പുതിയ നയം വിന; വില്‍പ്പനക്കാര്‍ ആമസോണ്‍ വിടുന്നു

പുതിയ നയം വിന; വില്‍പ്പനക്കാര്‍ ആമസോണ്‍ വിടുന്നു

നാല് ലക്ഷത്തിലധികം വില്‍പ്പനക്കാരാണ് ആമസോണ്‍ പ്ലാറ്റ്‌ഫോമിന്റെ ഭാഗമായിട്ടുള്ളത്

ന്യൂഡെല്‍ഹി: ഡസണ്‍ കണക്കിന് ചെറുകിട കച്ചവടക്കാര്‍ ആമസോണ്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും പുറത്തേക്ക് പോകുന്നതായി റിപ്പോര്‍ട്ട്. ഇ-കൊമേഴ്‌സ് മേഖലയുമായി ബന്ധപ്പെട്ട പുതിയ നയം പ്രാബല്യത്തില്‍ വന്നതോടെ തങ്ങളുടെ ഓര്‍ഡര്‍ ഡെലിവെറികളും ലോജിസ്റ്റിക്‌സും സ്വന്തം നിലയ്ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കാത്തതിനാലാണ് ചെറുകിട വില്‍പ്പനക്കാര്‍ ആമസോണ്‍ എക്കൗണ്ട് റദ്ദാക്കി പുറത്തുപോകുന്നത്.

ഈ മാസം ഒന്നാം തീയതി മുതലാണ് പുതിയ ഇ-ടെയ്ല്‍ നയം പ്രാബല്യത്തില്‍ വന്നത്. ആമസോണ്‍ ഉടമസ്ഥതയിലുള്ള ക്ലൗഡ്‌ടെയില്‍, അപ്പാരിയോ എന്നിവ വഴിയാണ് മിക്ക സംരംഭങ്ങളും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത്. ഇവരുടെ ഓര്‍ഡറുകള്‍ എത്തിക്കുന്നതിന് ഈ കമ്പനികള്‍ സഹായിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പുതിയ നിയന്ത്രണങ്ങള്‍ വന്നതോടെ കമ്പനികള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു.

ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും നടപടികളോ നിര്‍ദേശങ്ങളോ ആമസോണിന്റെ ഭാഗത്തുനിന്നുണ്ടാകാത്ത സാഹചര്യത്തിലാണ് വില്‍പ്പനക്കാര്‍ പ്ലാറ്റ്‌ഫോം വിടുന്നത്. വിഷയത്തില്‍ ആമസോണില്‍ നിന്ന് യാതൊരു നിര്‍ദേശങ്ങളും ലഭിച്ചിട്ടില്ലെന്നും സ്വന്തം നിലയ്ക്ക് ലോജിസ്റ്റിക്‌സും ഡെലിവെറികളും നിലനിര്‍ത്തുക പ്രായോഗികമായി അസാധ്യമാണെന്നും ന്യൂഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വസ്ത്ര വ്യാപാരി പറഞ്ഞു.

നാല് ലക്ഷത്തിലധികം വില്‍പ്പനക്കാരാണ് ആമസോണ്‍ പ്ലാറ്റ്‌ഫോമിന്റെ ഭാഗമായിട്ടുള്ളത്. ഉപഭോക്താക്കള്‍ക്ക് വിവിധ ശ്രേണിയിലുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിന് കൂടുതല്‍ വില്‍പ്പനക്കാരെ കൂട്ടിച്ചേര്‍ക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണ്. വില്‍പ്പനക്കാര്‍ക്ക് വേഗത്തിലുള്ള മാര്‍ക്കറ്റ്‌പ്ലേസ് ഉറപ്പാക്കുന്നതിന് ഈസിഷിപ്പ്, സര്‍വീസ് പ്രൊവൈഡര്‍ നെറ്റ്‌വര്‍ക്ക് തുടങ്ങിയ സേവനങ്ങള്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ടെന്നും ആമസോണ്‍ ഇന്ത്യ വക്താവ് അറിയിച്ചു.

2016 മുതല്‍ ഡെലിവെറി, വാറണ്ടി, കസ്റ്റര്‍മര്‍ സര്‍വീസ് തുടങ്ങിയവയുടെ ഉത്തരവാദിത്തം വില്‍പ്പനക്കാര്‍ക്കാണ്. പുതിയ ഇ-ടെയ്ല്‍ നയത്തിലെ വ്യവസ്ഥകള്‍ ഈ മാനദണ്ഡങ്ങള്‍ ഒന്നുകൂടി കര്‍ക്കശമാക്കികൊണ്ടുള്ളതാണ്. ഇ-കൊമേഴ്‌സ് കമ്പനിക്ക് ഓഹരി പങ്കാളിത്തമുള്ള കമ്പനികളോ ഗ്രൂപ്പ് കമ്പനികളോ പ്ലാറ്റ്‌ഫോം വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതും പുതിയ നയം വിലക്കിയിട്ടുണ്ട്. ഇതാണ് ക്ലൗഡ്‌ടെയിലും അപ്പാരിയോയും പോലുള്ള കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചത്. എന്നാല്‍, ചറുകിട വില്‍പ്പനക്കാരുടെ പുറത്തുപോക്ക് ആമസോണിന്റെ വരുമാനത്തെ ബാധിച്ചേക്കില്ല.

Comments

comments

Categories: Business & Economy
Tags: Amazon