ചൈനയിലേക്ക് കഴുതകളെ കയറ്റി അയക്കാനൊരുങ്ങി പാക്കിസ്ഥാന്‍

ചൈനയിലേക്ക് കഴുതകളെ കയറ്റി അയക്കാനൊരുങ്ങി പാക്കിസ്ഥാന്‍

മൂന്ന് വര്‍ഷത്തിനുള്ളില്‍ 80,000 കഴുതകളെ ചൈനയിലേക്ക് കയറ്റുമതി ചെയ്യാനാണ് പാക് സര്‍ക്കാരിന്റെ പദ്ധതി

ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ വിദേശ വിനിമയ കരുതല്‍ ധനം ശക്തമാക്കുന്നതിന് ചൈന 2.5 ബില്യണ്‍ ഡോളറിന്റെ വായ്പയ്ക്ക് അനുമതി നല്‍കിയതിന് പിന്നാലെ ചൈനയിലേക്ക് കഴുതകളെ കയറ്റി അയക്കാന്‍ പാക്കിസ്ഥാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആദ്യത്തെ മൂന്ന് വര്‍ഷത്തിനുള്ളില്‍ 80,000 കഴുതകളെ പചൈനയിലേക്ക് കയറ്റുമതി ചെയ്യാനാണ് പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ പദ്ധതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കഴുതകളുള്ള മൂന്നാമത്തെ രാജ്യം പാക്കിസ്ഥാന്‍ ആണ്. അഞ്ച് മില്യണ്‍ കഴുതകള്‍ പാക്കിസ്ഥാനില്‍ ഉണ്ടെന്നാണ് കണക്ക്. കഴുതകളുടെ ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് ചൈനയാണ്. കഴുതകളുടെ വ്യാപാരത്തിലൂടെ കോടിക്കണക്കിന് രൂപയുടെ നേട്ടമുണ്ടാക്കാനുള്ള അവസരമാണ് പാക്കിസ്ഥാന്‍ തുറക്കുന്നത്. ചൈനയില്‍ കഴുതകള്‍ക്ക് വലിയ വിലയുണ്ട്, പ്രത്യേകിച്ച് കഴുതകളുടെ തുകലിന്. പരമ്പരാഗത ചൈനീസ് മരുന്നുകളുടെ നിര്‍മാണത്തിന് ഇവയുടെ ചര്‍മ്മം ഉപയോഗിക്കുന്നുണ്ട്.

കഴുതകളുടെ ചര്‍മ്മത്തില്‍ നിന്നും നിര്‍മിച്ച ജെലാറ്റിന്‍ ചൈനയില്‍ ഔഷധഗുണമുള്ളതായി കണക്കാക്കയിരുന്നു. രക്തക്കുറവ് പരിഹരിക്കുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും ഈ ജെലാറ്റിന്‍ സഹായിക്കുമെന്നാണ് ഇവരുടെ പരമ്പരാഗത വിശ്വാസം. പാക്കിസ്ഥാനിലെ കഴുത വളര്‍ത്തലില്‍ ചൈനീസ് കമ്പനികള്‍ക്ക് താല്‍പ്പര്യമുണ്ടെന്ന് ലൈവ്‌സ്റ്റോക് വകുപ്പില്‍ നിന്നുള്ള ഉന്നതഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ രംഗത്ത് മൂന്ന് ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ വിദേശ കമ്പനികള്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: FK News

Related Articles