ നിറം നല്‍കുന്നതിനായി ഉപയോഗിക്കുന്നതത്രയും പഴങ്ങളും വിവിധങ്ങളായ സുഗന്ധവ്യഞ്ജനങ്ങളുമാണ്.നീല അമരി, കടുക്ക, മഞ്ഞള്‍, മാതളനാരങ്ങ, മരത്തൊലികള്‍, പതിമുഖം, ശര്‍ക്കര, ഇരുമ്പിന്‍ തുരുമ്പ്, എന്നിവയെല്ലാം മഞ്ഞ ,നീല, കറുപ്പ്, പിങ്ക്, എന്നീ കലംകാരിയിലെ അടിസ്ഥാന നിറങ്ങള്‍ നിര്‍മിക്കുന്നതിനായി ഉപയോഗിക്കുന്നു.തികച്ചും പരമ്പരാഗത രീതിയിലാണ് ഇതിന്റെ നിര്‍മാണം. പരുത്തി വസ്ത്രങ്ങള്‍ നിര്‍മിച്ചശേഷം നിരപ്പായ പ്രതലത്തില്‍ വിരിച്ചിട്ട് അരികിലായി ഇരുന്നാണ് തൊഴിലാളികള്‍ ഡിസൈന്‍ ചെയ്യുന്നത്. നാലും അഞ്ചും ദിവസങ്ങളെടുത്താണ് നിറയെ കലംകാരി ഡിസൈനുകളുള്ള ഒരു സാരി പൂര്‍ത്തിയാക്കുന്നത്. യന്ത്ര സംവിധാനങ്ങള്‍ ഇല്ലാതെ കൈകള്‍കൊണ്ടാണ് ജോലിയത്രയും ചെയ്യുന്നത്. എന്നാല്‍ എടുക്കുന്ന ജോലിക്ക് അനുസൃതമായ വേതനം ഈ തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല.

പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നും വന്ന കലംകാരി

കലംകാരി എന്ന വ്യത്യസ്തമായ പേരുകണ്ട് ഇത് ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നമാണോ എന്ന് ശങ്കിച്ചവര്‍ക്കുള്ള ഉത്തരമാണ് പേര് പേര്‍ഷ്യനാണെങ്കിലും ഉല്‍പ്പന്നം ഇന്ത്യനാണ് എന്നത്. പേന, കൈപ്പണി വൈധഗ്ദ്ധ്യം എന്നര്‍ത്ഥം വരുന്ന രണ്ട് പേര്‍ഷ്യന്‍ വാക്കുകള്‍ കൂടിച്ചേര്‍ന്നാണ് കലംകാരി എന്ന വാക്കുണ്ടായത്. ഇന്ത്യയില്‍ രണ്ട് തരം സവിശേഷമായ കലംകാരി വിദ്യകള്‍ നിലവിലുണ്ട്. ശ്രീകാളഹസ്തി ശൈലിയും മാച്ചിപട്ടണം ശൈലിയും.ഏതൊരു പരമ്പരാഗത തൊഴിലിനും എന്ന പോലെ കലംകാരി വസ്ത്രനിര്‍മാണത്തിനു പിന്നിലും ഒരു കഥയുണ്ട്.

ആ കഥ ഇങ്ങനെയാണ്.നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഗ്രാമീണ ഗായകരുടെയും ചിത്രകാരന്മാരുടെയും ഒരു സംഘം ആന്ധ്രയിലാകെ ഹിന്ദു പുരാണകഥകള്‍ പാടിയും പറഞ്ഞും സഞ്ചരിച്ചിരുന്നു. പിന്നീടവര്‍ തങ്ങളുടെ കഥകള്‍ പലതും പേന വെച്ച് ചിത്രങ്ങളായി വരച്ച് കാണിക്കാന്‍ തുടങ്ങി. ഈ ചിത്രങ്ങളില്‍ നിന്നുമാണ് ആദ്യകാലങ്ങളില്‍ കലംകാരി എന്ന സങ്കല്‍പം രൂപം കൊള്ളുന്നത്. മാത്രമല്ല മോഹന്‍ജൊദാരോ പ്രവിശ്യയില്‍ നിന്നും കലംകാരി രൂപങ്ങള്‍ ഗവേഷകര്‍ കണ്ടെടുത്തിട്ടുണ്ട്.അതുകൊണ്ടാണ് ഇന്നോ ഇന്നലെയോ തുടക്കം കുറിച്ച ഒന്നല്ല എന്ന് മനസിലാക്കാന്‍ കഴിയുന്നത്.

വ്യത്യസ്തമാക്കുന്ന ശ്രീകാളഹസ്തി കലംകാരി

ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ആരാധകരുള്ള കലംകാരി വസ്ത്ര നിര്‍മാണ രീതിയാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പേന ഉപയോഗിച്ച് കൈ കൊണ്ട് പരുത്തിതുണികളില്‍ ചിത്രങ്ങള്‍ വരച്ച് ചായം പൂശുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഈ രീതിക്ക് മതപരമായ ചില പ്രത്യേകതകളുമുണ്ട്. രാമായണത്തിലേയും മഹാഭാരതത്തിലേയും പുരാണങ്ങളിലേയും ദേവീദേവന്മാരേയും ദൃശ്യവിഷയങ്ങളുമാണ് ശ്രീകാളഹസ്തി കലംകാരിയില്‍ കലാകാരന്മാര്‍ വരച്ചിടുന്നത്. പ്രകൃതിയില്‍ നിന്നും കിട്ടുന്ന നിറങ്ങള്‍ മാത്രം ഉപയോഗിക്കുന്ന ഈ ഹസ്തകല ചിട്ടപ്പെടുത്തിയ 19 ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. രാമനും കൃഷ്ണനും മറ്റു കഥാപാത്രങ്ങളും ഇവിടെ പുനര്‍ജനിക്കുന്നു.അതിമനോഹരമായ ഈ ചിത്രങ്ങള്‍ വരച്ചിട്ട സാരികള്‍ക്ക് ആയിരങ്ങള്‍ വിലവരും. പൊന്നുംവിലകൊടുത്ത് ഈ കൈത്തറി ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ നിരവധിയാളുകള്‍ ഉണ്ട്.

സ്വര്‍ണ്ണമുഖി നദിയുടെ തീരത്തായി നടന്നു വരുന്ന ഈ വ്യവസായം ഇപ്പോള്‍ നാമമാത്രമായി മാറിക്കൊണ്ടിരിക്കുന്നത് പ്രധാന കാരണം വ്യാജന്മാരുടെ അതിപ്രസരമാണ്. കേരളത്തിലെ കൈത്തറി വസ്ത്രങ്ങള്‍ക്ക് അപരന്മാരുണ്ടായത് പോലെ തന്നെയായിരുന്നു കാളഹസ്തിയിലെ കലംകാരിയുടെ കാര്യവും.ആദ്യം അച്ചുകളില്‍ ചായം മുക്കി സാരികളില്‍ ചിത്രങ്ങള്‍ പതിപ്പിച്ചു. പിന്നീടത് പ്രിന്റുകളായി മാറി. കലംകാരി സാരികളുടെയും വസ്ത്രങ്ങളുടെയും പാരമ്പര്യവും പൈതൃകവും മനസിലാകാത്ത ആളുകള്‍ പ്രിന്റ് ചെയ്ത കലംകാരി വസ്ത്രങ്ങളെ യഥാര്‍ത്ഥ കലംകാരി വസ്ത്രങ്ങളായി കണ്ടു. കുറഞ്ഞ വിലക്ക് അത്തരം വസ്ത്രങ്ങള്‍ ലഭ്യമായതോടെ ആന്ധ്രക്ക് അകത്തും പുറത്തും കാളഹസ്തി കലംകാരിയുടെ വിപണിയിടിഞ്ഞു.ജൈവക്കൂട്ടുകളില്‍ നിറങ്ങള്‍ സംയോജിപ്പിച്ചെടുത്ത് പൂര്‍ണമായും കൈകള്‍കൊണ്ട് നിര്‍മിക്കുന്ന നൂറുശതമാനം പ്രകൃതിസൗഹൃദമായ കാളഹസ്തി കലംകാരികള്‍ക്ക് അതോടെ വിപണി നഷ്ടമായി.

ഗുണമേന്മയുള്ള കലംകാരി കൈത്തറിക്ക് വിദേശ വിപണിയടക്കം ലഭിച്ചിരുന്ന കാലത്താണ് ഇത്തരത്തില്‍ ഒരു തിരിച്ചടിയുണ്ടായത്. എന്നാല്‍ ആന്ധ്രാപ്രദേശില്‍ കൃഷ്ണജില്ലയിലെ മാച്ചിലിപട്‌നത്തിനടുത്തുള്ള പെട്‌നയിലെ മാച്ചിലിപട്‌നം കലംകാരി വസ്ത്രങ്ങള്‍ക്ക് വിപണിയില്‍ കുറച്ചുകൂടി സാധ്യതകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു.ചിത്രങ്ങള്‍ കൊത്തിയ മരക്കട്ടകളില്‍ പച്ചക്കറികളില്‍ നിന്നും എടുക്കുന്ന നിറങ്ങള്‍ മുക്കി പരുത്തിതുണികളില്‍ മനോഹരമായ ചിത്രങ്ങള്‍ അച്ചടിക്കുന്ന രീതിയാണിത്. എന്നാല്‍ കാളഹസ്തി രീതിയില്‍ നിന്നും ചിത്രങ്ങള്‍ക്ക് ഒരുപാട് വ്യത്യസമുണ്ട്.കലംകാരിയിലെ മച്ചിലി പട്ടണം പാരമ്പര്യത്തില്‍ ബ്ലോക്ക് പ്രിന്റിംഗ് ഉപയോഗിക്കുന്നു എന്നതിനാല്‍ തന്നെ പ്രത്യേക അഭിരുചിയുള്ളവര്‍ മാത്രമാണ് അത് വാങ്ങുന്നത്. കിടക്കവിരികള്‍, സാരികള്‍, തിരശ്ശീലകള്‍ എന്നിവയാണ് ഇത്തരത്തില്‍ പ്രധാനമായും നിര്‍മിക്കുന്നത്. ഭൗമ സൂചികാപ്പട്ടം ലഭിച്ച ആന്ധ്രപ്രദേശിലെ അപൂര്‍വം ചില ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ് മാച്ചിലിപട്‌നം കലംകാരി.

ഇപ്പോള്‍ യഥാര്‍ത്ഥ കലംകാരി ഡിസൈനുകള്‍ക്കും കലാകാരന്മാര്‍ക്കും പിന്തുണനല്‍കി മുന്‍നിരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തില്‍ നിരവധി
ആളുകള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പരമ്പരാഗതമായ ഒരു തൊഴിലും കൈമോശം വന്നു പോകരുത് എന്ന് കരുതി പ്രവര്‍ത്തിക്കുന്ന ആന്ധ്രപ്രദേശിലെ ചില കൈത്തറി സംഘടനകളുടെ ഇടപെടല്‍ ഈ രംഗത്ത് ഒരു മുതല്‍ക്കൂട്ടാണ്. സ്‌ക്രീന്‍ പ്രിന്റിംഗും മെഷീന്‍ പ്രൊഡക്ഷനുമായി ഒരു വിഭാഗമാളുകള്‍ മുന്നോട്ട് പോകുമ്പോള്‍ വിപണിയില്‍ നിന്നും പാരമ്പര്യത്തില്‍ അധിഷ്ഠിതമായ ഉല്‍പ്പന്നങ്ങള്‍ പിന്തള്ളപ്പെടുകയാണ്. യഥാര്‍ത്ഥ കലംകാരിയുടെ ചരിത്രം ക്രിസ്തുവര്ഷത്തിനും മുന്‍പാണ് തുടങ്ങിയതെന്ന് ആന്ധ്രക്കാര്‍ പറയുന്നു. കൃഷി കുറഞ്ഞ് അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം രൂക്ഷമാകുന്നതും ഈ രംഗത്ത് വലിയ നഷ്ടങ്ങള്‍ക്ക് കാരണമാകുന്നു.

ഇന്ന് കലംകാരി ഡിസൈനുകള്‍ വ്യാപകമായ സംസ്ഥാനങ്ങളില്‍ യഥാര്‍ത്ഥ കലംകാരിയെപ്പറ്റിയുള്ള ബോധവത്കരണക്‌ളാസുകള്‍ നടത്തുന്നത് ഗുണകരമാകും എന്നാണ് പറയപ്പെടുന്നത്. 3000 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ കലയെ ഏതുവിധേനയും നിലനിര്‍ത്തണം എന്ന ഒരൊറ്റ ആഗ്രഹത്തിലാണ് ഇന്ന് ആന്ധ്രാപ്രദേശിലെ കൈത്തറിത്തൊഴിലാളികളും കുടുംബങ്ങളും പ്രവര്‍ത്തിക്കുന്നത്. കലംകാരിക്ക് നല്ലകാലം തിരിച്ചെത്തുമെന്ന് പ്രതീക്ഷയില്‍ തന്നെയാണ് ഈ മേഖലയിലുള്ളവര്‍.

Comments

comments

Categories: FK Special, Slider