ട്രംപ്-കിം ഉച്ചകോടി ഈ മാസം അവസാനം

ട്രംപ്-കിം ഉച്ചകോടി ഈ മാസം അവസാനം

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കും

വാഷിംഗ്ടണ്‍: അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള രണ്ടാം ഉച്ചകോടി ഈ മാസം 27നും 28നും വിയറ്റ്‌നാമില്‍ നടക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
കോണ്‍ഗ്രസിനെയും രാജ്യത്തെയും അഭിസംബോധന ചെയ്തുള്ള തന്റെ വാര്‍ഷിക പ്രസംഗത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബന്ദികളാക്കപ്പെട്ടവരെല്ലാം മടങ്ങിയെത്തി. ആണവപരീക്ഷണങ്ങള്‍ നിര്‍ത്തി വെയ്ക്കപ്പെട്ടു. കൂടാതെ കഴിഞ്ഞ 15 മാസങ്ങളായി മിസൈല്‍ പരീക്ഷണങ്ങളും നടക്കുന്നില്ല. പ്രസിഡന്റായി താന്‍ തെരഞ്ഞെടുക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ഇന്ന് ഉത്തരകൊറിയയുമായി അമേരിക്ക യുദ്ധത്തിലേര്‍പ്പെടുമായിരുന്നെന്നും പറയാന്‍ ട്രംപ് മടിച്ചില്ല. കൂടുതല്‍ പ്രവര്‍ത്തികള്‍ ഇനി ചെയ്യാന്‍ ബാക്കിയാണ്. എന്തുതന്നെയായാലും കി ജോംഗ് ഉന്നുമായുള്ള തന്റെ ബന്ധം മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തരകൊറിയയിലെ അമേരിക്കന്‍ സ്ഥാനപതി സ്റ്റീഫന്‍ ബീഗന്‍ ഉച്ചകോടിയുമായുമായി ബന്ധപ്പെട്ട് പ്യോംഗ്‌യാംഗില്‍ അധികൃതരുമായി സംസാരിച്ചു. ഉച്ചകോടിയില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് അവസാനതീരുമാനം ആയിട്ടില്ലെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥനും പ്രതികരിച്ചു. ആദ്യ ഉച്ചകോടി കഴിഞ്ഞവര്‍ഷം ജൂണില്‍ സിംഗപ്പൂരിലായിരുന്നു. അതേസമയം മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുകതന്നെ ചെയ്യുമെന്നും ട്രംപ് തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി.

ഇന്ത്യയെ ഉള്‍പ്പെടുത്തി ഒരു ആണവമിസൈല്‍ കരാറിന് രൂപം കൊടുക്കണമെന്ന നിര്‍ദേശവും വാര്‍ഷിക പ്രസംഗത്തില്‍ ട്രംപ് മുന്നോട്ടുവെച്ചു. റഷ്യയുമായി ഉണ്ടായിരുന്ന ഇന്റര്‍മീഡിയേറ്റ് റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സസ് ഉടമ്പടിയില്‍നിന്നും പിന്മാറിയ അമേരിക്കയുടെ നിലപാടിനെ ട്രംപ് ന്യായീകരിച്ചു. റഷ്യ നിരന്തരമായി കരാര്‍ ലംഘിച്ചതുകൊണ്ടാണ് അമേരിക്ക ഉടമ്പടിയില്‍നിന്നു പിന്‍വാങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.

ഈ കരാര്‍ ഒപ്പിട്ടിരുന്നത് മുന്‍ യുഎസ് പ്രസിഡന്റ് റൊണാള്‍ഡ് റെയ്ഗനും സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി മിഖായേല്‍ ഗോര്‍ബെച്ചേവും ചേര്‍ന്നാണ്.ആയിരം മുതല്‍ അയ്യായിരം കിലോമീറ്റര്‍വരെ പരിധിയുള്ള ഭൂതല മിസൈലുകളാണ് ഈ കരാറിന്റെ പരിധിയില്‍ വന്നിരുന്നത്. ഇപ്പോള്‍ ബാക്കി രാജ്യങ്ങളെയും കൂടി ഉള്‍പ്പെടുത്തി പുതിയകരാറിന് ശ്രമിക്കണമെന്നാണ് ട്രംപിന്റെ നിര്‍ദേശം. ഇന്ത്യയുടെ പൃഥ്വി, അഗ്നി മിസൈലുകളും പാക്കിസ്ഥാന്റെ ബാബര്‍,ഘോറി,ഷഹീന്‍ തുടങ്ങിയവയും ഈ ശ്രേണിയില്‍ വരും. കഴിഞ്ഞമാസം നടക്കേണ്ട വാര്‍ഷിക പ്രസംഗം യുഎസിലുണ്ടായ ഭരണ പ്രതിസന്ധിയെത്തുടര്‍ന്നാണ് മാറ്റിവെച്ചത്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ ഇരുമ്പുമതില്‍ നിര്‍മിക്കുന്നതിന് പണം അനുവദിക്കാത്തതിനെത്തുടര്‍ന്ന് ബില്ലുകളില്‍ ഒപ്പിടാന്‍ ട്രംപ് വിസമ്മതിക്കുകയായിരുന്നു. ഇതിനെതുടര്‍ന്ന് സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങള്‍ പോലും മുടങ്ങി.

അഫ്ഗാനിസ്ഥാനിലെ കാര്യവും ട്രംപ് പരാമര്‍ശിച്ചു.താലിബാനടക്കമുള്ള വിവിധ ഗ്രൂപ്പുകളുമായി ചര്‍ച്ചകള്‍ നടത്തുണ്ട്. ഇതില്‍ വിജയിച്ചാല്‍ അഫ്ഗാനിലെ അമേരിക്കയുടെ സാന്നിധ്യം കുറയ്ക്കാനാകും. കൂടുതല്‍ ശ്രദ്ധ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കാനും സാധിക്കും. ഒരു കരാറിലെത്താനായാല്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള യുദ്ധത്തിന് പരിഹാരവുമാകുമെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.

Categories: FK News