സ്ട്രാറ്റജിയോ? ദ്രോഹിക്കരുത് പ്‌ളീസ്!

സ്ട്രാറ്റജിയോ? ദ്രോഹിക്കരുത് പ്‌ളീസ്!

പിയര്‍ അനാലിസിസിനെ കുറിച്ചാണ് ഇത്തവണ. നമ്മുടെ പ്രവര്‍ത്തന മണ്ഡലത്തില്‍ തന്നെ ഉള്ള മറ്റു സ്ഥാപനങ്ങളെക്കുറിച്ച് വിശദമായി പഠിക്കുകയെന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അവരുടെ വ്യാപാരം എങ്ങിനെ പോകുന്നു, അവര്‍ പുതിയതായി എന്തെങ്കിലും പരിപാടി നടപ്പാക്കിയിട്ടുണ്ടോ? അവര്‍ അവലംബിക്കുന്ന തന്ത്രങ്ങള്‍ എന്തൊക്കെ? അത് കൊണ്ട് വല്ല പ്രയോജനവും ഉണ്ടായിട്ടുണ്ടോ എന്നൊക്കെ വിശകലനം ചെയ്യുകയാണ് പിയര്‍ അനാലിസിസിന്റെ രീതി. പുതിയ തന്ത്രങ്ങള്‍ നല്ല രീതിയില്‍ നടന്നു കൊണ്ടിരിക്കുന്ന സ്ഥാപനങ്ങളില്‍ പരീക്ഷിക്കണം എന്ന് വാശി പിടിക്കരുത്. അവിടങ്ങളില്‍ ആവശ്യമായ ചെറിയ മാറ്റങ്ങള്‍ മാത്രം ജീവനക്കാരുടെ സഹകരണത്തോടെ, അവരെ കൂടി ഉള്‍പ്പെടുത്തി നടപ്പാക്കിയാല്‍ മതിയാവും.

പരിചയപ്പെട്ടിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ എങ്കിലും മൊയ്തുക്ക എന്നോട് വളരെ സ്വാതന്ത്ര്യത്തോടെയാണ് പെരുമാറുന്നത്. പെരുത്തിഷ്ടം എന്ന് കൂട്ടിക്കോളൂ. പെട്ടെന്ന് ഒരു ദിവസം രാവിലെ തന്നെ വിളി വന്നു. ‘മോനെ ഞാന്‍ മര്യാദക്ക് ബിസിനസ്സും കാര്യങ്ങളുമായി ബുദ്ധിമുട്ടൊന്നും ഇല്ലാതെ പൊയ്‌ക്കൊണ്ടിരുന്ന ആളാണ്. എന്റെ പേരക്കുട്ടി ബല്യ പഠിപ്പൊക്കെ കഴിഞ്ഞു വന്നിട്ടുണ്ട്. എന്തോ സ്ട്രാറ്റജി, അലീക്ക എന്നൊക്കെ പറയുന്നു,’.

അയ്യോ മൊയ്തുക്കാ.. അലീക്ക അല്ല അനലിറ്റിക്‌സ്.

‘ആഹ്, അതെന്തോ ആയിക്കോട്ടെ, നീ ഒന്ന് അവനോടു സംസാരിച്ചു കാര്യങ്ങള്‍ മനസ്സിലാക്കണം.’

ശരി. പിറ്റേ ദിവസം തന്നെ കാണാം എന്നേറ്റു. പോളണ്ടില്‍ നിന്ന് എംബിഎ കഴിഞ്ഞ പുലിയാണ്. പഠനം കഴിഞ്ഞതും നേരെ കുടുംബ ബിസിനസ്സിലേക്ക് ഇറങ്ങിയതാണ് കൊച്ചുമോന്‍. തുടുത്തു സുന്ദരനായ പൌഡര്‍ കുട്ടന്‍ പറയുന്നത് ഈ സ്ഥാപനത്തില്‍ പലരും വെറുതെ ഇരിക്കുന്നു, ആധുനികത ഇല്ല, ബുദ്ധിക്കല്ല വികാരങ്ങള്‍ക്കാണ് പ്രാധാന്യം എന്നൊക്കെയാണ്. അത് കൊണ്ട് തന്നെ ഇവിടെ ഒരു പാട് മാറ്റങ്ങള്‍ വരുത്തണം. ഞാന്‍ ചോദിച്ചു, എന്ത് മാറ്റങ്ങള്‍? അടിമുടി ഉടച്ചു വാര്‍ക്കണം. നല്ല വിദ്യാഭ്യാസയോഗ്യതയുള്ള ആളുകളെ കൊണ്ട് വരണം എന്നൊക്കെയാണ് ആവശ്യം. പയ്യന്‍ ഇതിന്റെ ചെറിയ സാമ്പിള്‍ ഒന്ന് പരീക്ഷിച്ചു നോക്കിയിട്ടുണ്ടെന്നു തോന്നുന്നു. പയ്യനും ഞാനും മുറിയില്‍ ഇരുന്നു സംസാരിക്കുമ്പോള്‍ ഓഫീസില്‍ മുറിയില്‍ ഇരുന്നു ചില്ലു മുറിയിലേക്ക് ഇടയ്ക്കിടെ ഒളികണ്ണിട്ട് നോക്കുന്ന ജോലിക്കാരെ കണ്ടപ്പോള്‍ തന്നെ അത് മനസ്സിലായി. അത് കൊണ്ട് തന്നെയാണ് മൊയ്തുക്ക എന്നെ പെട്ടെന്ന് വിളിപ്പിച്ചതും.

ഇരുന്നൂറിന് മുകളില്‍ ജീവനക്കാരില്‍ ഭൂരിഭാഗവും കുറെ കാലമായി ഇവിടെ ജോലി ചെയ്യുന്നവരാണ്. ഞാന്‍ പയ്യനോട് ചോദിച്ചു. എന്ത് കാരണം കൊണ്ടാണ് ഇവിടെ ആളുകള്‍ ശരിയല്ല എന്ന് പറയുന്നത്? വെറും താത്വിക അവലോകനം ആണോ അതോ എന്തെങ്കിലും അടിസ്ഥാനമുണ്ടോ?

‘ഇവിടുത്തെ ആളുകള്‍ക്ക്, ഒന്നോ രണ്ടോ പേരൊഴിച്ച് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ല. അത് കൊണ്ട് പല നല്ല ബിസിനസ്സും കിട്ടാതെ പോകും,’ പയ്യന്‍ കലക്കി. അപ്പൊ പിന്നെ അവന്റെ ലൈനില്‍ തന്നെ പിടിക്കാം എന്ന് വെച്ചു. പിയര്‍ അനാലിസിസ് (peer analyssi) ചെയ്തു നോക്കിയോ മോനേ? പിയര്‍ അനാലിസിസ് എന്ന് പറയുന്നത്, നമ്മുടെ തൊട്ടടുത്തുള്ള വീടുകളിലേക്ക് എത്തി നോക്കി അവിടെ ലൈറ്റ് ഉണ്ടോ, ഫാന്‍ ഉണ്ടോ, എസിയുണ്ടോ എന്ന് ചികയുന്നതിന്റെ ബൗദ്ധിക തലമാണ്. അത് പോലെ നിങ്ങളുടെ അതേ പ്രവര്‍ത്തന മണ്ഡലത്തില്‍ ഉള്ള മറ്റു സ്ഥാപനങ്ങളെക്കുറിച്ച് പഠിക്കുക. അവരുടെ വ്യാപാരം എങ്ങിനെ പോകുന്നു, അവര്‍ പുതിയതായി എന്തെങ്കിലും നടപ്പാക്കിയിട്ടുണ്ടോ? അവര്‍ അവലംബിക്കുന്ന തന്ത്രങ്ങള്‍ എന്തൊക്കെ? അത് കൊണ്ട് വല്ല പ്രയോജനവും ഉണ്ടായിട്ടുണ്ടോ എന്നൊക്കെ പഠിച്ചെടുക്കുക. പൂര്‍ണമായും ചെയ്തില്ലെങ്കിലും പയ്യന്‍സ് ഒരു മേലാപ്പിലൊക്കെ ചെയ്തിട്ടുണ്ട്. പ്രതിയോഗികളില്‍ പലരും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ കെട്ടുകെട്ടി. ചിലര്‍ ലാഭവും നഷ്ടവുമായി തട്ടിമുട്ടി പോകുന്നു. രണ്ടു മൂന്ന് പേര് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു. പക്ഷെ ആരും മൊയ്തുക്കയെ തോല്‍പ്പിക്കുന്ന രീതിയിലേക്ക് വളര്‍ന്നിട്ടില്ല.

അപ്പോള്‍ പിന്നെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിയാത്തത് ഒരു കുറവായി കണക്കാക്കാന്‍ പറ്റുമോ? പിന്നെ പയ്യന്‍ പറഞ്ഞ ഒരു കാര്യം, അത് നടപ്പാക്കേണ്ടതാണ്. അനലിറ്റിക്‌സ്.. ഡാറ്റാ അനലിറ്റിക്‌സ്. ഇത് നടപ്പാക്കുമ്പോള്‍ തീര്‍ച്ചയായും ചെയ്യുന്ന കാര്യങ്ങളുടെ കിടപ്പുവശം ശാസ്ത്രീയമായി നമുക്ക് വിശകലനം ചെയ്യാന്‍ പറ്റും. ചിലവാക്കുന്ന ഓരോ പൈസയുടെയും തിരിച്ചു വരവ് കൃത്യമായി കണക്കാക്കാം. ഓരോ ജോലിക്കാരും എന്ത് ചെയ്യുന്നു, ഓരോ പരസ്യങ്ങളും കൊണ്ട് എന്ത് നേട്ടമുണ്ടായി എന്നൊക്കെ നോക്കി വേണ്ട മാറ്റങ്ങള്‍ വരുത്താം. വിപണിയില്‍ ഇഷ്ടം പോലെ അതിനു വേണ്ട സോഫ്റ്റ്‌വെയറുകള്‍ ലഭ്യമാണ് താനും.

പിന്നെ, മൊയ്തുക്ക എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. ‘എനിക്ക് ഏറ്റവും വലുത് എന്റെ ഇടപാടുകാരും എന്റെ കൂടെ ഇത്രയും കാലമായി നില്‍ക്കുന്ന ജീവനക്കാരുമാണ്. അവര്‍ക്ക് വേണ്ടി ഞാന്‍ എന്തും ചെയ്യും.’ ഇതിനു മേലെ ഒരു തന്ത്രവും പരിഷ്‌കാരവും ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല. അദ്ദേഹം തന്റെ കാതും കണ്ണും തുറന്നു വെച്ചിരിക്കുന്നു. അത് കൊണ്ടുതന്നെ എല്ലാവര്‍ക്കും എന്ത് വേണം എന്ന് മനസ്സിലാക്കി അതില്‍ തന്റെ സ്‌നേഹം എന്ന വികാരത്തെയും ചേര്‍ത്തുവെച്ചു തീരുമാനം എടുക്കുന്നു, സിമ്പിള്‍! ഇറങ്ങുമ്പോള്‍ മോനോട് പറഞ്ഞ ഒരേ ഒരു കാര്യം, പുതിയ തന്ത്രങ്ങള്‍ നല്ല രീതിയില്‍ നടന്നു കൊണ്ടിരിക്കുന്ന സ്ഥാപനങ്ങളില്‍ പരീക്ഷിക്കണം എന്ന് വാശി പിടിക്കരുത്. അവിടങ്ങളില്‍ ആവശ്യമായ ചെറിയ മാറ്റങ്ങള്‍ മാത്രം ജീവനക്കാരുടെ സഹകരണത്തോടെ, അവരെ കൂടി ഉള്‍പ്പെടുത്തി നടപ്പാക്കിയാല്‍ മതി. ഇതല്ലേ ശരി?

(കല്യാണ്‍ജി പേഴ്‌സണല്‍ ബിസിനസ് കോച്ചും സ്റ്റാര്‍ട്ടപ്പ് സ്ട്രാറ്റെജി കണ്‍സള്‍ട്ടന്റുമാണ്. അദ്ദേഹത്തെ Kalyanji@startupconsulting.net.in എന്ന ഇ മെയില്‍ ഐഡി യില്‍ ബന്ധപ്പെടാം. Whatsapp: +91-9495854409)

Comments

comments

Categories: FK Special, Slider