ആര്‍ബിഐ പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന് എസ്ബിഐ ഇക്കോറാപ്പ്

ആര്‍ബിഐ പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന് എസ്ബിഐ ഇക്കോറാപ്പ്

അടിസ്ഥാന പലിശ നിരക്കുകളില്‍ 0.25 ശതമാനം കുറവ് വരുത്താന്‍ ആറംഗ ധനനയ അവലോകന സമിതി തീരുമാനിച്ചേക്കുമെന്നാണ് നിരീക്ഷണം

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശ നിരക്കുകള്‍ വെട്ടിക്കുറച്ചേക്കുമെന്ന് എസ്ബിഐയുടെ ഗവേഷണ വിഭാഗമായ ഇക്കോറാപ്പിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം അപകടകരമല്ലാത്ത തലത്തില്‍ നില്‍ക്കുന്നതിനാല്‍ അടിസ്ഥാന പലിശ നിരക്കുകളില്‍ 0.25 ശതമാനം കുറവ് വരുത്താന്‍ ആറംഗ ധനനയ അവലോകന സമിതി (എംപിസി) തീരുമാനിച്ചേക്കുമെന്നാണ് എസ്ബിഐ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വത്തില്‍ ഇന്നലെയാണ് ധനനയ അവലോകന യോഗം ആരംഭിച്ചത്. നാളെ ഉച്ചയോടെ ധന നയം പ്രഖ്യാപിക്കും. ശക്തികാന്ത ദാസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആദ്യ ധനനയ പ്രഖ്യാപനമാണിത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ അവസാനത്തെ യോഗവും. ഉര്‍ജിത് പട്ടേലിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ശക്തികാന്ത ദാസ് ആര്‍ബിഐ ഗവര്‍ണറായി ചുമതലയേറ്റത്.

റീട്ടെയ്ല്‍ പണപ്പെരുപ്പം കുറഞ്ഞെങ്കിലും സാമ്പത്തിക വെല്ലുവിളികളും ക്രൂഡ് വില ഉയരുന്നതും പലിശ നിരക്കുകള്‍ കുറയ്ക്കുന്നതില്‍ നിന്നും കേന്ദ്ര ബാങ്കിനെ തടയുമെന്നാണ് ചില വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍, ധനനയം സംബന്ധിച്ച നിലപാടില്‍ കേന്ദ്ര ബാങ്ക് അയവ് വരുത്തുമെന്നും ‘നിഷ്പക്ഷ’ നിലപാട് സ്വീകരിച്ചേക്കുമെന്നുമാണ് ഇവര്‍ പറയുന്നത്. അതേസമയം, നാളെ നടക്കുന്ന നയ പ്രഖ്യാപനത്തില്‍ ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കുകയാണെങ്കില്‍ അത്ഭുതപ്പെടാനില്ലെന്നാണ് എസ്ബിഐ ഇക്കോറാപ്പ് പറയുന്നു.

കഴിഞ്ഞ മൂന്ന് ദ്വൈമാസ നയ പ്രഖ്യാപനങ്ങളിലും അടിസ്ഥാന പലിശ നിരക്കുകള്‍ കേന്ദ്ര ബാങ്ക് അതേപടി നിലനിര്‍ത്തിയിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യത്തെ രണ്ട് യോഗങ്ങളിലും പലിശ നിരക്കുകളില്‍ 25 ബേസിസ് പോയ്ന്റ് വീതം വര്‍ധന വരുത്തിയ ശേഷമാണിത്. ഈ യോഗത്തില്‍ ആര്‍ബിഐ പലിശ നിരക്ക് കുറച്ചേക്കുമെന്ന് പറയാന്‍ മതിയായ കാരണങ്ങളുണ്ടെന്നാണ് എസ്ബിഐ റിസര്‍ച്ച് വിഭാഗം പറയുന്നത്.

അതിലൊന്ന് പണപ്പെരുപ്പം ഇപ്പോഴും കേന്ദ്ര ബാങ്കിന്റെ പ്രഖ്യാപിത ലക്ഷ്യത്തില്‍ താഴെ തുടരുന്നതാണ.് സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായതും പലിശ കുറയ്ക്കാന്‍ കേന്ദ്ര ബാങ്കിനുമേല്‍ സമ്മര്‍ദം ചെലുത്തിയേക്കും. ജനുവരി രണ്ടാമത്തെ ആഴ്ചയില്‍ വായ്പാ വളര്‍ച്ചയില്‍ രേഖപ്പെടുത്തിയ ഇടിവാണ് പലിശ നിരക്ക് ഉയര്‍ത്താനുള്ള സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്ന മറ്റൊരു ഘടകം. ഡിസംബര്‍ വരെയുള്ള കാലയളവിലെ വായ്പാ വളര്‍ച്ച ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും ഇത് ജനുവരിയിലും തുടര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Categories: Banking