സഖ്യമുറപ്പിക്കാതെ ശിവസേനയുടെ മുന്നൊരുക്കം

സഖ്യമുറപ്പിക്കാതെ ശിവസേനയുടെ മുന്നൊരുക്കം

തെരഞ്ഞെടുപ്പു വിദഗ്ധനായ പ്രശാന്ത് കിഷോര്‍ പാര്‍ട്ടിക്ക് മാര്‍ഗനിര്‍ദേശം നല്‍കും

മഹാരാഷ്്ട്രയിലെ പ്രമുഖ പാര്‍ട്ടികളിലൊന്നായ ശിവസേന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള മുന്നൊരുക്കങ്ങളാരംഭിച്ചു. തെരഞ്ഞെടുപ്പു വിദഗ്ധനായ പ്രശാന്ത് കിഷോറാകും പാര്‍ട്ടിക്ക് വേണ്ട മാര്‍ഗനിര്‍ദേശം നല്‍കുക. ഇതിന്റെ ഭാഗമായി മുംബൈയിലെ തന്റെ വസതിയായ മാതോശ്രീയില്‍ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി. ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ ആദിത്യ താക്കറെ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

പ്രശാന്ത് കിഷോറുമായി നടത്തിയ കൂടിക്കാഴ്ചയും പ്രാഥമികമായി നടത്തിയ ചര്‍ച്ചയും ഉദ്ധവ് നേതാക്കളോട് വിശദീകരിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. അടുത്ത ഏതാനും ദിവസങ്ങള്‍ക്കകം പാര്‍ട്ടി സ്വീകരിക്കേണ്ട നയങ്ങളെപ്പറ്റി വിശദമായ അവതരണം അദ്ദേഹം നടത്തുമെന്നാണ് കരുതുന്നത്. പ്രാഥമിക കൂടിക്കാഴ്ചയായിരുന്നു ഇതെന്നും പ്രശാന്തുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നതില്‍ പാര്‍ട്ടി താല്‍പ്പര്യപ്പെടുന്നതായും യോഗത്തില്‍ പങ്കെടുത്ത പേരുവെളിപ്പെടുത്താനാഗ്രഹമില്ലാത്ത മറ്റൊരു എംപി പറഞ്ഞു. നിലവില്‍ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാതെ നില്‍ക്കുന്ന ശിവസേനയുമായി ധാരണയിലെത്താന്‍ ഒരുപക്ഷേ ഇതുവഴി സാധിച്ചേക്കും എന്നാണ് കരുതുന്നത്. പൊതുവെ നഗരങ്ങളില്‍ വന്‍ സ്വാധീനമാണ് ശിവസേനക്കുള്ളത്. എന്നാല്‍ ബിജെപിയും ശിവസേനയും വ്യത്യസ്തമായി മത്സരിച്ചാല്‍ അത് കോണ്‍ഗ്രസിനും എന്‍സിപ്പിക്കും മാത്രമാണ് ഗുണമാകുക എന്ന തിരിച്ചറിവും താക്കറെയടക്കമുള്ള നേതാക്കള്‍ക്കുണ്ട്.

തെരഞ്ഞെടുപ്പിന് വേണ്ടി തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനും പൊതു ജനങ്ങളുമായുള്ള ഇടപഴകല്‍ കൈകാര്യം ചെയ്യുന്നതിനും ഇന്ന് വിദഗ്ധരുടെ സേവനം തേടാറുണ്ട്. പൊതുവായുള്ള പ്രവണതയാണിത്. 2014 ല്‍ നരേന്ദ്രമോദിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്് ചുക്കാന്‍ പിടിച്ചിരുന്നത് പ്രശാന്ത് കിഷോറാണ്. നിതീഷ് കുമാര്‍, അമരീന്ദര്‍സിംഗ് എന്നിവരുടെ പ്രചാരണച്ചുമതലയും അദ്ദേഹത്തിനായിരുന്നു. അതിനാല്‍ ആര്‍ക്കെങ്കിലും ശിവസേനയെ സഹായിക്കാനാവുമെങ്കില്‍ അത് ഈ സെലിബ്രിറ്റി പോള്‍ വിദഗ്ധനായിരിക്കുമെന്ന് ശിവസേന കണക്കുകൂട്ടുന്നു. കഴിഞ്ഞ വര്‍ഷം ജനതാദളിന്റെ (യുനൈറ്റഡ്) വൈസ് പ്രസിഡന്റ് ആയും അദ്ദേഹം നിയമിതനായി.

തെരഞ്ഞടുപ്പിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെങ്കിലും ശിവസേന-ബിജെപി സഖ്യത്തെക്കുറിച്ച് ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. പ്രശാന്ത് കിഷോറുമായുള്ള പ്രാഥമിക ചര്‍ച്ചയില്‍ ഇതു സംബന്ധിച്ച ചര്‍ച്ച തുടങ്ങിയതായാണ് ലഭിക്കുന്ന സൂചനകള്‍. തുല്യനിലയിലുള്ള സീറ്റ് വിഭജനം ശിവസേന മുന്നോട്ടുവെച്ചതായും വാര്‍ത്തയുണ്ട്. യോഗത്തിനുശേഷമുള്ള അദ്ദേഹത്തിന്റെ ട്വീറ്റും ഇത് ഏറെക്കുറെ സാധൂകരിക്കുന്നു. നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സിന്റെ (എന്‍ഡിഎ)ഭാഗമായി ശിവസേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നായിരുന്നു ട്വീറ്റ്.

ശിവസേനയ്ക്കും ബിജെപിയ്ക്കും ഇടയിലുള്ള ഒരു മധ്യസ്ഥനായി പ്രശാന്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന നിലപാട് ശിവസേനയുടെ രാജ്യസഭാംഗമായ സഞ്ജയ് റൗത് തള്ളിക്കളഞ്ഞു. ഉദ്ധവ് താക്കറെ ശിവസേനയുടെ തന്ത്രം തീരുമാനിക്കും. ഇതിന് മുമ്പ് ബാലാസാബ് ആയിരുന്നുശിവസേനയുടെ തന്ത്രങ്ങള്‍ തീരുമാനിച്ചിരുന്നത്. പ്രശാന്ത് കിഷോര്‍ നടത്തിയ സന്ദര്‍ശനം ഉപചാരപൂര്‍വമുള്ള ഒന്നുമാത്രമാണെന്നും റൗത് പറഞ്ഞു. സഞ്ജയ് റൗത് കഴിഞ്ഞ ദിവസം താക്കറെ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തിരുന്നു. സഖ്യം സംബന്ധിച്ച് ഏതെങ്കിലും നിര്‍ദേശം ഇതുവരെ ബിജെപി നല്‍കിയിട്ടില്ല എന്നാണ് ഉദ്ധവ് താക്കറെ പറഞ്ഞത്. എല്ലാ ശക്തിയോടും കൂടി തെരഞ്ഞെടുപ്പിനെ നേരിടാണ് അദ്ദേഹം ആവശ്യപ്പെട്ടത്. സഖ്യം രൂപപ്പെട്ടു വരികയാണെങ്കില്‍ അതനുസരിച്ചുള്ള പ്രവര്‍ത്തനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അവരുടെ നിയോജകമണ്ഡലങ്ങളില്‍ തയ്യാറെടുപ്പുകള്‍ ആരംഭിക്കുന്നതിന് താക്കറെ നിര്‍ദേശിക്കുകയും ചെയ്തു.

കഴിഞ്ഞ ഒരാഴ്ചയായി ഉദ്ധവ് പാര്‍ട്ടിയുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. പ്രധാന നേതാക്കളെയും എംഎല്‍എമാരെയും എംപിമാരെയും അദ്ദേഹം വിളിച്ചുകൂട്ടി. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരുമായും അദ്ദേഹം ചര്‍ച്ചകള്‍ നടത്തി. ഇതില്‍ നിന്ന് വ്യക്തമാകുന്നത് ശിവസേന വളരെ വേഗത്തില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുകയാണ് എന്നാണ്. താഴേത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണം. ഇതനുസരിച്ച് പ്രാദേശിക നേതാക്കളോട് ബുത്തുതലങ്ങളിലേക്ക് ഇറങ്ങാനും ഏജന്റുമാരോട് തന്റെ ബൂത്തിലെ മേധാവിത്വം ഉറപ്പാക്കാനും നിര്‍ദേശമുണ്ട്.

ബിജെപിയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായിരുന്ന ശിവസേന. എന്നാല്‍ അടുത്തകാലത്തായി ഇരു പാര്‍ട്ടികള്‍ക്കുമിടയിലുള്ള അകലം വര്‍ധിച്ചിരുന്നു. തുടര്‍ന്ന് രൂക്ഷ വിമര്‍ശനങ്ങളാണ് ശിവസേന ബിജെപിക്കെതിരേ നടത്തിയിരുന്നത്. എല്ലാതെരഞ്ഞെടുപ്പുകളിലും പാര്‍ട്ടി ഒറ്റക്ക് മത്സരിക്കുമെന്നും മുമ്പ് ശിവസേന പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ബിജെപിയുമായുള്ള സഖ്യത്തിന് സേന ഒരുക്കമാണെന്നാണ് പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ നല്‍കുന്ന സൂചന. തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് ശിവസേന തയ്യാറെടുക്കുന്നതായാണ് വിവരം. അങ്ങനെയെങ്കില്‍ ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ധാരണ ഒന്നിച്ചായിരിക്കും അവര്‍ പരിഗണിക്കുക. കാരണം സംസ്ഥാനതലത്തില്‍ ശിവസേനക്ക് മുന്‍തൂക്കം ലഭിക്കണമെന്ന ആവശ്യവും ഇതിനുപിന്നിലുള്ളതായി കണക്കാക്കപ്പെടുന്നു.

മറ്റൊരു പാര്‍ട്ടിയുമായും യോജിച്ചു പ്രവര്‍ത്തിക്കാന്‍ നിലവിലുള്ള നയപ്രകാരം ശിവസേനക്ക് കഴിയില്ല. സീറ്റ് നേടാന്‍ ആരും ഒപ്പം കൂട്ടിയേക്കാം. എന്നാല്‍ അവരുടെ നയങ്ങള്‍ ഒന്നും നടപ്പാവില്ല. ഇത് ഉദ്ധവ് താക്കറെക്ക് വ്യക്തമായി അറിയാം. തന്നെയുമല്ല ഏറ്റവും പഴയ സഖ്യകക്ഷി എന്ന നിലയില്‍ ബിജെപിക്ക് ശിവസേനയോട് പ്രത്യേക മമതയുമുണ്ട്. ഇത് പാഴാക്കി കളയാന്‍ അവര്‍ തയ്യാറാകുമെന്ന് തോന്നുന്നില്ല. തര്‍ക്കം ഉണ്ടാകുന്ന സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ മാത്രമാകും. ഈ കടമ്പ പരിഹരിക്കാനായാല്‍ മഹാരാഷ്ട്രയില്‍ എന്‍ഡിഎ തന്നെ മേധാവിത്വം പുലര്‍ത്തും.

Comments

comments

Categories: Politics
Tags: Shivsena

Related Articles