ഏപ്രില്‍-ഡിസംബറിലെ ധനക്കമ്മി 7.01 ലക്ഷം കോടി രൂപ

ഏപ്രില്‍-ഡിസംബറിലെ ധനക്കമ്മി 7.01 ലക്ഷം കോടി രൂപ

നടപ്പു സാമ്പത്തിക വര്‍ഷം ധനക്കമ്മി 6.24 ലക്ഷം കോടി രൂപയില്‍ പിടിച്ചുനിര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്

ന്യൂഡെല്‍ഹി: ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ ഇന്ത്യയുടെ ധനക്കമ്മി നടപ്പു സാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്നതിന്റെ 112 ശതമാനത്തിലെത്തിയതായി കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷം ധനക്കമ്മി 6.24 ലക്ഷം കോടി രൂപയില്‍ പിടിച്ചുനിര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് സാധ്യമാകുമെന്ന ആന്മവിശ്വാസവും സര്‍ക്കാര്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, വരുമാനവും ചെലവും തമ്മിലുള്ള അന്തരം സംബന്ധിച്ച സര്‍ക്കാരിന്റെ പ്രതീക്ഷകള്‍ തെറ്റുമെന്ന സൂചനയാണ് പുതിയ റിപ്പോര്‍ട്ട് നല്‍കുന്നത്.

ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഒന്‍പത് മാസത്തിനിടയിലെ ധനക്കമ്മി 7.01 ലക്ഷം കോടി രൂപയാണ്. വരുമാനം കുറഞ്ഞതാണ് ധനക്കമ്മി ഉയരാനുള്ള കാരണമായി കേന്ദ്രം പറയുന്നത്. 2017 ഡിസംബര്‍ അവസാനത്തില്‍ ആ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ലക്ഷ്യത്തിന്റെ 113.6 ശതമാനമായിരുന്നു ധനക്കമ്മി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 3.53 ശതമാനത്തില്‍ (മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ) നിന്നും ഈ സാമ്പത്തിക വര്‍ഷം ജിഡിപിയുടെ 3.3 ശതമാനമായി ധനക്കമ്മി ചുരുക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം. അടുത്ത സാമ്പത്തിക വര്‍ഷത്തെ ഇടക്കാല ബജറ്റില്‍ ധനക്കമ്മി ലക്ഷ്യം 3.4 ശതമാനമായി സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. അതായത്, 2019-2020ല്‍ 6.34 ലക്ഷം കോടി രൂപയില്‍ കമ്മി പിടിച്ചുനിര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ഏപ്രില്‍-ഡിസംബറില്‍ 10.84 ലക്ഷം കോടി രൂപയുടെ വരുമാനം സര്‍ക്കാരിലേക്കെത്തിയിട്ടുണ്ടെന്നാണ് സിജിഎ (കണ്‍ട്രോളര്‍ ജനറല്‍ ഓഫ് എക്കൗണ്ട്‌സ്) റിപ്പോര്‍ട്ടില്‍ പറയുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ലക്ഷ്യത്തിന്റെ 66.9 ശതമാനം വരുമിത്. 17.25 ലക്ഷം കോടി രൂപയുടെ വരുമാനമാണ് ഈ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2019-2020ല്‍ 17.29 ലക്ഷം കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.

ബജറ്റില്‍ കണക്കാക്കിയതിന്റെ 63.2 ശതമാനം നികുതി വരുമാനമാണ് ഡിസംബര്‍ വരെയുള്ള കാലയളവില്‍ സര്‍ക്കാരിലേക്കെത്തിയത്. കഴിഞ്ഞ സാമ്പത്തിക സമാന കാലയളവില്‍ 73.4 ശതമാനം വരുമാനം സര്‍ക്കാരിലേക്കെത്തിയിരുന്നു. ഡിസംബര്‍ അവസാനത്തെ കണക്ക് പ്രകാരം സര്‍ക്കാരിന്റെ മൊത്തം ചെലവ് 18.32 ലക്ഷം കോടി രൂപയാണ്. ബജറ്റില്‍ വകയിരുത്തിയതിന്റെ 75 ശതമാനം വരുമിത്. നടപ്പു സാമ്പത്തിക വര്‍ഷം 24.57 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ ചെലവ് കണക്കാക്കിയിരുന്നത്.

Comments

comments

Categories: Business & Economy