ഇരുചക്ര വാഹന ഉടമകള്‍ക്ക് എക്‌സ്‌ചേഞ്ച് ബോണസ് പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

ഇരുചക്ര വാഹന ഉടമകള്‍ക്ക് എക്‌സ്‌ചേഞ്ച് ബോണസ് പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് മാറുന്നതിന് പഴയ പെട്രോള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് 6,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് നല്‍കും

ന്യൂഡെല്‍ഹി : പെട്രോള്‍ ഇരുചക്ര വാഹന ഉടമകള്‍ക്കായി ഹീറോ ഇലക്ട്രിക് എക്‌സ്‌ചേഞ്ച് ബോണസ് പ്രഖ്യാപിച്ചു. ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് മാറുന്നതിന് 6,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വില്‍ക്കാന്‍ കഴിയാത്തതും ആയുസ്സ് അവസാനിക്കാറായതും ഉപയോഗശൂന്യമാകാന്‍ പോകുന്നതുമായ പഴയ പെട്രോള്‍ ഇരുചക്ര വാഹനങ്ങള്‍ക്കാണ് എക്‌സ്‌ചേഞ്ച് ബോണസ് നല്‍കുന്നത്. ഈ വാഹനങ്ങളുടെ വിപണി മൂല്യത്തിന് പുറമേ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും.

ഒരേ ദൂരം സഞ്ചരിക്കുന്നതിന് ബിഎസ് 4 വാഹനത്തേക്കാള്‍ ഇരട്ടി പെട്രോള്‍ ഉപയോഗിക്കുന്നവയാണ് പഴയ ഇരുചക്രവാഹനങ്ങളെന്ന് ഹീറോ ഇലക്ട്രിക് പ്രസ്താവിച്ചു. ഇത്തരം വാഹനങ്ങള്‍ വരുത്തിവെയ്ക്കുന്ന വായു, അന്തരീക്ഷ മലിനീകരണം ഭീമമാണ്. വളരെ പഴയതും മലിനീകരണത്തിന് ഹേതുവാകുന്നതുമായ അഞ്ച് കോടി പെട്രോള്‍ ഇരുചക്ര വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളില്‍ കാണാമെന്ന് ഹീറോ ഇലക്ട്രിക് കണക്കുകൂട്ടുന്നു.

വളരെ കുറഞ്ഞ ചെലവില്‍ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഹീറോ ഇലക്ട്രിക് വിപണിയിലെത്തിച്ച ഇലക്ട്രിക് ബൈക്കുകള്‍. ബൈക്കിനും ബാറ്ററിക്കും മൂന്ന് വര്‍ഷ വാറന്റി ലഭിക്കും. മൂന്ന് വര്‍ഷ കാലയളവില്‍ ഇന്ധന, പരിപാലനയിനങ്ങളില്‍ 70,000 രൂപ ലാഭിക്കാന്‍ കഴിയുമെന്ന് ഹീറോ ഇലക്ട്രിക് അവകാശപ്പെട്ടു. പഴയ പെട്രോള്‍ ബൈക്ക് ഒഴിവാക്കുന്നത് രണ്ട് പൂര്‍ണ്ണ വളര്‍ച്ചയെത്തിയ മരങ്ങള്‍ നടുന്നതിന് തുല്യമാണ്. അത്രയും മലിനീകരണം കുറയും.

ബെംഗളൂരു, ഹൈദരാബാദ്, പുണെ, ജയ്പുര്‍, ആഗ്ര, റോഹ്തക്, ചെന്നൈ, ലക്‌നൗ തുടങ്ങി രാജ്യത്തെ ഇരുപതിലധികം നഗരങ്ങളില്‍ ഹീറോ ഇലക്ട്രിക് സാന്നിധ്യമറിയിക്കുന്നു. ഇന്ത്യയിലാകെ 450 ടച്ച്‌പോയന്റുകളും മൂന്ന് ലക്ഷത്തോളം ഉപയോക്താക്കളും ഹീറോ ഇലക്ട്രിക്കിന് സ്വന്തമാണ്.

Categories: Auto