ജിദ്ദയിലെ ആദ്യ തിയറ്ററിന് മികച്ച പ്രതികരണം

ജിദ്ദയിലെ ആദ്യ തിയറ്ററിന് മികച്ച പ്രതികരണം

ജനുവരി 28നായിരുന്നു വോക്‌സ് സിനിമാസ് ജിദ്ദയില്‍ ആദ്യ തിയറ്റര്‍ തുറന്നത്

റിയാദ്: സൗദി അറേബ്യയില്‍ ദശാബ്ദങ്ങളായുള്ള സിനിമാ നിരോധനം പിന്‍വലിച്ച സാഹചര്യത്തില്‍ ജിദ്ദയില്‍ ആദ്യ സിനിമ പ്രദര്‍ശനവുമായി വോസ്‌ക് സിനിമാസ് എത്തിയതിനെ ആവേശത്തോടെയാണ് ജനങ്ങള്‍ എതിരേറ്റത്.

പ്രാദേശിക സമയം വൈകീട്ട് 6.30 റെഡ് സീ മാളില്‍ നടന്ന സിനിമാ പ്രദര്‍ശനത്തിന്റെ ഉദ്ഘടാനം ഓഡിയോ വിഷ്വല്‍മീഡിയ ജനറല്‍ കമ്മീഷന്‍ സിഇഒ ബാദെര്‍ അല്‍ഹറാനിയായിരുന്നു നിര്‍വഹിച്ചത്.
വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 600 തീയറ്ററുകള്‍ തുറക്കുന്നതിനായി 533 ദശലക്ഷം ഡോളറാണ് വോക്‌സ് സിനിമാസ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നത്. ഏതാണ്ട് 35 വര്‍ഷമായി സൗദിയില്‍ നിലനിന്നിരുന്ന സിനിമാ വിലക്ക് പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്‌കരണ നടപടികളുടെ ഭാഗമായിട്ടാണ് നീക്കിയത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 18 നാണ് റിയാദില്‍ ആദ്യ സിനിമ പ്രദര്‍ശിപ്പിക്കുന്നത്.

വിനോദം പോലുള്ള പുതിയ വ്യവസായങ്ങളുടെ വളര്‍ച്ചയിലൂടെ എണ്ണ മേഖലയില്‍ നിന്ന് അകലം പാലിക്കാനുള്ള ലക്ഷ്യമാണ് ഭരണകൂടത്തിനുള്ളത്. ഇതിന്റ അടിസ്ഥാനത്തില്‍ സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്റെ 2030 വിഷന്റെ ചുവടുപിടിച്ചാണ് സിനിമാ മേഖലയിലെ നിരോധനം നീക്കിയതും പുതിയ പാതയിലേക്ക് സൗദി നടന്നുകയറിയതും.

കഴിഞ്ഞ നവംബറില്‍ പിഡബ്ല്യുസി മിഡില്‍ ഈസ്റ്റ് നടത്തിയ പഠനത്തില്‍ 2030 ആകുമ്പോഴേക്കും 1.5 ബില്യണ്‍ ഡോളറിന്റെ വരുമാനം സിനിമാ മേഖലയില്‍ നിന്നും നേടാനാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.100,000 പേര്‍ക്ക് 6.6 സ്‌ക്രീനുകള്‍ എന്ന നിലയിലാണ് പഠനങ്ങള്‍ നടന്നത്.

2030 ആകുമ്പോഴേക്കും 2,600 സിനിമാ സ്‌ക്രീനുകള്‍ സജ്ജീകരിക്കാനാകുമെന്നാണ് സൗദി പ്രതീക്ഷിക്കുന്നതെന്ന് പിഡബ്ല്യുസി മിഡില്‍ ഈസ്റ്റ് പാര്‍ട്ണര്‍ ഡോ മാര്‍ട്ടിന്‍ ബെര്‍ലിന്‍ വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോട് കൂടി ജിദ്ദയില്‍ രണ്ട് തീയറ്ററുകള്‍ കൂടി തുറക്കുമെന്നാണ് റിപ്പോര്‍ട്ട്. സിനിമാ വികസനത്തിന്റെ ഭാഗമായി 30,000 ത്തോളം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്.

Comments

comments

Categories: Arabia

Related Articles