ഭവന, വാഹന വായ്പാ നിരക്കുകള്‍ താഴും

ഭവന, വാഹന വായ്പാ നിരക്കുകള്‍ താഴും
  • കര്‍ഷകര്‍ക്ക് 1.6 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ
  • റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് റിസര്‍വ് ബാങ്ക്; നിരക്കുകള്‍ താഴ്ത്തുന്നത് 17 മാസത്തിന് ശേഷം; റിവേഴ്‌സ് റിപ്പോ നിരക്കില്‍ മാറ്റമില്ല; കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശകള്‍ മുഖവിലക്കെടുത്ത് ശക്തികാന്ത ദാസ്

ന്യൂഡെല്‍ഹി: കര്‍ഷകരെയും തൊഴിലാളികളെയും ആദായ നികുതി ദായകരെയും കൈയിലെടുക്കുന്ന ബമ്പര്‍ പ്രഖ്യാപനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിന്റെ പാത പിന്തുടര്‍ന്ന് വമ്പന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് റിസര്‍വ് ബാങ്കും രംഗത്ത്. റിപ്പോ നിരക്ക് കാല്‍ ശതമാനം കുറയ്ക്കാനാണ് ഡെല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര ബാങ്കിന്റെ ആറംഗ സാമ്പത്തികകാര്യ നയ സമിതി തീരുമാനിച്ചത്. ഇതോടെ ആര്‍ബിഐ രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പക്ക് ഈടാക്കുന്ന പലിശയായ റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ നിന്ന് 6.25 ശതമാനമായി കുറഞ്ഞു. ബാങ്കുകള്‍ക്ക് കൂടുതല്‍ പണം ആകര്‍ഷകമായ നിരക്കില്‍ വിതരണം ചെയ്യാന്‍ പ്രോത്സാഹനം നല്‍കുന്നതും ഇടപാടുകാരെ ആകര്‍ഷിക്കാനും ഉതകുന്ന നടപടി സാമ്പത്തിക വളര്‍ച്ചക്ക് ആക്കം കൂട്ടും. നിലവിലെ ഭവന-വാഹന വായ്പക്കാര്‍ക്കും പലിശ നിരക്കില്‍ ആശ്വാസം ലഭിക്കും. അതേസമയം റിവേഴ്‌സ് റിപ്പോ, കരുതല്‍ ധനാനുപാതം (സിആര്‍ആര്‍) എന്നിവയില്‍ മാറ്റമില്ല.

2017 ഓഗസ്റ്റ് മാസത്തിനു ശേഷം ആദ്യമായാണ് കേന്ദ്ര ബാങ്ക്, പലിശ നിരക്ക് കുറയ്ക്കുന്നത്. ഗവര്‍ണര്‍ ശക്തികാന്ത ദാസടക്കം നാല് അംഗങ്ങള്‍ നിരക്കിളവിനെ അനുകൂലിച്ചപ്പോള്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യയും ചേതന്‍ ഘാട്ടെയും എതിര്‍ത്ത് വോട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം, പലിശ നിരക്കുകള്‍ കുറയ്ക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടു വരികയായിരുന്നു. സര്‍ക്കാരിനോടുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചൊഴിഞ്ഞ ഉര്‍ജിത് പട്ടേലിന്റെ പിന്‍ഗാമിയായി നിയമിതനായ ശക്തികാന്ത ദാസ്, പ്രധാനമന്ത്രിയുടെ അഭിപ്രായങ്ങള്‍ കൂടി മുഖവിലക്കെടുത്ത് മുന്നോട്ടു നീങ്ങാനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് നടപടികള്‍ സൂചിപ്പിക്കുന്നത്. ഏപ്രിലില്‍ പലിശ നിരക്ക് കുറഞ്ഞേക്കുമെന്ന അഭ്യൂഹങ്ങളെയും ആശ്ചര്യപ്പെടുത്തിയാണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്.

പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും താഴ്ന്നതടക്കമുള്ള അനുകൂല സാഹചര്യങ്ങള്‍, സാമ്പത്തിക കടുംപിടിത്തം ഉപേക്ഷിക്കാന്‍ ആര്‍ബിഐയെ സഹായിച്ചു. ഡിസംബറില്‍ 2.2 ശതമാനത്തിലേക്കാണ് പണപ്പെരുപ്പം താഴ്ന്നത്. ഒന്നര വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് പണപ്പെരുപ്പം എത്തിയിരിക്കുന്നത്.

സ്റ്റാറ്റസ് മാറ്റി ആര്‍ബിഐ

കാലിബറേറ്റഡ് ടൈറ്റനിംഗ് എന്നതില്‍ നിന്ന് ന്യൂട്രലിലേക്ക് ആര്‍ബിഐ സ്റ്റാറ്റസ് മാറ്റാനും ധനാവലോകന യോഗം തീരുമാനിച്ചു. നിക്ഷേപങ്ങള്‍ക്ക് സുസ്ഥിര പലിശ നിരക്ക് ഉറപ്പ് നല്‍കുന്നതും സമീപ കാലത്തൊന്നും പലിശാ നിരക്കുകള്‍ ഉയര്‍ത്തില്ലെന്ന് വ്യക്തമാക്കുന്നതുമായ സ്റ്റാറ്റസാണ് ന്യൂട്രല്‍. പണപ്പെരുപ്പം നേരത്തെ കണക്കാക്കിയത് പോലെ നിയന്ത്രണത്തിലാണെന്നും വ്യക്തമാക്കുന്ന ഈ സ്റ്റാറ്റസ്, വിപണിയിലും സമ്പദ് വ്യവസ്ഥയിലും ഉണര്‍വ് കൊണ്ടു വരുന്നതും ബാങ്കുകള്‍ക്കും വായ്പ എടുക്കാനാഗ്രഹിക്കുന്നവര്‍ക്കും ആത്മവിശ്വാസം നല്‍കുന്നതുമാണ്. അതേ സമയം, പലിശ നിരക്കുകളിലെ ചാഞ്ചാട്ടം സൂചിപ്പിക്കുന്നതും വായ്പാ പലിശ നിരക്കുകള്‍ ഉയരാമെന്ന് ബാങ്കുകള്‍ക്കും വായ്പാര്‍ത്ഥികള്‍ക്കും മുന്നറിയിപ്പ് നല്‍കുന്നതുമായ ആര്‍ബിഐ സ്റ്റാറ്റസാണിത്.

കര്‍ഷകരുടെ കൈപിടിച്ച് കേന്ദ്ര ബാങ്ക്

ഈടില്ലാതെ ലഭിക്കുന്ന കാര്‍ഷിക വായ്പകളുടെ പരിധി ഒരു ലക്ഷത്തില്‍ നിന്ന് 1.6 ലക്ഷത്തിലേക്ക് ഉയര്‍ത്തി കര്‍ഷകരുടെ കൈപിടിച്ച് ആര്‍ബിഐ. ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്കാണ് പ്രയോജനം ലഭിക്കുക. 2010 ന് ശേഷമാണ് ഈട് രഹിത വായ്പകളുടെ പരിധി ഉയര്‍ത്താന്‍ കേന്ദ്ര ബാങ്ക്് തീരുമാനിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം കൂടിയാണ് നടപടി. രണ്ട് ഹെക്റ്റര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപ വരുമാനം സര്‍ക്കാര്‍ ബജറ്റില്‍ ഉറപ്പ് നല്‍കിയിരുന്നു. ആര്‍ബിഐയിലൂടെ ബജറ്റിന് ശേഷവും സര്‍ക്കാരിന്റെ കര്‍ഷക ക്ഷേമ പരിപാടികള്‍ തുടരുകയാണ്.

കാര്‍ഷിക വായ്പകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹാരങ്ങള്‍ നിര്‍ദേശിക്കാനുമായി ഒരു ആഭ്യന്തര കര്‍മ സമിതി (ഇന്റേണല്‍ വര്‍ക്കിംഗ് ഗ്രൂപ്പ്, ഐഡബ്ല്യുജി) രൂപീകരിക്കാനും റിസര്‍വ് ബാങ്ക് തീരുമാനിച്ചു. കാര്‍ഷിക വായ്പകള്‍ വര്‍ധിച്ചെങ്കിലും മേഖലാ അസമാനതകളും അപര്യാപ്തമായ തുകയും അടക്കമുള്ള വിഷയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് ബാങ്കിന്റെ വിലയിരുത്തല്‍.

  • 2019-20 ല്‍ രാജ്യം 7.4 ശതമാനം വളരും; ആദ്യ അര്‍ദ്ധ വര്‍ഷത്തില്‍ പണപ്പെരുപ്പം 3.2-3.4% : ആര്‍ബിഐ
  • പണപ്പെരുപ്പം ഡിസംബറില്‍ 2.2 ശതമാനത്തിലേക്ക് താഴ്ന്നു; 1.5 വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്ക്
  • ആഗോള ആവശ്യകത കുറഞ്ഞു; നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ കയറ്റുമതി വര്‍ധിച്ചില്ല

Comments

comments

Categories: Top Stories