സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളിലേക്ക് 1,000 കോടിയുടെ നിക്ഷേപം

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളിലേക്ക് 1,000 കോടിയുടെ നിക്ഷേപം

കൊച്ചി: സീഡിംഗ് കേരളയുടെ ഭാഗമായി അടുത്ത നാല് വര്‍ഷത്തേക്ക് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ 1,000 കോടിയില്‍ പരം രൂപയുടെ നിക്ഷേപ സാധ്യതകളുമായി മുന്നോട്ടു വന്ന നാല് എയ്ഞ്ചല്‍, വെഞ്ച്വര്‍ ക്യാപിറ്റല്‍ (വിസി) ഫണ്ടുകളെ സര്‍ക്കാര്‍ തെരഞ്ഞെടുത്തു. കൊച്ചിയില്‍ നടന്ന സീഡിംഗ് കേരള സമ്മേളനത്തിനിടെ സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കറാണ് ഇക്കാര്യം അറിയിച്ചത്. നഷ്ടസാധ്യത കണക്കിലെടുക്കാതെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ വിവിധ വികസന ഘട്ടങ്ങളില്‍ നടത്തുന്ന നിക്ഷേപങ്ങളാണ് എയ്ഞ്ചല്‍ നിക്ഷേപങ്ങള്‍. യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്‌സ്, ഇന്ത്യന്‍ എയ്ഞ്ചല്‍ നെറ്റ് വര്‍ക്ക്, എക്‌സീഡ് ഇലക്ട്രോണ്‍ ഫണ്ട്, സ്‌പെഷ്യാലി ഇന്‍സെപ്റ്റ് ഫണ്ട് എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട നാല് എയ്ഞ്ചല്‍ ഫണ്ടുകള്‍. 1,000 കോടിയില്‍ പരം രൂപയുടെ നിക്ഷേപ സാധ്യതകളാണ് ഇവര്‍ ചേര്‍ന്ന് നല്‍കിയതെന്ന് ഐടി സെക്രട്ടറി പറഞ്ഞു. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ വാഗ്ദാനം ചെയ്ത തുകയുടെ 25 ശതമാനമെങ്കിലും കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കണമെന്നാണ് കരാര്‍. പ്രതിവര്‍ഷം 15 കോടി രൂപയാണ് സംസ്ഥാനസര്‍ക്കാര്‍ നിക്ഷേപമായി നല്‍കുന്നത്.

300 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ ഉറപ്പാണെന്ന് ഐടി സെക്രട്ടറി

പൂര്‍ണമായും ബഹിരാകാശമേഖലയിലെ സാങ്കേതികവിദ്യയിലധിഷ്ഠിതമായ സ്റ്റാര്‍ട്ടപ്പുകളില്‍ മാത്രമായിരിക്കും എക്‌സീഡ് ഫണ്ട് നിക്ഷേപിക്കുന്നത്. അര്‍ബുദരോഗ ചികിത്സ, ദുരന്തനിവാരണം തുടങ്ങി പ്രത്യേക പ്രമേയത്തിലധിഷ്ഠിതമായ സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുമെന്നും ഐടി സെക്രട്ടറി പറഞ്ഞു.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപത്തിന്റെ അപര്യാപ്തത നാല് ഫണ്ടുകളെ തെരഞ്ഞെടുത്തതിലൂടെ പരിഹരിച്ചതായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ കൂടുതല്‍ വിപണികേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: FK News
Tags: Startup

Related Articles