സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് അഹമ്മദാബാദില്‍ ആഗോള ബ്രാഞ്ച് തുടങ്ങിയേക്കും

സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് അഹമ്മദാബാദില്‍ ആഗോള ബ്രാഞ്ച് തുടങ്ങിയേക്കും

ഗിഫ്റ്റ് സിറ്റിയിലാണ് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ഐഎഫ്എസ്‌സി യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ പദ്ധതിയിടുന്നത്

മുംബൈ: ലണ്ടന്‍ ആസ്ഥാനമായ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി അഹമ്മദാബാദില്‍ ഒരു ശാഖ തുടങ്ങുന്നതിനുള്ള ശ്രമത്തിലാണ് ബാങ്ക്. യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര സാമ്പത്തിക സേവന കേന്ദ്ര(ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍- ഐഎഫ്എസ്‌സി)മായിരിക്കും ഇത്.

സാമ്പത്തിക സാങ്കേതിക രംഗത്തെ അന്താരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുന്നതിന് ഗുജറാത്ത് സര്‍ക്കാര്‍ അഹമ്മദാബാദില്‍ സ്ഥാപിച്ചിട്ടുള്ള ഗിഫ്റ്റ് സിറ്റിയിലാണ് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ആഗോള ശാഖയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ പദ്ധതിയിടുന്നത്. വിദേശത്ത് സാന്നിധ്യമുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് ഡോളര്‍ വായ്പകള്‍ ഈ ബ്രാഞ്ചിലൂടെ ലഭ്യമാകുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇന്ത്യയുടെ ആഭ്യന്തര സെക്യൂരിറ്റികളില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ എന്ന നിലയില്‍ നിക്ഷേപം നടത്തുന്നതിനും പദ്ധതിയുണ്ട്.
ഇന്ത്യയില്‍ ശാഖ തുറക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് ബാങ്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ഗിഫ്റ്റ് സിറ്റിയില്‍ ശാഖ സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ മുന്നോട്ടുകൊണ്ടു പോകുകയാണെന്ന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന്റെ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗിഫ്റ്റ് സിറ്റി ഗുജറാത്ത് സര്‍ക്കാരിനു കീഴിലുള്ള പ്രത്യേക സാമ്പത്തിക മേഖലയായതിനാല്‍ നികുതി ആനുകൂല്യങ്ങള്‍ ലഭ്യമാണ്. അന്താരാഷ്ട്ര സംരംഭങ്ങളെ അവിടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് കൂടുതല്‍ പ്രോല്‍സാഹനം നല്‍കുന്നു.

നിലവില്‍ എസ്ബി ഐയും ഐസിഐസിഐയും ഉള്‍പ്പടെ ഒരു ഡസനോളം ബാങ്കുകള്‍ ഗിഫ്റ്റ് സിറ്റിയില്‍ തങ്ങളുടെ ഐഎഫ്എസ്‌സി യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഗിഫ്റ്റ് സിറ്റിയില്‍ ഐഎഫ്എസ്‌സി പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ അവിടത്തെ ഐഎഫ്എസ്‌സി ബാങ്കിംഗ് യൂണിറ്റുകള്‍ മൊത്തമായി 16 ബില്യണ്‍ ഡോളറിന്റെ ഇടപാടുകളാണ് നടത്തിയിട്ടുള്ളത്.

Categories: FK News