എല്‍പിജി ഉപഭോഗത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്

എല്‍പിജി ഉപഭോഗത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്

2020നു മുമ്പ് ഉജ്ജ്വല പദ്ധതിക്കു കീഴില്‍ നല്‍കിയ കണക്ഷനുകളുടെ എണ്ണം 8 കോടിയായി ഉയര്‍ത്തുന്നതിന് ലക്ഷ്യം

ന്യൂഡെല്‍ഹി: രാജ്യത്ത് മലീനീകരണമില്ലാത്ത പാചക ഇന്ധനം വ്യാപകമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഫലമായി ഇന്ത്യ ആഗോളതലത്തില്‍ എല്‍പിജി ഉപഭോഗത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തെത്തിയെന്ന് എണ്ണ മന്ത്രാലയത്തിലെ സെക്രട്ടറി എംഎം കുട്ടി. ന്യൂഡെല്‍ഹിയില്‍ നടന്ന എല്‍പിജി ഉച്ചകോടിയില്‍ സംസാരിക്കവേയാണ് സമീപ വര്‍ഷങ്ങളില്‍ ഇന്ത്യ എല്‍പിജി കണക്ഷനുകളുടെ കാര്യത്തില്‍ നടത്തിയ മുന്നേറ്റം അദ്ദേഹം ചൂണ്ടിക്കാണിച്ചത്. 2014-15ല്‍ 14.8 കോടി എല്‍പിജി കണക്ഷനുകളാണ് ഉണ്ടായിരുന്നത് എങ്കില്‍ 2017-18ല്‍ അത് 22.4 കോടിയിലേക്ക് എത്തിയിട്ടുണ്ട്. 15 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചയാണ് ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ജനസംഖ്യയില്‍ വേഗത്തിലുണ്ടായ വളര്‍ച്ചയുടെയും ഗ്രാമീണ മേഖലയിലെ എല്‍പിജി വ്യാപനം ശക്തമായതിന്റെയും ഫലമായി എല്‍പിജി ഉപഭോഗത്തിന്റെ അളവില്‍ 8.4 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. 22.5 മില്യണ്‍ ടണ്‍ ഉപഭോഗമാണ് നിലവില്‍ ഇന്ത്യക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ ഉള്ളത്. ഇത് ലോകത്തിലെ തന്റെ രണ്ടാമത്തെ വലിയ എല്‍പിജി ഉപഭോഗ രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റിയിട്ടുണ്ട്. 2025 ആകുമ്പോഴേക്കും ആവശ്യകത 34 ശതമാനം വര്‍ധിച്ച് ഉപഭോഗം 30.3 മില്യണ്‍ ടണ്ണിലെത്തുമെന്നാണ് എണ്ണ മന്ത്രാലയം വിലയിരുത്തുന്നത്. 2040 ആകുമ്പോഴേക്കും ഉപഭോഗം 40.6 മില്യണ്‍ ടണ്ണിലെത്തുമെന്നാണ് നിഗമനം.

എല്‍പിജി ഉപയോഗം രാജ്യ വ്യാപകമായി പ്രോല്‍സാഹിപ്പിക്കുന്നതിന് നിരവധി നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴില്‍ താഴ്ന്ന വരുമാനക്കാര്‍ക്ക് സൗജന്യമായി എല്‍പിജെ കണക്ഷന്‍ നല്‍കിയതാണ് ഉപഭോക്താക്കളുടെ എണ്ണം ഏറെ വര്‍ധിപ്പിച്ചത്. പദ്ധതിക്കു കീഴില്‍ ഇതുവരെ 6.31 കോടി കണക്ഷനുകളാണ് നല്‍കിയിട്ടുള്ളത്. മേയ് 1 2016ലാണ് ഉജ്ജ്വല്‍ യോജന അവതരിപ്പിക്കപ്പെട്ടത്. 2020നു മുമ്പ് പദ്ധതിക്കു കീഴില്‍ നല്‍കിയ കണക്ഷനുകളുടെ എണ്ണം 8 കോടിയായി ഉയര്‍ത്തുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് ഉച്ചകോടിയില്‍ സംസാരിച്ചുകൊണ്ട് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞിരുന്നു.

സമൂഹത്തിലെ എല്ലാ ദുര്‍ബല വിഭാഗങ്ങളിലേക്കം പിന്നാക്കവസ്ഥയുള്ളവരിലേക്കും എല്‍പിജി കണക്ഷന്‍ എത്തിക്കാനാണ് ശ്രമമെന്ന് പ്രധാന്‍ പറയുന്നു. രാജ്യത്തെ 55 ശതമാനം ജനങ്ങളിലേക്കാണ് 2014ല്‍ എല്‍പിജിയുടെ ഗുണം എത്തിയിരുന്നതെങ്കില്‍ ഇന്നത് 90 ശതമാനത്തിനടുത്തേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയുടെ എല്‍പിജി ഇറക്കുമതി 12 മില്യണ്‍ മെട്രിക് ടണ്ണില്‍ എത്തിയിട്ടുണ്ട്. 12.5 ശതമാനത്തിന്റെ സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് കഴിഞ്ഞ 5 വര്‍ഷത്തിനിടെ എല്‍പിജി ഇറക്കുമതിയില്‍ ഉണ്ടായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News