രാജ്യത്ത് മാംസ കയറ്റുമതി കുത്തനെ ഇടിയുമെന്ന് എക്‌സ്‌പോര്‍ട്ടര്‍മാര്‍

രാജ്യത്ത് മാംസ കയറ്റുമതി കുത്തനെ ഇടിയുമെന്ന് എക്‌സ്‌പോര്‍ട്ടര്‍മാര്‍

നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള മാട്ടിറച്ചി കയറ്റുമതിയില്‍ 15 ശതമാനം ഇടിവുണ്ടായേക്കുമെന്നാണ് എഐഎംഎല്‍ഇഎ പറയുന്നത്

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള മാട്ടിറച്ചി കയറ്റുമതിയില്‍ 15 ശതമാനം ഇടിവുണ്ടായേക്കുമെന്ന് എഐഎംഎല്‍ഇഎ (ഓള്‍ ഇന്ത്യ മീറ്റ് ആന്‍ഡ് ലൈവ്‌സ്റ്റോക് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍)യുടെ റിപ്പോര്‍ട്ട്. ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ മാംസ കയറ്റുമതിയാണ് ഈ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തുകയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വലിയ മാംസ ഉപഭോക്തൃ രാജ്യമായ ചൈന ഭക്ഷ്യക്കടത്ത് നിരോധിച്ചതാണ് ഇന്ത്യയില്‍ നിന്നുള്ള മാംസ കയറ്റുമതി കുറയാനുള്ള കാരണമായി എക്‌സ്‌പോര്‍ട്ടര്‍മാരുടെ സംഘടന പറയുന്നത്. കാല്‍, വായ രോഗം സംബന്ധിച്ച ഭയം കാരണം ഇന്ത്യയില്‍ നിന്നുള്ള മാട്ടിറച്ചി ഇറക്കുമതിചൈന അനുവദിക്കുന്നില്ല. മറ്റ് ഭക്ഷണ സാധനങ്ങള്‍ക്കൊപ്പം അയല്‍ രാജ്യങ്ങളിലൂടെ ഇന്ത്യയില്‍ നിന്നുള്ള മാംസം രാജ്യത്തേക്ക് കടത്തുന്നതിനും ചൈന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചൈനീസ് സര്‍ക്കാര്‍ ഇടയ്ക്കിടെ കസ്റ്റംസ് നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കുന്നുണ്ട്. ഇത്തരം നടപടികള്‍ വിയറ്റ്‌നാം പോലുള്ള രാജ്യങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള എരുമ മാംസത്തിന് ആവശ്യകത കുറയാന്‍ കാരണമായതായി എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ പറയുന്നു. മറ്റ് രാജ്യങ്ങളിലെ ചില വ്യാപാരികള്‍ മാംസം ചൈനയിലെ ഉപഭോക്താക്കള്‍ക്ക് മറിച്ച് വില്‍ക്കാറുണ്ട്. ചൈന ഭക്ഷണക്കടത്ത് നിരോധിച്ചതോടെ ഇത്തരം വ്യാപാരം നടക്കാതെയായി.

കഴിഞ്ഞ ഏതാനും മാസങ്ങളായി ചൈനയുടെ ഇറക്കുമതിയില്‍ സ്ഥിരതയില്ലെന്നും ഇത് ഇന്ത്യയുടെ കയറ്റുമതിയില്‍ പ്രതിഫലിക്കുന്നതായും എഐഎംഎല്‍ഇഎ വൈസ് പ്രസിഡന്റ് ഫൗസന്‍ അലവി പറഞ്ഞു. ലോകത്തിലെ രണ്ടാമത്തെ വലിയ മാട്ടിറച്ചി കയറ്റുമതി രാജ്യമാണ് ഇന്ത്യ. രാജ്യത്ത് നിന്നുള്ള കയറ്റുമതി ഇടിയുന്നത് മാംസത്തിന്റെ വിലയിലും സ്വാധീനം ചെലുത്തും. ഇത് മലേഷ്യ, ഇന്തോനേഷ്യ, ഈജിപ്ത്, ഇറാഖ് എന്നിവിടങ്ങളിലെ ഇറക്കുമതിക്കാര്‍ക്ക്് ഗുണം ചെയ്യുമെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.15 മില്യണ്‍ ടണ്‍ മാട്ടിറച്ചിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഇതില്‍ പകുതിയിലധികം പങ്കുവഹിക്കുന്നത് വിയറ്റ്‌നാമാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 15 ശതമാനം ഇടിവ് നടപ്പു സാമ്പത്തിക വര്‍ഷം ഉണ്ടായേക്കും. 2012-2013 സാമ്പത്തിക വര്‍ഷം മുതലുള്ള ഏറ്റവും കുറഞ്ഞ കയറ്റുമതിയായിരിക്കും രേഖപ്പെടുത്തുകയെന്നും അസോസിയേഷന്‍ പറയുന്നു. ഏപ്രില്‍-നവംബര്‍ കാലയളവില്‍ കയറ്റുമതിയില്‍ പത്ത് ശതമാനം വാര്‍ഷിക ഇടിവാണുണ്ടായത്. 2017ല്‍ സമാനകാലയളവില്‍ 825,570 ടണ്‍ മാംസം ഇന്ത്യ കയറ്റുമതി ചെയ്തിരുന്നു. കയറ്റുമതിയിലുണ്ടായ ഇടിവ് ഇതിനകം വിലയിലും സ്വാധീനം ചെലുത്തി തുടങ്ങി. ടണ്ണിന് 3,200 ഡോളറായിരുന്നു ആറ് മാസം മുന്‍പ് ഇന്ത്യന്‍ മാട്ടിറച്ചിക്ക് വില. ഇത് 2,990 ഡോളറായി ചുരുങ്ങി.

Comments

comments

Categories: FK News