നിഹാല്‍ രാജ് ‘യോനോ എസ്ബിഐ 20 അണ്ടര്‍ ട്വന്റി’ ജേതാവ്

നിഹാല്‍ രാജ് ‘യോനോ എസ്ബിഐ 20 അണ്ടര്‍ ട്വന്റി’ ജേതാവ്

കൊച്ചി: എസ്ബിഐയുടെ ‘യോനോ എസ്ബിഐ 20 അണ്ടര്‍ ട്വന്റി’ അവാര്‍ഡ് ജേതാവായി കൊച്ചി സ്വദേശിയായ ഏഴു വയസുകാരന്‍ നിഹാല്‍ രാജ് (കിച്ച) തെരഞ്ഞെടുക്കപ്പെട്ടു. തങ്ങളുടെ കഴിവുകളും വൈദഗ്ധ്യവുംകൊണ്ട് സമൂഹത്തില്‍ മാറ്റമുണ്ടാക്കിയ യുവ പ്രതിഭകളെ ആദരിക്കുന്നതിനാണ് യോനോ എസ്ബിഐ 20 അണ്ടര്‍ ട്വന്റി അവാര്‍ഡുകള്‍ക്കു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രൂപം നല്‍കിയിട്ടുള്ളത്.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍-പുരുഷ വിഭാഗത്തിലാണ് നിഹാല്‍ രാജ് വിജയിയായത്. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ ഷെഫ് ആണ് നിഹാല്‍. തേങ്ങാപ്പായസം, ഐസ് ക്രീം കേക്ക്, തരികഞ്ഞി എന്നിവകൊണ്ട് അഞ്ചാം വയസ് മുതല്‍ ഏവരുടേയും വായില്‍ വെള്ളമൂറിച്ച കൊച്ചു മിടുക്കനാണ് നിഹാല്‍. സോഷ്യല്‍ മീഡിയയിലും പാചകലോകത്തും കിച്ച എന്ന പേരില്‍ അറിയപ്പെടുന്ന നിഹാലിന് ‘കിച്ചാ ട്യൂബ് എച്ച്ഡി’ എന്ന പേരില്‍ സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. ഇന്നതിന് മുപ്പതിനായിരത്തിലധികം വരിക്കാരുണ്ട്.

കിച്ചയുടെ പാചകക്കുറിപ്പുകള്‍ മാത്രമല്ല, അവയുടെ അവതരണവും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. അമേരിക്കയിലെ ജനപ്രിയ ടെലിവിഷന്‍ ടോക് ഷോ ആയ ‘ദ എലന്‍ ഡിജനറസ് ഷോ’യില്‍ കിച്ചയ്ക്ക് ക്ഷണം ലഭിച്ചു. അവിടെ കേരളത്തിന്റെ പരമ്പര്യ പ്രഭാതഭക്ഷണമായ പുട്ട് ഉണ്ടാക്കുവാന്‍ എലനെ കിച്ച പഠിപ്പിച്ചു. 2016-ല്‍ കിച്ചയുടെ മിക്കി മൈസ് മാംഗോ ഐസ് ക്രീം വീഡിയോ ഫേസ് ബുക്ക് വാങ്ങുകയും 2000 ഡോളര്‍ സമ്മാനം നല്‍കുകയും ചെയ്തിരുന്നു. ഇത് കിച്ചയെ അഞ്ചാം വയസില്‍ തന്നെ രാജ്യാന്തര സറ്റാറായി ഉയര്‍ത്തി.

Categories: FK News