വാള്‍മാര്‍ട്ട് ഫ്‌ളിപ്കാർട്ടിനെ കൈയൊഴിയില്ലെന്ന് കല്യാണ്‍ കൃഷ്ണമൂര്‍ത്തി

വാള്‍മാര്‍ട്ട് ഫ്‌ളിപ്കാർട്ടിനെ കൈയൊഴിയില്ലെന്ന് കല്യാണ്‍ കൃഷ്ണമൂര്‍ത്തി

മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട് അസത്യമെന്ന് ഫഌപ്പ്കാര്‍ട്ട് സിഇഒ; കമ്പനിയുടെ ജീവനക്കാര്‍ക്ക് ഇ-മെയില്‍ സന്ദേശം

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ ഫഌപ്പ്കാര്‍ട്ടിനെ യുഎസ് റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ട് കൈയൊഴിഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകളെ തള്ളി ഫഌപ്പ്കാര്‍ട്ട് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി രംഗത്ത്. ഇന്ത്യയിലെ പുതിയ എഫ്ഡിഐ നയം ഇ-കൊമേഴ്‌സ് കമ്പനികളുടെ ലാഭത്തിന് മങ്ങലേല്‍പ്പിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ഫഌപ്പ്കാര്‍ട്ടില്‍ നിന്ന് വാള്‍മാര്‍ട്ട് പിന്‍മാറുമെന്ന് ആഗോള ധനകാര്യ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിയാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയിലും ഫഌപ്പ്കാര്‍ട്ടിലും വാള്‍മാര്‍ട്ടിനുള്ള വിശ്വാസം ആവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ട് കല്യാണ്‍ കൃഷ്ണമൂര്‍ത്തി ജീവനക്കാര്‍ക്ക് ഇ-മെയില്‍ സന്ദേശം അയച്ചു. ”സത്യത്തില്‍ നിന്നും ഏറെ അകലയൊണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിപണിയുടെ സാധ്യതകളിലും ഇ-കൊമേഴ്‌സ് മേഖലയില്‍ മുന്നേറാനുള്ള ഫഌപ്പ്കാര്‍ട്ടിന്റെ കഴിവിലും വാള്‍മാര്‍ട്ടിന് മികച്ച ആത്മവിശ്വാസമാണ് ഉള്ളത്. ഫഌപ്പ്കാര്‍ട്ടുമായുള്ള പങ്കാളിത്തത്തിലൂടെ ദീര്‍ഘകാല അവസരങ്ങളാണ് വാള്‍മാര്‍ട്ട് പരിഗണിച്ചത്. അവര്‍ക്ക് ഹ്രസ്വകാല തടസങ്ങളില്‍ ആശങ്കയില്ല,” ഇ-മെയില്‍ വ്യക്തമാക്കുന്നു.

ഫെബ്രുവരി 1 മുതല്‍ നടപ്പിലാക്കിയ പുതിയ ഇ-കൊമേഴ്‌സ് എഫ്ഡിഐ നയം ഫഌപ്പ്കാര്‍ട്ടിന്റെ വരുമാനം വന്‍തോതില്‍ ഇടിക്കുമെന്നാണ് ഫെബ്രുവരി നാലിന് പുറത്തിറങ്ങിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നത്. പുതിയ നിയമം അനുസരിച്ച് സ്മാര്‍ട്ട്‌ഫോണുകളും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഉള്‍പ്പെടെ ഏകദേശം 25 ശതമാനത്തോളം ഉല്‍പ്പന്നങ്ങള്‍ ഫഌപ്പ്കാര്‍ട്ടിന് സൈറ്റില്‍ നിന്നും നീക്കേണ്ടി വരും. വരുമാനത്തില്‍ 50 ശതമാനത്തോളം ഇടിവാണ് ഇതുമൂലം ഉണ്ടാവുകയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആകെ വില്‍പ്പനയുടെ 25 ശതമാനത്തിലധികം ഏതെങ്കിലും ഒരു ഉല്‍പ്പാദകന്റെ ഉല്‍പ്പന്നങ്ങളാവരുതെന്നും ഏതെങ്കിലും വ്യാപാരികള്‍ക്ക് പ്രാമുഖ്യം കൊടുക്കരുതെന്നും ഓഹരി ഉടമസ്ഥതയുള്ള കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കരുതെന്നുമടക്കമുള്ള ചട്ടങ്ങളാണ് പുതിയ എഫ്ഡിഐ നയത്തില്‍ ഉള്ളത്.

ഫഌപ്പ്കാര്‍ട്ടിനും എതിരാളികളായ ആമസോണിനും വില്‍പ്പനയിലടക്കം ഹ്രസ്വകാല തിരിച്ചടി പുതിയ നയം മൂലം ഉണ്ടാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. നയത്തിനനുസൃതമായ പരിവര്‍ത്തനങ്ങള്‍ നടത്താന്‍ മൂന്ന് മാസമെങ്കിലും കമ്പനികള്‍ക്ക് വേണ്ടിവന്നേക്കും.

Comments

comments

Categories: Business & Economy