എയര്‍ടെലിന്റെ റേറ്റിംഗ് മൂഡിസ് കുറച്ചു, വീക്ഷണം നെഗറ്റിവ്

എയര്‍ടെലിന്റെ റേറ്റിംഗ് മൂഡിസ് കുറച്ചു, വീക്ഷണം നെഗറ്റിവ്

ഏതാനും പാദങ്ങള്‍ കൂടി മൊബീല്‍ സേവനങ്ങളുടെ നിരക്കില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലാത്തതിനാല്‍ ലാഭക്ഷമത താണനിലയില്‍ തുടരും

ന്യൂഡെല്‍ഹി: ടെലികോം വിപണിയിലെ ഒന്നാം സ്ഥാനത്ത് നിന്ന് പ്രതിസന്ധിയിലേക്ക് വീണ ഭാരതി എയര്‍ടെലിന്റെ റേറ്റിംഗ് ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡിസ് വെട്ടിക്കുറച്ചു. ബിഎഎ3 എന്നതു മാറ്റി ബിഎ1 കോര്‍പ്പറേറ്റ് ഫാമിലി റേറ്റിംഗ് (സിഎഫ്ആര്‍) ആണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. എയര്‍ടെലിന്റൈ റേറ്റിംഗ് സംബന്ധിച്ച് വീക്ഷണം നെഗറ്റിവ് ആണെന്നും മൂഡിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

കമ്പനിയുടെ ലാഭക്ഷമതയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് റേറ്റിംഗ് കുറയ്ക്കുന്നതിന്റെ മുഖ്യ കാരണമായി മൂഡിസ് ചൂണ്ടിക്കാണിക്കുന്നത്. കമ്പനിയുടെ പണമൊഴുക്കും വായ്പാ നിലവാരവും ഇന്ത്യന്‍ ടെലികോം വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് മെച്ചപ്പെട്ടേക്കാമെന്നും മൂഡിസ് വൈസ് പ്രസിഡന്റും സീനിയര്‍ ക്രെഡിറ്റ് ഓഫിസറുമായി അന്നാലിസ ഡിഷിയാറ പറയുന്നു.

കഴിഞ്ഞ വര്‍ഷം നികുതിയും മറ്റ് വെട്ടിക്കുറയ്ക്കലുകളും നടത്തുന്നതിനു മുമ്പുള്ള എയര്‍ടെലിന്റെ നേട്ട് (എബിറ്റ്ഡ) 265 ബില്യണ്‍ രൂപയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 15.5 ശതമാനത്തിന്റെ കുറവാണ് വന്നത്. ഈ വരുമാനത്തില്‍ 37 ശതമാനത്തോളം സംഭാവന ചെയ്യുന്ന ഇന്ത്യന്‍ മൊബില്‍ വിഭാഗത്തിലെ ലാഭക്ഷമത താണ നിലയിലാണ്. 9800 കോടി രൂപ മാത്രമാണ് ഈ വിഭാഗത്തില്‍ നിന്ന് എയര്‍ടെല്‍ നേടിയതെന്ന് മൂഡിസ് ചൂണ്ടിക്കാണിക്കുന്നു. റേറ്റിംഗ് താഴ്ത്തുന്നതിലേക്ക് നയിച്ച നിരീക്ഷണം 2018 നവംബര്‍ 8 മുതലുള്ളതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കമ്പനിയുടെ ഏറ്റവും മുഖ്യ ബിസിനസായ ഇന്ത്യന്‍ മൊബീല്‍ വിഭാഗത്തില്‍ നിന്നുള്ള വരുമാനം ശക്തിപ്പെടുത്താതെ പണമെഴുക്കില്‍ തിരിച്ചുവരാനും മികച്ച വായ്പാ നിലവാരത്തിലേക്ക് എത്താനും എയര്‍ടെലിന് സാധിക്കില്ലെന്നാണ് ഡിഷിയാറയുടെ വിലയിരുത്തല്‍. ബിഎ1 സിഎഫ്ആര്‍ എന്നത് കമ്പനിയുടെ വിപണിയിലെ ശക്തമായ സാന്നിധ്യത്തെ കൂടി അടയാളപ്പെടുത്തുന്നതാണ്. ആസ്തി വില്‍പ്പനയിലൂടെ വായ്പാഭാരം കുറയ്ക്കാനുള്ള ഭാരതി എയര്‍ടെലിന്റെ ശ്രമത്തെയും മൂഡിസ് പരിഗണിച്ചിട്ടുണ്ട്.

ജിയോയുടെ വരവോടെ വിപണിയില്‍ ആരംഭിച്ച നിരക്ക് യുദ്ധവും ബിസിനസ് പദ്ധതികളിലുണ്ടായ മാറ്റവുമാണ് എയര്‍ടെലിന് പ്രതിസന്ധികള്‍ സൃഷ്ടിച്ചത്. അടുത്ത ഏതാനും പാദങ്ങള്‍ കൂടി മൊബീല്‍ സേവനങ്ങളുടെ നിരക്കില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലാത്തതിനാല്‍ ലാഭക്ഷമത താണനിലയില്‍ തന്നെ തുടരാനാണ് സാധ്യത. ചുരുങ്ങിയ പരിധിക്ക് മുകളില്‍ റീച്ചാര്‍ജ് ചെയ്യാത്ത ഉപയോക്താക്കള്‍ക്കായുള്ള സേവനവും ചെലവിടലും കുറയ്ക്കുന്നത് ഉള്‍പ്പടെയുള്ള വിവിധ നടപടികള്‍ എയര്‍ടെല്‍ ലാഭം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി തുടങ്ങിവെച്ചിട്ടുണ്ട്.

Categories: FK News