ഹോണ്ട ഡീലര്‍ഷിപ്പുകള്‍ നവീകരിക്കും

ഹോണ്ട ഡീലര്‍ഷിപ്പുകള്‍ നവീകരിക്കും

രാജ്യത്തെ 239 നഗരങ്ങളിലായി 350 ഹോണ്ട ഡീലര്‍ഷിപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്

ന്യൂഡെല്‍ഹി : രാജ്യത്തെ എല്ലാ ഷോറൂമുകളും നവീകരിക്കുമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ പ്രഖ്യാപിച്ചു. ബ്രാന്‍ഡ് ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി എല്ലാ ടച്ച്‌പോയന്റുകള്‍ക്കും പുതിയ വ്യക്തിത്വം നല്‍കുമെന്ന് കമ്പനി അറിയിച്ചു. ഷോറൂമുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായി പുതിയ ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ കളര്‍ സ്‌കീം സ്വീകരിക്കും. സെയില്‍സ്, സര്‍വീസ് ഉപയോക്താക്കള്‍ക്കായി സ്വീകരണ, വിശ്രമ മുറി സജ്ജീകരിക്കും. ഇതോടെ ഷോറൂമുകള്‍ പ്രീമിയം ലുക്ക് കൈവരിക്കും.

കൂടാതെ, ഓരോ ഷോറൂമിലും ‘ഹോണ്ട കഫേ’ ആരംഭിക്കുന്നതും പരിഗണനയിലാണ്. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വാഹനങ്ങള്‍ പേഴ്‌സണലൈസ് ചെയ്യുന്നതിന് 75 ഇഞ്ച് എല്‍ഇഡി ഡിജിറ്റല്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കും. മോഡലുകള്‍ വിശദീകരിക്കുന്നതിനും ആക്‌സസറികളും കളര്‍ ഓപ്ഷനുകളും തെരഞ്ഞെടുക്കുന്നതിനും സ്‌ക്രീനുകള്‍ സഹായിക്കും. കാറുകള്‍ ഡിസ്‌പ്ലേ ചെയ്യുന്നതിനും ഉപയോക്താക്കളുമായി ആശയ വിനിമയം നടത്തുന്നതിനും പ്രത്യേകം സ്ഥലസൗകര്യം ഒരുക്കും.

മൂന്ന് വര്‍ഷത്തിനുള്ളില്‍ ബ്രാന്‍ഡ് ആധുനികവല്‍ക്കരണം പൂര്‍ത്തിയാക്കുമെന്ന് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ അറിയിച്ചു. രാജ്യത്തെ 239 നഗരങ്ങളിലായി 350 ഡീലര്‍ഷിപ്പുകളാണ് ഹോണ്ടയുടെ വില്‍പ്പന, വിതരണ ശൃംഖലയില്‍ ഉള്‍പ്പെടുന്നത്. ജീവനക്കാര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുന്നതിന് പ്രത്യേക ശില്‍പ്പശാലകള്‍ നടത്തുമെന്നും ഹോണ്ട കാര്‍സ് ഇന്ത്യ അറിയിച്ചു.

മഹീന്ദ്ര, മാരുതി സുസുകി, ടാറ്റ മോട്ടോഴ്‌സ് എന്നീ വാഹന നിര്‍മ്മാതാക്കള്‍ ഡീലര്‍ഷിപ്പുകള്‍ നവീകരിക്കുകയാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതിയ സിവിക് സെഡാന്‍ അടുത്ത മാസം ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നതിന്റെ തിരക്കുകളിലാണ് ഇപ്പോള്‍ ഹോണ്ട കാര്‍സ് ഇന്ത്യ.

Comments

comments

Categories: Auto