ഇന്ത്യയില്‍ ഹൈബ്രിഡ് കാറുകള്‍ അവതരിപ്പിക്കാന്‍ ജാപ്പനീസ് കമ്പനികള്‍

ഇന്ത്യയില്‍ ഹൈബ്രിഡ് കാറുകള്‍ അവതരിപ്പിക്കാന്‍ ജാപ്പനീസ് കമ്പനികള്‍

വിവിധ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി സൂചന

ന്യൂഡെല്‍ഹി : ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍, ഹോണ്ട മോട്ടോര്‍ കോര്‍പ്പറേഷന്‍, സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍ എന്നീ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ 2021 അവസാനത്തോടെ ഇന്ത്യയില്‍ ഹൈബ്രിഡ് കാറുകള്‍ പുറത്തിറക്കും. ഇവര്‍ ഫുള്‍ ഹൈബ്രിഡ് കാറുകള്‍ വികസിപ്പിച്ചുതുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഹൈബ്രിഡ് വാഹനങ്ങള്‍ക്കുനേരെ വിവേചനം കാണിക്കില്ലെന്നും കമ്പനികള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായാണ് സൂചന.

ഇന്ത്യയില്‍ 28 ശതമാനം ജിഎസ്ടി നിരക്കിലാണ് ഹൈബ്രിഡ് വാഹനങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ, 15 ശതമാനം സെസ്സ് നല്‍കണം. അതേസമയം ഇലക്ട്രിക് വാഹനങ്ങള്‍ സംബന്ധിച്ച് വ്യക്തമായ നയമോ കൃത്യമായ റോഡ്മാപ്പോ നിലവിലില്ല.

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മിഡ്‌സൈസ് സെഡാനുകളില്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം. അടുത്ത തലമുറ ഹോണ്ട സിറ്റി ഇന്ത്യയില്‍ ഹൈബ്രിഡ് വാഹനമായി അവതരിപ്പിക്കാനാണ് ഹോണ്ട കാര്‍സ് തീരുമാനിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2020 ഓടെ പുതിയ ഹോണ്ട സിറ്റി (പെട്രോള്‍/ഡീസല്‍) അവതരിപ്പിക്കും. അതിനുശേഷം ഹൈബ്രിഡ് വേരിയന്റുകള്‍ വിപണിയിലെത്തിക്കും.

മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ അവതരിപ്പിക്കുമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ പ്രസിഡന്റ് ആന്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഗാകു നകാനിഷി പറഞ്ഞു. അതേസമയം തങ്ങളുടെ ഹൈബ്രിഡ് കാറുകള്‍ എങ്ങനെ വില കുറച്ച് ഇന്ത്യയില്‍ അവതരിപ്പിക്കാമെന്ന് ആലോചിക്കുകയാണ് ടൊയോട്ട, സുസുകി വാഹന നിര്‍മ്മാതാക്കള്‍. ആഗോള പ്രവണതകള്‍ക്ക് വിരുദ്ധമായി, പെട്രോള്‍-ഇലക്ട്രിക് ഹൈബ്രിഡുകളിലാണ് ജാപ്പനീസ് കമ്പനികള്‍ താല്‍പ്പര്യം കാണിക്കുന്നത്.

Comments

comments

Categories: Auto
Tags: Hybrid cars