2019-2020ല്‍ 7.5% സാമ്പത്തിക വളര്‍ച്ച നേടുമെന്ന് ഗാര്‍ഗ്

2019-2020ല്‍ 7.5% സാമ്പത്തിക വളര്‍ച്ച നേടുമെന്ന് ഗാര്‍ഗ്

നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 7.2 ശതമാനം വളര്‍ച്ചയാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്

ന്യൂഡെല്‍ഹി: രാജ്യം 2019-2020ല്‍ 7.5 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 7.2 ശതമാനം വളര്‍ച്ചയാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയ 2016-2017 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 8.2 ശതമാനമായിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷം നോമിനല്‍ ജിഡിപി വളര്‍ച്ച 11.5 ശതമാനത്തിലേക്ക് ഉയര്‍ത്താനാണ് തങ്ങള്‍ നോക്കുന്നതെന്നും റിയല്‍ ജിഡിപി വളര്‍ച്ച 7.5 ശതമാനമായിരിക്കുമെന്നാണ് തങ്ങളുടെ നിഗമനമെന്നും സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് പറഞ്ഞു.

2019-2020ല്‍ ഇന്ത്യയുടെ പണപ്പെരുപ്പം നാല് ശതമാനമായിരിക്കുമെന്നാണ് സര്‍ക്കാരിന്റെ അനുമാനം. ഇന്ത്യ ശക്തമായി ട്രാക്കിലേക്ക് തിരിച്ചുകയറുന്നതായും വളര്‍ച്ചയിലേക്കും അഭിവൃദ്ധിയിലേക്കും കുതിക്കുന്നതായും ബജറ്റ് പ്രസംഗത്തില്‍ ഇടക്കാല ധനമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞിരുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും തിളക്കമുള്ള ഇടമെന്ന നിലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ രാജ്യം അംഗീകരിക്കപ്പെട്ടതായും ഗോയല്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സാമ്പത്തിക ശക്തിയാണ് ഇന്ത്യ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 1991 മുതലുള്ള കാലയളവിലെ ഏറ്റവും ഉയര്‍ന്ന ശരാശരി ജിഡിപി വളര്‍ച്ച രേഖപ്പെടുത്താന്‍ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നുമാണ് സര്‍ക്കാരിന്റെ വാദം. അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനസംഖ്യാ വിഭാഗത്തില്‍ ഊന്നല്‍ നല്‍കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഗാര്‍ഗ് പറഞ്ഞു.

ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ദീര്‍ഘാകാലാടിസ്ഥാനത്തിലുള്ള ആസ്തികളുടെ രൂപീകരണത്തിന് സര്‍ക്കാര്‍ നിക്ഷേപം നടത്തുമെന്നും ഗാര്‍ഗ് പറഞ്ഞു. വിപുലീകരണ നയങ്ങളല്ല, സാമ്പത്തിക ഏകീകരണമാണ് രാജ്യത്തിന് ആവശ്യം. അല്ലെങ്കില്‍ പണപ്പെരുപ്പത്തിനും സ്വകാര്യ നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്കിനും ഇത് കാരണമാകുമെന്നും ഗാര്‍ഗ് ചൂണ്ടിക്കാട്ടി.

Comments

comments

Categories: Business & Economy