തെരഞ്ഞെടുപ്പ് ഫലം സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കില്ല: ഡാനിയല്‍ പിന്റോ

തെരഞ്ഞെടുപ്പ് ഫലം സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കില്ല: ഡാനിയല്‍ പിന്റോ

ആഗോള വിപണികളില്‍ അനുഭവപ്പെടുന്ന മാന്ദ്യം ചെറിയ രീതിയില്‍ ഇന്ത്യയെയും ബാധിക്കും

ന്യൂഡെല്‍ഹി: ഇന്ത്യ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപകര്‍ക്ക് മികച്ച അവസരം നല്‍കുന്ന വിപണിയാണെന്ന് ആഗോള നിക്ഷേപ ബാങ്കും ധനകാര്യ സേവന കമ്പനിയുമായ ജെപി മോര്‍ഗന്റെ സഹ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫിസറുമായ ഡാനിയല്‍ പിന്റോ. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മുന്നോട്ടുപോക്ക് സംബന്ധിച്ച വീക്ഷണങ്ങള്‍ അദ്ദേഹം പങ്കുവെച്ചത്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഫലം എന്തു തന്നെയായാലും അത് രാജ്യത്തിന്റെ സാമ്പത്തിക കാഴ്ചപ്പാടിന്റെ ദിശയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലെ കേന്ദ്ര സര്‍ക്കാര്‍ നിരവധി പരിഷ്‌കരണ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. നോട്ട് അസാധുവാക്കല്‍, ഡിജിറ്റല്‍വത്കരണം, പാപ്പരത്ത നിയനം, നികുതി വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ എന്നിവയെല്ലാം ഉദാഹരണങ്ങളാണ്. തന്ത്രപരമായ പരിഷ്‌കരണങ്ങള്‍ എല്ലാവരിലേക്കും എത്തുന്നതും ശാക്തീകരണം സാധ്യമാക്കുന്നതും എങ്ങിനെ എന്നതുകൂടി ഇവയില്‍ കാണാമെന്ന് ഡാനിയല്‍ പിന്റോ വിലയിരുത്തുന്നു. മറ്റൊരു രാഷ്ട്രീയ ശക്തിയാണ് നാളെ അധികാരത്തില്‍ എത്തുന്നത് എങ്കില്‍ പോലും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും സാമ്പത്തിക വളര്‍ച്ചയ്ക്കുമുള്ള സാധ്യതകളെ പ്രയോജനപ്പെടുത്താതെ മുന്നോട്ടുപോകില്ല. അതിനാല്‍ സാമ്പത്തിക വളര്‍ച്ചയുടെ ദിശയില്‍ വലിയ മാറ്റമുണ്ടാകില്ലെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.
ഇന്ത്യയുടെ വളര്‍ച്ചയുടെ ഒരു ഭാഗം കയറ്റുമതിയെ ആശ്രയിച്ചാണിരിക്കുന്നത് എന്നതിനാല്‍ തന്നെ ആഗോള വിപണികളില്‍ അനുഭവപ്പെടുന്ന മാന്ദ്യം ഇന്ത്യയെയും ബാധിക്കും. യുഎസിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ മാന്ദ്യം പ്രകടമാണ്. ചൈനയുടെ വളര്‍ച്ചയിലും ഇടിവുണ്ട്. എന്നാല്‍ ഇന്ത്യയെ ആഗോള തലത്തിലെ ചലനങ്ങള്‍ കുറഞ്ഞ തോതില്‍ മാത്രമേ ബാധിക്കുകയുള്ളൂ. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൂടുതലായി ആഭ്യന്തര ഉപഭോഗത്തെയാണ് ആശ്രയിച്ചിരിക്കുന്നത് എന്നതിനാലാണിത്.

യുഎസ് വിപണിയിലെ സമ്മര്‍ദങ്ങളുടെയും മാന്ദ്യത്തിന്റെയും പശ്ചാത്തലത്തില്‍ യുഎസ് ഭരണകൂടം തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി കൂടുതല്‍ ക്രിയാത്മക ചര്‍ച്ചകള്‍ നടത്തുന്നതിന് സാധ്യതകള്‍ വര്‍ധിക്കുകയാണ്. ചൈനയും യുഎസും ഉടന്‍ വ്യാപാരതര്‍ക്കങ്ങള്‍ പരിഹരിച്ച് കരാറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആഗോളവത്കരണം രാഷ്ട്രങ്ങള്‍ക്ക് നല്ലതാണെന്നും അദ്ദേഗം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News
Tags: Daniel pinto