പരസ്യ വരുമാനം കൂടി ആല്‍ഫബെറ്റിന്റെ നാലാംപാദ വരുമാനം 39.3 ബില്യണ്‍ ഡോളര്‍

പരസ്യ വരുമാനം കൂടി ആല്‍ഫബെറ്റിന്റെ നാലാംപാദ വരുമാനം 39.3 ബില്യണ്‍ ഡോളര്‍

98,771 ജീവനക്കാരാണ് കമ്പനിക്ക് ലോകത്തില്‍ മൊത്തമായി ഉള്ളത്

സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിളിന്റെ പരസ്യവരുമാനം മികച്ച മുന്നേറ്റം നടത്തുന്നതിന്റെ ഫലമായി 2018ന്റെ നാലാംപാദത്തില്‍ മാതൃകമ്പനി ആല്‍ഫബെറ്റ് മികച്ച വരുമാന വളര്‍ച്ച സ്വന്തമാക്കി. 39.3 ബില്യണ്‍ ഡോളറാണ് ഒക്‌റ്റോബര്‍- ഡിസംബര്‍ കാലയളവില്‍ ആല്‍ഫബെറ്റിന്റെ വരുമാനം രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 22 ശതമാനത്തിന്റെ വര്‍ധനയാണിത്.

ആല്‍ഫബെറ്റിന്റെ മൊത്തം വരുമാനത്തില്‍ സിംഗഭാഗവും വന്നിരിക്കുന്നത് ഗൂഗിളിന്റെ പരസ്യ വരുമാനത്തില്‍ നിന്നാണ്. 32.6 ബില്യണ്‍ ഡോളറാണ് ഇക്കാലയളവിലെ ഗൂഗിളിന്റെ പരസ്യ വരുമാനം.

2018ല്‍ മൊത്തമായി മികച്ച വരുമാന വളര്‍ച്ച ഉണ്ടാക്കാനായെന്ന് ആല്‍ഫബെറ്റിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ റുത് പൊറാറ്റ് പറയുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനം വളര്‍ച്ചയോടെ മൊത്തം വരുമാനം 136. 8 ബില്യണ്‍ ഡോളറിലെത്തി.

ഓണ്‍ലൈന്‍ ട്രാഫിക്ക് ക്രമീകരണത്തിനും ഏറ്റെടുക്കലുകള്‍ക്കുമായി നടത്തിയ ചെലവിടല്‍ 7.4 ബില്യണ്‍ ആയിരുന്നു. മുന്‍ വര്‍ഷം ഇത് 6.5 ബില്യണ്‍ ഡോളറായിരുന്നു. വരാനിരിക്കുന്ന മികച്ച അവസരങ്ങളെ കണക്കാക്കി പ്രതിഭയിലും അടിസ്ഥാന സൗകര്യങ്ങളിലുമുള്ള നിക്ഷേപങ്ങളില്‍ തുടര്‍ന്നും കേന്ദ്രീകരിക്കുമെന്ന് കമ്പനി അറിയിച്ചു. ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്കും പരസ്യദാതാക്കള്‍ക്കും പങ്കാളികള്‍ക്കും സവിശേഷമായ ഉല്‍പ്പന്നങ്ങളും അനുഭവവും സമ്മാനിക്കുന്നതിനാണ് ശ്രമമെന്നും പൊറാറ്റ് പറയുന്നു.

98,771 ജീവനക്കാരാണ് കമ്പനിക്ക് ലോകത്തില്‍ മൊത്തമായി ഉള്ളത്. 8.94 ബില്യണാണ് നാലാം പാദത്തിലെ അറ്റവരുമാനം. ഹാര്‍ഡ്‌വെയര്‍, പ്ലേ സ്റ്റോര്‍, ഗൂഗിള്‍ ക്ലൗഡ് തുടങ്ങിയവ ഉള്‍പ്പെടുന്ന മറ്റു വരുമാനമായി 6.4 ബില്യണ്‍ ഡോളറാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇവയില്‍ ഓരോ വിഭാഗത്തില്‍ നിന്നും എത്ര വരുമാനമാണ് ലഭിച്ചതെന്ന് പ്രത്യേകമായുള്ള വിവരങ്ങള്‍ ആല്‍ഫബെറ്റ് പുറത്തുവിടുന്നില്ല.

വിപണി വിദഗ്ധര്‍ വിലയിരുത്തിയതിനേക്കാള്‍ മികച്ച പ്രകടനമാണ് നാലാം പാദത്തില്‍ ഗൂഗിള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്ലൗഡ് ബിസിനസില്‍ വലിയ വിപുലീകരണ സാധ്യതകളാണ് കമ്പനി കണക്കാക്കുന്നത്. ആല്‍ഫബെറ്റിന്റെ ഏറ്റവും വേഗത്തില്‍ വളരുന്ന ബിസിനസ് വിഭാഗങ്ങളിലൊന്നാണ് ക്ലൗഡ്. 2018ല്‍ ഗൂഗിള്‍ ക്ലൗഡ് പ്ലാറ്റ്‌ഫോമിലെ കരാറുകളുടെ എണ്ണം ഇരട്ടിയായി വര്‍ധിപ്പിച്ച് 1 മില്യണിനു മുകളില്‍ എത്തിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

Categories: Business & Economy
Tags: Alphabet