വെങ്കട്‌റാം മാമില്ലാപള്ളി പുതിയ റെനോ ഇന്ത്യാ മേധാവി

വെങ്കട്‌റാം മാമില്ലാപള്ളി പുതിയ റെനോ ഇന്ത്യാ മേധാവി

നിലവിലെ റെനോ ഇന്ത്യാ ഓപ്പറേഷന്‍സ് മേധാവി സുമിത് സ്വാഹ്നിക്ക് പകരമാണ് പുതിയ നിയമനം

ന്യൂഡെല്‍ഹി : ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യയില്‍ നേതൃതലത്തില്‍ അഴിച്ചുപണി നടത്തി. റെനോ ഇന്ത്യാ മാനേജിംഗ് ഡയറക്റ്ററായി വെങ്കട്‌റാം മാമില്ലാപള്ളിയെ നിയമിച്ചു. നിലവിലെ റെനോ ഇന്ത്യാ ഓപ്പറേഷന്‍സ് മേധാവി സുമിത് സ്വാഹ്നിക്ക് പകരമാണ് പുതിയ നിയമനം. മാര്‍ച്ച് ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അടുത്തിടെ വരെ റഷ്യയില്‍ റെനോ-നിസാന്‍-ആവ്‌ട്ടോവാസ് പര്‍ച്ചേസിംഗ് ഓര്‍ഗനൈസേഷന്‍ മേധാവിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു വെങ്കട്‌റാം മാമില്ലാപള്ളി. റെനോ ഗ്രൂപ്പ് ആഫ്രിക്ക-മിഡില്‍ ഈസ്റ്റ്-ഇന്ത്യ (എഎംഐ) മേഖലാ ചെയര്‍മാന്‍ ഫാബ്രിസ് കംബോലിവ് മുമ്പാകെയാണ് വെങ്കട്‌റാം മാമില്ലാപള്ളി റിപ്പോര്‍ട്ട് ചെയ്യേണ്ടത്.

എഎംഐ മേഖല എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി സുമിത് സ്വാഹ്നി തുടരുമെന്ന് കംബോലിവ് പറഞ്ഞു. അദ്ദേഹത്തിന്റെ പുതിയ ആഗോള ചുമതല വൈകാതെ പ്രഖ്യാപിക്കുമെന്ന് എഎംഐ മേഖലാ ചെയര്‍മാന്‍ അറിയിച്ചു. 2012 ല്‍ ജനറല്‍ മോട്ടോഴ്‌സില്‍നിന്നാണ് സുമിത് സ്വാഹ്നി റെനോ ഇന്ത്യയില്‍ ചേര്‍ന്നത്.

ഇന്ത്യയില്‍ റെനോ ബ്രാന്‍ഡിനായി ശക്തമായ അടിത്തറ ഒരുക്കുന്നതിനും തുടര്‍ന്നുള്ള വളര്‍ച്ചയിലും സുമിത് സ്വാഹ്നി നിര്‍ണ്ണായക പങ്ക് വഹിച്ചെന്ന് ഫാബ്രിസ് കംബോലിവ് പറഞ്ഞു. ഡസ്റ്റര്‍, ക്വിഡ് എന്നീ രണ്ട് മോഡലുകളെ മുന്നില്‍നിര്‍ത്തി ഇന്ത്യന്‍ വിപണിയിലെ അനിഷേധ്യ യൂറോപ്യന്‍ ബ്രാന്‍ഡായി റെനോ വളര്‍ന്നത് സുമിത് സ്വാഹ്നിയുടെ നേതൃത്വത്തിലാണെന്ന് അദ്ദേഹം പ്രശംസ ചൊരിഞ്ഞു. റെനോ ഗ്രൂപ്പിന്റെ ഭാവി വളര്‍ച്ചാ പദ്ധതികളില്‍ ഇന്ത്യ പ്രധാനപ്പെട്ട വിപണിയാണെന്ന് കംബോലിവ് കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Auto