പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ ലയനം ഉടനുണ്ടായേക്കില്ല

പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ ലയനം ഉടനുണ്ടായേക്കില്ല

നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി, യുണൈറ്റഡ് ഇന്ത്യ അഷ്വറന്‍സ് കമ്പനി, ഓറിയന്റല്‍ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി എന്നിവയെ ലയിപ്പിക്കാന്‍ സര്‍ക്കാര്‍ നോക്കുന്നത്

ന്യൂഡെല്‍ഹി: മൂന്ന് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ ലയനം ഉടന്‍ സംഭവിക്കാന്‍ സാധ്യതയില്ലെന്ന് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് വകുപ്പ് (ഡിഐപിഎഎം) സെക്രട്ടറി അതനു ചക്രബര്‍ത്തി. ലയന വിഷയത്തിലേക്ക് വളരെ ശ്രദ്ധയോടെ കടക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും പൊതുമേഖല ബാങ്കുകളുടെ ഓഹരി വില്‍പ്പന നടപടിക്രമങ്ങള്‍ ഏറ്റെടുക്കുന്നതിന് ഡിഐപിഎഎമ്മിന് വിമുഖതയില്ലെന്നും അദ്ദേഹം പറഞ്ഞു.

നടപ്പു സാമ്പത്തിക വര്‍ഷത്തെ (2018-2019) ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് മൂന്ന് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെ ലയിപ്പിച്ച് ഒറ്റ സംരംഭമാക്കുമെന്നും തുടര്‍ന്ന് ലിസ്റ്റ് ചെയ്യുമെന്നും പ്രഖ്യാപിച്ചത്. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി, യുണൈറ്റഡ് ഇന്ത്യ അഷ്വറന്‍സ് കമ്പനി, ഓറിയന്റല്‍ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി എന്നിവയെ ലയിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. പൊതുമേഖലാ സംരംഭങ്ങളെ ഏകീകരിക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിരുന്നു ഇത്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഏകീകരണ നടപടികള്‍ വേഗത്തിലാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍, ലയനത്തിന് സമയമെടുക്കുമെന്നും ഇന്‍ഷുറന്‍സ് കമ്പനികളുടെ ലയനം ഉടന്‍ സംഭവിക്കാന്‍ സാധ്യതയില്ലന്നും അതനു ചക്രബര്‍ത്തി പറയുന്നു. സംസ്‌കാരമായും തൊഴിലാളികളുമായും ബന്ധപ്പെട്ട സ്വാഭാവിക തടസങ്ങള്‍ ലയനത്തിലുണ്ടാകും. ഏറ്റവും സങ്കീര്‍ണമായ ഇടപാടുകളിലൊന്നാണ് ലയനം. ലയനം വൈദഗ്ധ്യം ആവശ്യപ്പെടുന്നുണ്ട്, അത് സുലഭമായി ലഭ്യമല്ലെന്നും ചബ്രബര്‍ത്തി പറഞ്ഞു.

ലയനം എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു. ഇന്‍ഷുറന്‍സ് കമ്പനികളുടെ ലയന വിഷയം പരിശോധിക്കാന്‍ പുതിയ മാര്‍ഗരേഖ തയാറാക്കാനും ഡിഐപിഎഎം ഫിനാന്‍ഷ്യല്‍ സര്‍വീസസ് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലയനത്തിന് തിരക്കുകുട്ടുന്നതിന് മുന്‍പ് വിഷയം നന്നായി പഠിക്കണമെന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിനുള്ളതെന്നും ചക്രബര്‍ത്തി വ്യക്തമാക്കി.

Comments

comments

Categories: FK News

Related Articles