ഉപഭോക്താക്കളുടെ ടിവി ബില്ല് വര്‍ധിക്കുമെന്ന് ക്രിസില്‍

ഉപഭോക്താക്കളുടെ ടിവി ബില്ല് വര്‍ധിക്കുമെന്ന് ക്രിസില്‍

ടെലിവിഷന്‍ ചാനലുകള്‍ തെരഞ്ഞെടുക്കുന്നതില്‍ ഉപഭോക്താക്കള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള ട്രായ് ഉത്തരവ് ഈ മാസം ഒന്നാം തിയതി മുതലാണ് പ്രാബല്യത്തില്‍ വന്നത്

ന്യൂഡെല്‍ഹി: ടെലികോം നിയന്ത്രണ അതോറിറ്റിയുടെ (ട്രായ്) പുതിയ താരിഫ് ഉത്തരവ് മിക്ക ഉപഭോക്താക്കളുടെയും പ്രതിമാസ ടെലിവിഷന്‍ വരി സംഖ്യയില്‍ വര്‍ധനയ്ക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. പുതിയ താരിഫ് രീതി ജനകീയ ചാനലുകള്‍ക്ക് ഗുണം ചെയ്യുമെന്നും റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ടെലിവിഷന്‍ ചാനലുകള്‍ തെരഞ്ഞെടുക്കുന്നതില്‍ ഉപഭോക്താക്കള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള ട്രായ് ഉത്തരവ് ഈ മാസം ഒന്നാം തിയതി മുതലാണ് പ്രാബല്യത്തില്‍ വന്നത്. 100 സൗജന്യ ചാനലുകള്‍ 130 രൂപാ നിരക്കില്‍ നല്‍കണമെന്നാണ് ട്രായ് നിര്‍ദേശം. ഇതുകൂടാതെ പേ ചാനലുകളില്‍ നിന്ന് ഇഷ്ടമുള്ളവ തെരഞ്ഞെടുത്ത് കാണാനും ഉപഭോക്താക്കള്‍ക്ക് കഴിയും. ട്രായ് ഉത്തരവ് അനുസരിച്ച് ബ്രോഡ്കാസ്റ്റിംഗ് കമ്പനികളും ഡിസ്ട്രിബ്യൂട്ടര്‍മാരും പ്രഖ്യാപിച്ചിട്ടുള്ള നെറ്റ്‌വര്‍ക്ക് ഫീ ഉപഭോക്താക്കള്‍ക്ക് ബാധ്യതയാകുമെന്നാണ് ക്രിസിലിന്റെ നിരീക്ഷണം.

നിരക്കുകളില്‍ സുതാര്യത ഉറപ്പാക്കുന്നതിനും ഏകീകൃത രീതി കൊണ്ടുവരുന്നതിനുമാണ് ട്രായ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. തങ്ങള്‍ക്ക് ഇഷ്ടമുള്ള ചാനലുകള്‍ തെരഞ്ഞെടുക്കാന്‍ വരിക്കാര്‍ക്ക് അവസരം നല്‍കികൊണ്ടുള്ളതാണ് പുതിയ ഉത്തരവ്. തെരഞ്ഞെടുക്കുന്ന ചാനലുകള്‍ക്ക് മാത്രം ഉപഭോക്താക്കള്‍ പണം നല്‍കിയാല്‍ മതി. ഓരോ ചാനലിന്റെയും പരമാവധി റീട്ടെയല്‍ നിരക്ക് വെളിപ്പെടുത്താനും ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ കേബിള്‍, ഡിടിഎച്ച് ദാതാക്കള്‍ നല്‍കിയിരുന്ന പാക്കേജുകള്‍ക്കാണ് ഉപഭോക്താക്കള്‍ വരി സംഖ്യ അടച്ചിരുന്നത്. എന്നാല്‍, പഴയ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ട്രായ് നിര്‍ദേശം പ്രതിമാസ ടെലിവിഷന്‍ ബില്ലില്‍ 25 ശതമാനം വരെ വര്‍ധനയുണ്ടാക്കുമെന്നാണ് ക്രിസിലിന്റെ നിരീക്ഷണം. നേരത്തെ 230-240 രൂപ വരെ വരിസംഖ്യ അടച്ചിരുന്ന സ്ഥാനത്ത് ഇനി ഏകദേശം 300 രൂപ വരെ ഉപഭോക്താക്കള്‍ അടയ്‌ക്കേണ്ടി വരുമെന്ന് ക്രിസില്‍ പറയുന്നു. പത്ത് പ്രധാന ചാനലുകള്‍ തെരഞ്ഞെടുക്കുമ്പോഴുള്ള നിരക്കാണിത്. അഞ്ച് ചാനലുകള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് നിരക്ക് കുറയുമെന്നും ക്രിസില്‍ സീനിയര്‍ ഡയറക്റ്റര്‍ സച്ചിന്‍ ഗുപ്ത പറഞ്ഞു. ഈ രീതി പ്രക്ഷേപണ വ്യവസായ രംഗത്തെ ഏകീകരണത്തിലേക്ക് നയിക്കുമെന്നും ക്രിസില്‍ ചൂണ്ടിക്കാട്ടി.

Categories: FK News
Tags: Tv Bill