ഐഎല്‍&എഫ്എസിനുള്ള വായ്പാ പരിഹാര പദ്ധതി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചു

ഐഎല്‍&എഫ്എസിനുള്ള വായ്പാ പരിഹാര പദ്ധതി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചു

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30 വരെ വായ്പാദാതാക്കള്‍ സമര്‍പ്പിച്ചിട്ടുള്ള ക്ലൈയ്മുകളാണ് പരിഗണിക്കുക

ന്യൂഡെല്‍ഹി: കടബാധ്യതകളില്‍ തിരിച്ചടവ് മുടങ്ങുകയും പ്രതിസന്ധിയിലാകുകയും ചെയ്ത ഐഎല്‍&എഫ്എസിനായി തയാറാക്കിയ വായ്പാ പരിഹാര പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ദേശീയ കമ്പനി ലോ അപ്പലെറ്റ് ട്രൈബ്യൂണലില്‍ സമര്‍പ്പിച്ചു. പാപ്പരത്ത നിയമ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് വീണ്ടെടുപ്പ് പദ്ധതി അവതരിപ്പിച്ചിട്ടുള്ളത്. വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി കെ ജെയ്‌നിനെയാണ് ഈ നടപടികള്‍ക്കു മേല്‍നോട്ടം വഹിക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.

വീണ്ടെടുക്കല്‍ പദ്ധതി പ്രകാരം ഐഎല്‍&എഫ്എസിന്റെ വിവിധ കമ്പനികളെ അവയുടെ സാമ്പത്തിക നിലയുടെ അടിസ്ഥാനത്തില്‍ പച്ച, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിക്കും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30 വരെ വായ്പാദാതാക്കള്‍ സമര്‍പ്പിച്ചിട്ടുള്ള ക്ലൈയ്മുകളാണ് വീണ്ടെടുക്കല്‍ പദ്ധതി പ്രകാരം പരിഗണിക്കുക. 2018 ഒക്‌റ്റോബര്‍ 1നാണ് സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി നിയോഗിച്ച പുതിയ ഡയറക്റ്റര്‍ ബോര്‍ഡ് ഐഎല്‍&എഫ്എസിന്റെ ചുമതല ഏറ്റെടുത്തത്.

വീണ്ടെടുക്കല്‍ പദ്ധതി പകാരം ഏറ്റവുമാദ്യം വായ്പ നല്‍കിയിട്ടുള്ളവര്‍ക്കാണ് ആദ്യത്തില്‍ തിരിച്ചടവ് നല്‍കുക. വിവിധ ആസ്തികളുടെ വില്‍പ്പനയിലൂടെയാണ് തുക കണ്ടെത്തുക. പാപ്പരത്ത നിയമ പ്രകാരമാണ് ഇതിന്റെ നടപടികള്‍ ക്രമീകരിക്കുക എന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉയര്‍ന്ന വായ്പാദാതാക്കള്‍ക്കും ഉപ വായ്പാദാതാക്കളുമുള്ള തിരിച്ചടവിനു ശേഷമുള്ള മിച്ചത്തില്‍ നിന്നാകും ഓഹരി ഉടമകള്‍ക്കുള്ള വിഹിതം നല്‍കുക. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കിയ എന്‍സിഎഎല്‍ടി ജസ്റ്റിസ് ഡികെ രാജനെ മാസ ശമ്പളവും യാത്രാചെലവും അലവന്‍സും നല്‍കി മേല്‍നോട്ടത്തിന് നിയോഗിക്കാമെന്നും ഉത്തരവിട്ടു.

രാജ്യത്തെ ബാങ്കിംഗ് ഇതര ധനകാര്യ മേഖലയിലെ പ്രമുഖ സാന്നിധ്യമായിരുന്ന ഐഎല്‍&എഫ്എസ് അടിസ്ഥാന സൗകര്യ വികസന മേഖലയിലെ വിവിധ പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചിരുന്നത്. ഐഎല്‍&എഫ്എസ് തിരിച്ചടവ് മുടക്കിയത് എന്‍ബിഎഫ്‌സി മേഖലയിലെ മറ്റ് കമ്പനികള്‍ക്കുള്ള വായ്പാലഭ്യതയെയും ഗുരുതരമായി ബാധിച്ചിരുന്നു.

Categories: FK News
Tags: IL&FS