കമ്പനിയുടമയുടെ മരണം: നിക്ഷേപകര്‍ക്ക് 250 ദശലക്ഷം ഡോളര്‍ നഷ്ടം

കമ്പനിയുടമയുടെ മരണം: നിക്ഷേപകര്‍ക്ക് 250 ദശലക്ഷം ഡോളര്‍ നഷ്ടം

ഇന്ത്യക്കാരടക്കമുള്ള നിക്ഷേപകരുടെ പണം ഡിജിറ്റല്‍ എക്കൗണ്ടുകളില്‍ ലോക്കായി; നിക്ഷേപത്തില്‍ 180 ദശലക്ഷം ഡോളര്‍ ക്രിപ്‌റ്റോ കറന്‍സിയുടെ രൂപത്തിലും 70 ദശലക്ഷം ഡോളര്‍, കനേഡിയന്‍ കറന്‍സിയുടെ രൂപത്തിലും

ന്യൂഡെല്‍ഹി: എക്കൗണ്ടുകളുടെ പാസ്‌വേഡുകള്‍ നല്‍കാതെ കനേഡിയന്‍ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ച് കമ്പനി ഉടമ മരിച്ചതോടെ നിക്ഷേപകരുടെ 250 ദശലക്ഷം ഡോളര്‍ നിക്ഷേപ തുക വെള്ളത്തിലായി. ഡിസംബര്‍ ഒന്‍പതിന് ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് ക്വാഡ്രിഗ സിഎക്‌സ് കമ്പനിയുടെ മുപ്പതുകാരനായ സിഇഒ ജെറാര്‍ഡ് കോട്ടന്‍ അസുഖം മൂലം മരിച്ചത്. നിക്ഷേപകരുടെ എക്കൗണ്ടുകളിലേക്കുള്ള പാസ്‌വേഡുകളും രഹസ്യ കോഡുകളും ജെറാര്‍ഡിന് മാത്രമേ അറിവുള്ളായിരുന്നെന്നും നിക്ഷേപകരുടെ പണം തിരികെ നല്‍കാന്‍ സാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യയിലെയടക്കം 1,15,000 രഹസ്യ നിക്ഷേപകരുടെ പണമാണ് ഇതോടെ നഷ്ടമാവുക. ആകെ 3,63,000 ഇടപാടുകരാണ് കമ്പനിക്കുണ്ടായിരുന്നതെങ്കിലും ഇത്രയും ആളുകളുടെ എക്കൗണ്ടുകളിലാണ് പണമുള്ളത്. നിക്ഷേപത്തില്‍ 180 ദശലക്ഷം ഡോളര്‍ ക്രിപ്‌റ്റോ കറന്‍സിയുടെ രൂപത്തിലും 70 ദശലക്ഷം ഡോളര്‍, കനേഡിയന്‍ കറന്‍സിയുടെ രൂപത്തിലുമാണ്. ബിറ്റ്‌കോയിന്‍, ലൈറ്റ്‌കോയിന്‍, ഈഥര്‍ തുടങ്ങിയ ക്രിപ്‌റ്റോ കറന്‍സികളില്‍ നടത്തിയ നിക്ഷേപമാണ് കോട്ടന്റെ മരണത്തോടെ നഷ്ടമാകുക.

അതീവ സുരക്ഷിതവും രഹസ്യ സ്വഭാവത്തിലുള്ളതുമായ ലക്ഷക്കണക്കിന് രഹസ്യ പാസ്‌വേഡുകള്‍ വീണ്ടെടുക്കുക അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കമ്പനിയുടെ ഡിജിറ്റല്‍ ലോക്കറുകള്‍ തുറക്കാനുള്ള പരിശ്രമങ്ങളൊന്നും വിജയിച്ചില്ല. കോള്‍ഡ് വോളറ്റുകളെന്ന് അറിയപ്പെടുന്ന ഡിജിറ്റല്‍ കറന്‍സി സ്റ്റോറേജ് സംവിധാനത്തിലേക്ക് കോട്ടന് മാത്രമാണ് പ്രവേശനമുണ്ടായിരുന്നത്. കോഡ് ചെയ്ത എന്‍ക്രിപ്റ്റഡ് സന്ദേശങ്ങളുപയോഗിച്ച് കോട്ടന്‍ മാത്രമാണ് എക്കൗണ്ടുകള്‍ നിയന്ത്രിച്ചിരുന്നത്. ഹാക്കര്‍മാര്‍ പണം മോഷ്ടിച്ചേക്കാമെന്ന ഭീഷണി നിലനിന്നിരുന്നതിനാല്‍ പാസ്‌വേഡുകള്‍ ഇടപാടുകാര്‍ക്കും കൈമാറിയിരുന്നില്ല. വിവിധ രാജ്യങ്ങളില്‍ ഇതിനകം നിരോധിച്ച നിയമ വിരുദ്ധമായ ക്രിപ്‌റ്റോ കറന്‍സി നിലവില്‍ വന്നതിന് ശേഷം നിക്ഷേപകര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തിരിച്ചടികളിലൊന്നാണ് ഈ സംഭവം. ലോകത്തെ അംഗീകരിക്കപ്പെട്ട 237 ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകളില്‍ അതീവ വിശ്വാസ്യത പുലര്‍ത്തിയിരുന്ന കമ്പനികളിലൊന്നായിരുന്നു ക്വാഡ്രിഗ സിഎക്‌സ്.

നിക്ഷേപകരില്‍ നിന്ന് 30 ദിവസത്തെ സംരക്ഷണം നല്‍കണമെന്ന ക്വാഡ്രിഗയുടെ ആവശ്യം കനേഡിയന്‍ സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ട്. നിക്ഷേപകരുടെ നഷ്ടം എങ്ങനെ നികത്താമെന്ന് പരിശോധിക്കാനും കമ്പനി വില്‍ക്കുന്നതടക്കമുള്ള സാധ്യതകള്‍ ആലോചിക്കാനും പ്രമുഖ എക്കൗണ്ടിംഗ് കമ്പനിയായ ഏണസ്റ്റ് ആന്‍ഡ് യംഗിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കമ്പനിക്ക് പ്രത്യക്ഷ എക്കൗണ്ടിംഗ് സംവിധാനമോ ബാങ്ക് എക്കൗണ്ടുകളോ ഇല്ലേന്നും വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്തെന്നും എണസ്റ്റ ആന്‍ഡ് യംഗ് കോടതിയെ അറിയിച്ചു. പാസ്‌വേഡുകളെക്കുറിച്ചും കോട്ടന്റെ ഇടപാടുകളെ കുറിച്ചും ഒന്നുമറിയില്ലെന്നും കമ്പനി ഇടപാടുകളെല്ലാം വീടിനു വെളിയിലാണ് നടത്തിയിരുന്നതെന്നുമാണ് ഭാര്യ ജെന്നിഫര്‍ റോബര്‍ട്ട്‌സണ്‍ കോടതിയില്‍ നല്‍കിയ സത്യവാംഗ്്മൂലത്തില്‍ വ്യക്തമാക്കിയത്. മരിക്കുന്നതിന് ഏതാനും ദിവസം മുന്‍പ് നവംബര്‍ ഏഴിന് ജെന്നിഫറിനെ തന്റെ സ്വത്തുകളുടെ അവകാശിയായി പ്രഖ്യാപിച്ച് കോട്ടന്‍ വില്‍പ്പത്രം തയാറാക്കിയെന്ന വിവരവും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.

Comments

comments

Categories: FK News, Slider