മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായം 15 ശതമാനം വര്‍ധിച്ചു

മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായം 15 ശതമാനം വര്‍ധിച്ചു

1460 കോടി രൂപ അറ്റാദായം, മുത്തൂറ്റ് ഹോംഫിന്‍ വായ്പാ മേഖലയില്‍ 67 ശതമാനം വളര്‍ച്ച കൈവരിച്ചു

കൊച്ചി: നടപ്പുസാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ സ്വര്‍ണ പണയ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായം 15 ശതമാനം വര്‍ധിച്ച് 1460 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയള വില്‍ 1269 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി കൈവരിച്ചത്. 2018 ഡി സംബര്‍ 31 ലെ കണക്കു പ്രകാരം കമ്പനിയുടെ ആകെ വായ്പാ ആസ്തികള്‍ 32470 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ 28269 കോടി രൂപയെ അപേക്ഷിച്ച് 15 ശതമാനം വര്‍ധനവാണിതു കാണിക്കുന്നത്.

കൈകാര്യം ചെയ്യുന്ന വായ്പകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ പണയ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ മുത്തൂറ്റ് ഹോംഫിന്‍ വായ്പാ മേഖലയില്‍ 67 ശതമാനം വളര്‍ച്ച കൈവരിച്ചു. 1835 കോടി രൂപയുടെ വായ്പകളാണ് മുത്തൂറ്റ് ഹോംഫിന്‍ നല്‍കിയിട്ടുള്ളത്. മുത്തൂറ്റ് ഫിനാന്‍സിന് 70.01 ശതമാനം ഓഹരികളുള്ള ബെല്‍സ്റ്റാര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഫിനാന്‍സ് വായ്പാ മേഖലയില്‍ 65 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.

ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ബുദ്ധിമുട്ടേറിയ കാലഘട്ടമായിരുന്ന മൂന്നാം ത്രൈമാസത്തില്‍ ഉത്തരവാദിത്തമുള്ള കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് ജാഗ്രതയോടെയാണ് മുന്നേറിയതെന്ന് കമ്പനി ചെയര്‍മാന്‍ എം ജി ജോര്‍ജ്ജ് മുത്തൂറ്റ് ചൂണ്ടിക്കാട്ടി. ലിക്വിഡിറ്റിക്കു പ്രാധാന്യം നല്‍കാനാണ് കമ്പനി ശ്രമിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തങ്ങളുടെ സബ്‌സിഡിയറികള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 65 ശതമാനം വളര്‍ച്ചയോടെ വായ്പാ മേഖലയെ 4027 കോടി രൂപയിലെത്തിച്ചതായി മാനേജിംഗ് ഡയറക്റ്റര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. ഗ്രൂപ്പിന്റെ ആകെ വായ്പയുടെ 11 ശതമാനം ഇവയുടെ സംഭാവനയാണ്. ശ്രീലങ്കയിലുള്ള ബാങ്ക് ഇതര ധനകാര്യ സ്ഥാപനം വായ്പയുടെ കാര്യത്തില്‍ 19 ശതമാനം വാര്‍ഷിക വളര്‍ച്ചയും കൈവരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ആകെ 5000 കോടി രൂപയുടെ വരുമാനമാണ് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒന്‍പതു മാസങ്ങളില്‍ കമ്പനി കൈവരിച്ചിട്ടുള്ളത്.

Comments

comments

Categories: Business & Economy
Tags: net profit