ഇന്ത്യയുടെ വ്യാപാരചരക്ക് കയറ്റുമതി വളര്‍ച്ച 7 ശതമാനമായി ചുരുങ്ങും

ഇന്ത്യയുടെ വ്യാപാരചരക്ക് കയറ്റുമതി വളര്‍ച്ച 7 ശതമാനമായി ചുരുങ്ങും

ഈ സാമ്പത്തിക വര്‍ഷം വ്യാപാരചരക്ക് വിഭാഗത്തില്‍ നിന്നുള്ള കയറ്റുമതി മൂല്യം 325 ബില്യണ്‍ ഡോളറായിരിക്കുമെന്നും വാണിജ്യ വകുപ്പ് വ്യക്തമാക്കി

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ച 7.3 ശതമാനമായി കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. 325 ബില്യണ്‍ ഡോളറായിരിക്കും ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വ്യാപാര ചരക്കുകളുടെ കയറ്റുമതി മൂല്യമെന്നുമാണ് ഇതുമായി ബന്ധപ്പെട്ട മേഖലയില്‍ നിന്നുള്ളവര്‍ പറയുന്നത്. എക്‌സ്‌പോര്‍ട്ടര്‍മാരുമായും എക്‌സ്‌പോര്‍ട്ട് പ്രൊമേഷന്‍ കൗണ്‍സിലുമായും കേന്ദ്ര വാണിജ്യ വകുപ്പ് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത്തരമൊരു നിരീക്ഷണം ഉയര്‍ന്നുവന്നത്.

മൊത്തം കയറ്റുമതിയില്‍ (വ്യാപാര ചരക്ക്, സേവനങ്ങളുടെ സംയോജിത കയറ്റുമതി) 13.31 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2017-2018ല്‍) ഇന്ത്യ രേഖപ്പെടുത്തിയത്. 498.61 ബില്യണ്‍ ഡോളറാണ് ഇക്കാലയളവിലെ സാധന-സേവനങ്ങളുടെ മൊത്തം കയറ്റുമതി മൂല്യം. ഇതില്‍ 303.53 ബില്യണ്‍ ഡോളറിന്റെ പങ്കുവഹിച്ചത് വ്യാപാരചരക്ക് കയറ്റുമതിയാണ്. 9.8 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയില്‍ നിന്നുള്ള വ്യാപാര ചരക്കുകളുടെ കയറ്റുമതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത്.

രത്‌നം, ജുവല്‍റി, കാര്‍ഷികം, എന്‍ജിനീയറിംഗ് തുടങ്ങിയ പരമ്പരാഗത കയറ്റുമതി മേഖലകളില്‍ നിന്നുള്ള ചരക്കുനീക്കത്തില്‍ അനുഭവപ്പെട്ട മാന്ദ്യമാണ് ഈ സാമ്പത്തിക വര്‍ഷം കയറ്റുമതി വളര്‍ച്ച കുറയാനുള്ള പ്രധാന കാരണമായി വാണിജ്യ വകുപ്പ് പറയുന്നത്. ഇതിനുപുറമെ, വിപണിയിലെ മൂലധന പ്രതിസന്ധിയും മറ്റ് ആഗോള ഘടകങ്ങളും കയറ്റുമതിയെ ബാധിക്കും. മറൈന്‍, കാര്‍ഷികം, രത്‌നം, ജുവല്‍റി തുടങ്ങിയവ അടക്കമുള്ള നിരവധി മേഖലകളില്‍ മോശം പ്രകടനമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ആഭ്യന്തര സ്റ്റീല്‍, റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചെലവേറിയത് എന്‍ജിനീയറിംഗ് മേഖലയില്‍ നിന്നുള്ള കയറ്റുമതിയെ ബാധിച്ചതായും വാണിജ്യ വകുപ്പ് ചൂണ്ടിക്കാട്ടി.

വിവിധ കയറ്റുമതി മേഖലകളില്‍ വളര്‍ച്ച കുറഞ്ഞ സാഹചര്യത്തിലാണ് വാണിജ്യ വകുപ്പ് എക്‌സ്‌പോര്‍ട്ടര്‍മാരുമായി ചര്‍ച്ച നടത്തിയത്. എക്‌സ്‌പോര്‍ട്ടര്‍മാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഈ വര്‍ഷം മാര്‍ച്ച് മാസത്തോടെ രാജ്യത്തിന്റെ വ്യാപാര ചരക്ക് കയറ്റുമതി മൂല്യം 325 ബില്യണ്‍ ഡോളറിലെത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കുന്നതിനുമാണ് യോഗം ചേര്‍ന്നത്.

ജിഎസ്ടി കാരണം പണത്തിന്റെ ഒഴുക്ക് തടസപ്പെട്ടിരിക്കുന്നതിനാല്‍ പണവിനിമയം എക്‌സ്‌പോര്‍ട്ടര്‍മാര്‍ നേരിടുന്ന വലിയ ആശങ്കയാണ്. ചൈനയുടെ കയറ്റുമതി വര്‍ധിച്ചതും യുഎസിലെ മാന്ദ്യം ഉപഭോക്താക്കളുടെ ആന്മവിശ്വാസം കെടുത്തുന്നതും ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ടര്‍മാരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഡിസംബര്‍ മാസം 30 വ്യവസായ മേഖലകളില്‍ 17 മേഖലകളില്‍ നിന്നുള്ള കയറ്റുമതിയിലും കുറവുണ്ടായി. രാജ്യത്തുനിന്നുള്ള മൊത്തം കയറ്റുമതിയില്‍ 0.34 ശതമാനത്തിന്റെ കുറഞ്ഞ വളര്‍ച്ചയാണ് ഡിസംബറില്‍ ഉണ്ടായത്. തൊഴിലാളികള്‍ കൂടുതല്‍ ആവശ്യമുള്ള മേഖലകളിലെ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലുണ്ടായ ഇടിവാണ് ഇതിനുകാരണം.

2016-2017 സാമ്പത്തിക വര്‍ഷം മുതല്‍ ഏകദേശം മൂന്ന് വര്‍ഷക്കാലം ഇന്ത്യയുടെ ചരക്ക് കയറ്റുമതി മൂല്യം ഉയര്‍ന്നിട്ടുണ്ടെന്നും നടപ്പു സാമ്പത്തിക വര്‍ഷം കയറ്റുമതി മൂല്യം സര്‍വകാല റെക്കോഡിലേക്ക് ഉയരുമെന്നുമാണ് വാണിജ്യ വകുപ്പിന്റെ പ്രസ്താവനയില്‍ പറയുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഡിസംബര്‍ വരെയുള്ള കാലയളവില്‍ ചരക്ക് വിഭാഗത്തില്‍ നിന്നുള്ള കയറ്റുമതിയില്‍ ഏകദേശം പത്ത് ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഉണ്ടായത്.

Comments

comments

Categories: Business & Economy
Tags: Export downs