2018ല്‍ ലഭിച്ചത് 15.77 പരാതികളെന്ന് കേന്ദ്ര സര്‍ക്കാര്‍

2018ല്‍ ലഭിച്ചത് 15.77 പരാതികളെന്ന് കേന്ദ്ര സര്‍ക്കാര്‍

പരാതികള്‍ തീര്‍പ്പാക്കുന്നതില്‍ മിക്ക വകുപ്പുകളും മന്ത്രാലയങ്ങളും 90 ശതമാനത്തിനു മുകളിലുള്ള പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്

ന്യൂഡെല്‍ഹി: 2018ല്‍ വിവിധ മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പൊതുജനങ്ങളില്‍ നിന്ന് 15.77 ലക്ഷം പരാതികളാണ് ലബിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഒരു വര്‍ഷത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പരാതികളുടെ എണ്ണമാണിത്. ഇതില്‍ 95 ശതമാനം പരാതികളും തീര്‍പ്പാക്കിയതായി സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു. ധനകാര്യ സേവനങ്ങള്‍, ആരോഗ്യം- കുടുംബക്ഷേമം, തപാല്‍, ടെലികമ്മ്യൂണിക്കേഷന്‍സ്, റെയ്ല്‍വേ, ആഭ്യന്തരം എന്നീ മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് ഏറ്റവുമധികം പരാതികള്‍ ലഭിച്ചിട്ടുള്ളത്.

പരാതികള്‍ തീര്‍പ്പാക്കുന്നതില്‍ മിക്ക വകുപ്പുകളും മന്ത്രാലയങ്ങളും 90 ശതമാനത്തിനു മുകളിലുള്ള പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഇതിനൊപ്പം തീര്‍പ്പാക്കലിന് എടുക്കുന്ന സമയം 60 ദിവസത്തില്‍ താഴെയായിരുന്നുവെന്നും കൃത്യമായ സന്ദേശങ്ങള്‍ ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും പരാതി പരിഹാര- പെന്‍ഷന്‍ മന്ത്രാലയം വ്യക്തമാക്കുന്നു.
മൂന്ന് പ്രധാന തലക്കെട്ടുകള്‍ക്ക് കീഴില്‍ 21 വിഭാഗങ്ങളിലായാണ് പരാതികള്‍ സ്വീകരിച്ചത്. ഓഫിസുകളില്‍ അപമര്യാദയായ പെരുമാറ്റം നേരിടേണ്ടി വരുകയോ കൈക്കൂലി നല്‍കേണ്ടി വരുകയോ ചെയ്യുമ്പോഴുള്ള പരാതി, സര്‍ക്കാര്‍ സംവിധാനങ്ങളിലെ അപര്യാപ്തതകളെ ചൂണ്ടിക്കാണിക്കുന്ന പരാതി, ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാത്തതിന്റെ പേരിലുള്ള പരാതി എന്നീ തലക്കെട്ടുകള്‍ക്കു കീഴിലാണ് പരാതികള്‍ വിഭാഗീകരിച്ചത്. പരാതികള്‍ കുറയ്ക്കുന്നതിനായി വിവിധ വകുപ്പുകള്‍ നടപടിക്രമങ്ങള്‍ ലളിതമാക്കുകയും തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. റെയ്ല്‍വേ ടിക്കറ്റുകള്‍ റദ്ദ് ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക്കായി റീഫണ്ടുകള്‍ നല്‍കുന്നത്, ബാങ്കുകളില്‍ ഏക ജാലക സംവിധാനത്തില്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. ട്രെയ്ന്‍ കോച്ചുകളുടെ ശുദ്ധീകരണത്തിന് സാങ്കേതിക സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചത്, ആദായ നികുതി റിട്ടേണുകളുടെ ഇ-വെരിഫിക്കേഷന്‍, പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ നടപടികള്‍ ലഘൂകരിച്ചത് എന്നിവ ഇത്തരത്തില്‍ ചൂണ്ടിക്കാണിക്കാവുന്ന പ്രധാന നടപടികളാണ്.

പൊതുജനങ്ങള്‍ക്ക് യഥാസമയം അറിയിപ്പുകള്‍ നല്‍കണമെന്ന നിര്‍ദേശം കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ജീവനക്കാരെ പ്രേരിപ്പിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. പൊതുജനങ്ങളുടെ പരാതിയെ കൈകാര്യം ചെയ്യുന്നത് വിലയിരുത്തി ഒരു അനുമോദന പദ്ധതിയും സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. 2018ല്‍ 9 വകുപ്പുകളാണ് ഈ പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ളത്. പാദാടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍ നടത്തുക.

Comments

comments

Categories: FK News
Tags: complaints