തൊഴിലില്ലാത്ത വളര്‍ച്ച അല്ലാത്തതുകൊണ്ടാണ് വലിയ പ്രക്ഷോഭങ്ങളില്ലാത്തത്: ജയ്റ്റ്‌ലി

തൊഴിലില്ലാത്ത വളര്‍ച്ച അല്ലാത്തതുകൊണ്ടാണ് വലിയ പ്രക്ഷോഭങ്ങളില്ലാത്തത്: ജയ്റ്റ്‌ലി

നോട്ട് അസാധുവാക്കല്‍ സമാന്തര സമ്പദ് വ്യവസ്ഥയെ ഇല്ലാതാക്കിയത് ജിഡിപി വളര്‍ച്ചയില്‍ പ്രതിഫലിച്ചു

ന്യൂഡെല്‍ഹി: തൊഴിലില്ലാത്ത സാമ്പത്തിക വളര്‍ച്ചയാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന വിമര്‍ശനങ്ങള്‍ക്കു മറുപടിയായി കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വലിയ രീതിയിലുള്ള രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ സര്‍ക്കാരിനെതിരേ ഉയര്‍ന്നു വന്നിട്ടില്ലെന്നും ഇത് സര്‍ക്കാര്‍ പദ്ധതികള്‍ തൊഴിലുകള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്നതിന്റെ തെളിവാണെന്നും ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ജയ്റ്റ്‌ലി പറഞ്ഞു.

ന്യൂയോര്‍ക്കില്‍ ചികിത്സയില്‍ കഴിയുന്ന ജയ്റ്റ്‌ലി ഇടക്കാല ബജറ്റില്‍ തൊഴില്‍ വളര്‍ച്ചയ്ക്കായുള്ള വലിയ പ്രഖ്യാപനങ്ങള്‍ ഇല്ലാത്തതിനെയും ന്യായീകരിച്ചു. ഇടക്കാല ബജറ്റ് മറ്റു സാധാരണ ബജറ്റ് പോലെ വിലയിരുത്താനാകില്ല. ഒരു റിപ്പോര്‍ട്ട് കാര്‍ഡിന്റെയും മാര്‍ഗ നിര്‍ദേശത്തിന്റെയും സ്വഭാവമാണ് ഇടക്കാല ബജറ്റിന് കൂടുതലായി ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ കമ്പനികളെല്ലാം പൊടുന്നനെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിച്ച് ജീവനക്കാരുടെ എണ്ണം പകുതിയായി കുറച്ചെന്ന് കണക്കാക്കാനാകില്ല. രേഖാപരമായ തെളിവുകള്‍ അങ്ങിനെയല്ല. തൊഴിലില്ലായ്മ വളര്‍ച്ച സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ട് ചോര്‍ന്നതിനെ സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 45 വര്‍ഷത്തെ ഉയര്‍ച്ചയിലാണെന്നാണ് സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കിയത്.
നോട്ട് അസാധുവാക്കലിന് ശേഷമുള്ള കാലഘട്ടത്തിലെ മൊത്ത ആഭ്യന്തനര ഉല്‍പ്പാദനത്തിലെ വളര്‍ച്ച സംബന്ധിച്ച കണക്കുകള്‍ പുതുക്കിയത് സംബന്ധിച്ച വിമര്‍ശനങ്ങളെയും ജയ്റ്റ്‌ലി പ്രതിരോധിച്ചു. നോട്ട് അസാധുവാക്കലിനു ശേഷം രാജ്യത്തെ ജനങ്ങള്‍ക്ക് അവരുടെ കൈവശമുള്ള പണം ബാങ്കില്‍ നിക്ഷേപിക്കേണ്ടി വന്നു. നേരത്തേ രേഖപ്പെടുത്താതിരുന്ന പല പണമിടപാടുകളും രേഖപ്പെടുത്തുന്ന സ്ഥിതിയുണ്ടായത് ജിഡിപി വളര്‍ച്ചയുടെ കണക്കുകളിലും പ്രതിഫലിക്കുകയായിരുന്നു. സമാന്തര സമ്പദ് വ്യവസ്ഥ ഇല്ലാതായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിഡിപി നിഗമനങ്ങള്‍ വെറും നിഗമനങ്ങള്‍ മാത്രമാണെന്നും നികുതി സമാഹരണമാണ് സമ്പദ് വ്യവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം നല്‍കുന്നതെന്നും ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

കര്‍ഷകര്‍ക്ക് പ്രതിമാസം 500 രൂപയോളം വരുമാന സഹായം നല്‍കുന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു സമാാനമായ പദ്ധതികള്‍ സംസ്ഥാനങ്ങളും ആവിഷ്‌കരിക്കാന്‍ തയാറാകണമെന്നും ജയ്റ്റ്‌ലി ആവശ്യപ്പെട്ടു. സാമ്പത്തിക നില മെച്ചപ്പെടുത്തുമ്പോള്‍ ഈ പദ്ധതിയിലെ തുക മമെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: FK News