മഹീന്ദ്ര ഇംപീരിയോ തിരിച്ചുവിളിച്ചു

മഹീന്ദ്ര ഇംപീരിയോ തിരിച്ചുവിളിച്ചു

റിയര്‍ ആക്‌സില്‍ സംബന്ധിച്ച തകരാറ് പരിശോധിക്കുന്നതിനാണ് തിരിച്ചുവിളി

ന്യൂഡെല്‍ഹി : പ്രീമിയം പിക്ക്-അപ് ട്രക്കായ മഹീന്ദ്ര ഇംപീരിയോ തിരിച്ചുവിളിച്ചു. റിയര്‍ ആക്‌സില്‍ സംബന്ധിച്ച തകരാറ് പരിശോധിക്കുന്നതിനാണ് തിരിച്ചുവിളി നടത്തിയിരിക്കുന്നത്. 2018 ഏപ്രില്‍ മാസത്തിനും ജൂണിനുമിടയില്‍ നിര്‍മ്മിച്ച വാഹനങ്ങളിലാണ് തകരാറെന്ന് ബിഎസ്ഇ (ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്) ഫയലിംഗില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വ്യക്തമാക്കി. എന്നാല്‍ എത്രയെണ്ണം വാഹനങ്ങളിലാണ് തകരാറ് സംശയിക്കുന്നതെന്ന് വെളിപ്പെടുത്തിയില്ല.

പരിശോധനയും പരിഹാരവും തീര്‍ത്തും സൗജന്യമായിരിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അറിയിച്ചു. മേല്‍പ്പറഞ്ഞ കാലയളവില്‍ നിര്‍മ്മിച്ച മഹീന്ദ്ര ഇംപീരിയോ വാങ്ങിയ ഉടമകളെ കമ്പനി നേരിട്ട് ബന്ധപ്പെടും. വെബ്‌സൈറ്റിലെ സര്‍വീസ് ആക്ഷന്‍ വിഭാഗം സന്ദര്‍ശിച്ച് തിരിച്ചുവിളിച്ചവയില്‍ തങ്ങളുടെ വാഹനം ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഉടമകള്‍ക്ക് പരിശോധിക്കാവുന്നതാണ്.

2016 ജനുവരിയിലാണ് മഹീന്ദ്ര ഇംപീരിയോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇന്‍ജീനിയോ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച മഹീന്ദ്ര ഇംപീരിയോ സിംഗിള്‍ കാബിന്‍, ഡബിള്‍ കാബിന്‍ ഓപ്ഷനുകളില്‍ ലഭിക്കും. 1,240 കിലോഗ്രാമാണ് പേലോഡ് ശേഷി. 16 ഇഞ്ച് വ്യാസമുള്ള ചക്രങ്ങളില്‍ ട്യൂബ്‌ലെസ് ടയറുകള്‍ നല്‍കിയിരിക്കുന്നു. പവര്‍ മോഡ്, ഇക്കോ മോഡ് എന്നീ രണ്ട് ഡ്രൈവ് മോഡുകള്‍ ലഭ്യമാക്കുന്ന ഫ്യൂവല്‍സ്മാര്‍ട്ട് ടെക്‌നോളജി സവിശേഷതയാണ്.

2.5 ലിറ്റര്‍ എംഡിഐ സിആര്‍ഡിഇ ഡീസല്‍ എന്‍ജിനാണ് മഹീന്ദ്ര ഇംപീരിയോ പിക്ക്-അപ് ട്രക്കിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 75 ബിഎച്ച്പി കരുത്തും 220 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. മണിക്കൂറില്‍ 120 കിലോമീറ്ററാണ് മഹീന്ദ്ര ഇംപീരിയോയുടെ ടോപ് സ്പീഡ്. 13.55 കിലോമീറ്ററാണ് ഇന്ധനക്ഷമത.

Comments

comments

Categories: Auto