ഇസ്രയേല്‍; നയം പുനപരിശോധിക്കാനൊരുങ്ങി പാക്കിസ്ഥാന്‍

ഇസ്രയേല്‍; നയം പുനപരിശോധിക്കാനൊരുങ്ങി പാക്കിസ്ഥാന്‍

ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറെടുക്കുന്നതായി സൂചന. പാക്കിസ്ഥാനിലുള്ള ജൂത വംശജനായ ഫിഷെല്‍ ബെങ്കാര്‍ഡിന് ഇസ്രായേല്‍ സന്ദര്‍ശിക്കാന്‍ ഇസ്ലാമബാദ് അനുമതി നല്‍കിയതോടെയാണ് ഇത്തരത്തിലൊരു ചര്‍ച്ച അന്താരാഷ്ട്ര സമൂഹത്തില്‍ തന്നെ ഉണ്ടായത്. പാക്കിസ്ഥാന്റെ പാസ്‌പോര്‍ട്ടില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചതായി ഫിഷെല്‍ തന്നെയാണ് വെളിപ്പെടുത്തിയത്. ഇതിനെത്തുടര്‍ന്നുണ്ടായ ഊഹാപോഹങ്ങള്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം തുടക്കത്തില്‍ മാത്രമാണ് നിഷേധിച്ചത് എന്നതും ശ്രദ്ധേയമാണ്. ഇമ്രാന്‍ഖാന്റെ കീഴില്‍ ഇസ്ലാമബാദ് മാറ്റങ്ങള്‍ക്കു ശ്രമിക്കുന്നു എന്നാണ് വിലയിരുത്തല്‍. സാമ്പത്തിക നില പാടേ തകര്‍ന്ന രാജ്യമെന്ന നിലയില്‍ തിരിച്ചുവരാനാകുമോ എന്ന ശ്രമങ്ങള്‍ അവര്‍ നടത്തിക്കൂടായ്കയില്ല. ഭീകര പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കുകയും അവര്‍ക്ക് വളക്കൂറുള്ള മണ്ണാക്കി പാക്കിസ്ഥാനെ മാറ്റുകയും ചെയ്തതോടെ അന്താരാഷ്ട്ര സമൂഹം ഇസ്ലാമബാദില്‍നിന്ന് അകലുകയായിരുന്നു. അമേരിക്കയും സഹായങ്ങള്‍ നിര്‍ത്തിയതോടെ പാക്കിസ്ഥാന്‍ ഇന്ന് പ്രതിസന്ധിയിലാണ്.

ഇസ്രയേലിനെതിരായ നയം കഴിഞ്ഞ എഴുപതുവര്‍ഷമായി പാക്കിസ്ഥാന്‍ പിന്തുടരുന്നു. കൂടാതെ പാക് പാസ്‌പോര്‍ട്ട് ഇസ്രയേലില്‍ ഉപയോഗിക്കാനും സാധ്യമല്ല. അവിടേക്ക് പോകുന്നതില്‍നിന്നും ഇസ്ലാമബാദ് ജനങ്ങളെ വിലക്കിയിട്ടുണ്ട്. ഈ അവസ്ഥ നിലനില്‍ക്കുമ്പോഴാണ് പാക് പാസ്‌പോര്‍ട്ടുമായി ഒരാള്‍ ടെല്‍അവീവിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്നത്. ജൂതരാജ്യവുമായി എല്ലാബന്ധവും വേണ്ടെന്നുവെച്ച ലോകത്തിലെ ആദ്യ സുന്നി ഇസ്ലാമിക് റിപ്പബ്ലിക്കാണ് പാക്കിസ്ഥാന്‍. ഇന്ന് അറബ് മേഖലയില്‍ തന്നെ ഇസ്രയേലുമായുള്ള ബന്ധത്തില്‍ മാറ്റങ്ങള്‍ പ്രകടമാണ്. സൗദി അറേബ്യതന്നെ ഉദാഹരണം. ഇതുരാജ്യങ്ങളും തമ്മില്‍ ഊഷ്മളമായ ബന്ധമാണ് ഇന്നുള്ളത്. ഇത് വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

അതിനിടെ റാവല്‍പിണ്ടിയിലെ നൂര്‍ഖാന്‍ എയര്‍ബെയ്‌സില്‍ കഴിഞ്ഞ ഒക്‌റ്റോബറില്‍ ഇസ്രയേലിന്റെ ഒരു വിമാനം ഇറങ്ങിയതായുള്ള വാര്‍ത്ത പാക് പത്രങ്ങളില്‍ വന്നിരുന്നു. അന്ന് വിമാനത്തിലെത്തിയവരെ ഒരു സംഘം സ്വീകരിച്ചതായും എയര്‍ബെയ്‌സിലെ ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.സര്‍ക്കാര്‍ ഇത് നിഷേധിച്ചിരുന്നുവെന്നുവെങ്കിലും ഇസ്രയേലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പാക്കിസ്ഥാനില്‍നിന്നും ഇടയ്ക്കിടെ കേള്‍ക്കുന്നത് നയം മാറ്റത്തിന്റെ സൂചനയായാണ് കരുതപ്പെടുന്നത്.

എന്നാല്‍ ഏറ്റവും മികച്ച സുഹൃദ് രാജ്യമായ ഇന്ത്യയെ പിണക്കാന്‍ ഇസ്രായേല്‍ തയ്യാറാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ബെഞ്ചമിന്‍ നെതന്യാഹു ഈമാസം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് ഈ രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയുമായി നിരവധി ആയുധകരാറുകളില്‍ ഇസ്രയേല്‍ ഈ മാസം ഒപ്പുവെയ്ക്കും. ഇതില്‍ രണ്ട് അവാക്‌സ് വിമാനങ്ങളും ഉള്‍പ്പെടും. ഈ ഘട്ടത്തില്‍ ന്യൂഡെല്‍ഹിയുടെ അപ്രീതിക്ക് പാത്രമാകാന്‍ ടെല്‍അവീവ് ആഗ്രഹിക്കില്ല. കൂടാതെ ഇരു രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും സുഹൃത്തുക്കളുമാണ്. കാലങ്ങള്‍ക്കുമുമ്പുതന്നെ ജൂതരെ സംരക്ഷിച്ചുപോന്ന രാജ്യം കൂടിയാണ് ഇന്ത്യ. പ്രതിരോധ രംഗത്തല്ലാതെ സ്റ്റാര്‍ട്ടപ്പ് മേഖലയിലും മറ്റ് സാങ്കേതിക മേഖലകളിലും ഇരു രാജ്യങ്ങളും സഹകരിക്കുന്നുമുണ്ട്. ഇതിനാല്‍ പാക്കിസ്ഥാന്റെ നീക്കം ശ്രദ്ധയോടെയാണ് അന്താരാഷ്ട്ര സമൂഹം വീക്ഷിക്കുന്നത്.

ഇമ്രാന്‍ഖാന്റെ പക്ഷത്തുനിന്നും ഉഭയകക്ഷി ബന്ധങ്ങള്‍ സ്ഥാപിക്കാനൊരു നീക്കമുണ്ടായില്‍ അതിനെ കരുതലോടെ മാത്രമെ ഇസ്രയേല്‍ സ്വീകരിക്കുകയുള്ളു. കാരണം ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്ന അവരുടെ നയം തന്നെ. ഇസ്രായേലും ഇതിന് ഇരയാണ്. അതിനാല്‍ ഭീകരപ്രവര്‍ത്തനത്തെ ചെറുക്കുന്ന നിലപാട് മാത്രമെ അവര്‍ സീകരിക്കുകയുള്ളു എന്നാണ് കരുതപ്പെടുന്നത്. ലോകത്തിലെ അപകടകരമായ ഭീകര സംഘടനകളില്‍ പലതും പാക് മണ്ണിലുണ്ട്. അത് ഒഴിവാക്കിയാല്‍ മാത്രമെ ആ രാജ്യത്തിന് വളര്‍ച്ചയും വികസനവും സാധ്യമാകു. കൂടാതെ സൈന്യത്തിന് അമിതമായ സ്വാതന്ത്ര്യവും അധികാരവും കല്‍പ്പിച്ചുകൊടുത്ത നാടാണത്. അതിനാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ആയുസ് നിര്‍ണയിക്കുകയും ബുദ്ധിമുട്ടാണ്. അവിടെ അരങ്ങേറിയ പട്ടാള വിപ്ലവങ്ങള്‍ അതിനുദാഹരണങ്ങളാണ്. ജനകീയ സര്‍ക്കാരിന്റെ നയം ഇഷ്ടപ്പെടാതെ വന്നാല്‍ സൈന്യം ഇടപെടും. അതോടെ നയങ്ങള്‍ റദ്ദാക്കപ്പെടും. അവിടെ യാഥാസ്ഥിതിക നിലപാടാണ് സൈന്യം പുലര്‍ത്തുന്നത് എന്നതും എടുത്തു പറയേണ്ടകാര്യമാണ്.

ഇസ്രയേലിനെ സംബന്ധിച്ച ഒരു ചര്‍ച്ചക്ക് 2003ല്‍ അന്നത്തെ ഭരണാധികാരിയ ജനറല്‍ പര്‍വേസ് മുഷാറഫ് തുടക്കമിട്ടിരുന്നു.ആ രാജ്യത്തെ അംഗീകരിക്കുന്നതിലൂടെ ഉണ്ടാകാവുന്ന ഗുണങ്ങളെപ്പറ്റി രാജ്യത്ത് ഒരു തുറന്ന ചര്‍ച്ച വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇസ്രയേലുമായുള്ള ഇന്ത്യയുടെ സൈനിക,സാമ്പത്തിക, ഇന്റലിജന്‍സ് സഹകരണം മുന്‍നിര്‍ത്തിയാണ് മുഷാറഫ് ഇങ്ങനെ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. ആരാജ്യവുമായി നമുക്കുള്ള പ്രശ്‌നമെന്താണെന്നും അദ്ദേഹം അന്ന് ചോദിച്ചിരുന്നു. രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം പാക്-ഇസ്രയേല്‍ വിദേശകാര്യമന്ത്രിമാര്‍ ഈസ്റ്റാംപൂളില്‍ തമ്മില്‍ കണ്ടുമുട്ടുകയമം ചെയ്തു. ഇതിന് വ്യാപകമായ പിന്തുണ ലഭിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെട്ടിരുന്നു. അന്ന് മൊസാദും ഐഎസ്‌ഐയുമായി ചില ബന്ധങ്ങള്‍ ഉണ്ടായിരുന്നതായും വാര്‍ത്തകള്‍വന്നിരുന്നു. ഇന്ത്യയും ഇസ്രയേലും ചേര്‍ന്ന് പാക്കിസ്ഥാനെ ആക്രമിക്കാതിരിക്കാനുള്ള ഒരു മുന്‍ കരുതലും ഇതിലുണ്ടായിരുന്നു എന്നാണ് കരുതുന്നത്.

ഇന്ന് പാക്കിസ്ഥാന്റെന്താരാഷ്ട്ര തലത്തിലെ ഒറ്റപ്പെടലില്‍നിന്നും പുറത്തുകടക്കാനുള്ള നീക്കമായാണ് ഇമ്രാന്‍ഖാന്റെ പല നയങ്ങളെയും സമൂഹം കാണുന്നത്. കഴിഞ്ഞ വര്‍ഷം ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തതിനുശേഷം ഇസ്രയേലുമായുള്ള ബന്ധത്തില്‍ മഞ്ഞുരുകല്‍ ഉണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അമേരിക്കക്കാരനായ ജൂതവംശജന്‍ ജാക്ക് റോസന്‍ ഖാനെ പ്രകീര്‍ത്തിച്ച് ഒരു ലേഖനവും എഴുതിയിരുന്നു. പാക്കിസ്ഥാന്‍ അമേരിക്കന്‍ സഹായം അര്‍ഹിക്കുന്നുവെന്നാണ് അദ്ദേഹം ലേഖനത്തില്‍ സമര്‍ത്ഥിച്ചത്. എന്തായാലും മുഷാറഫ് തുടങ്ങിവെച്ച നയം പൊടി തട്ടിയെടുക്കാനാണ് ഇമ്രാന്‍ ഖാന്‍ ശ്രമിക്കുന്നതെന്ന് വ്യക്തം. സ്വന്തം നാടിന്റെ വളര്‍ച്ചയെക്കാളുപരി ഇന്ത്യയെ ഒരു പരിധി വരെ തടയുക എന്നതാവം പദ്ധതിയെന്ന് വ്യക്തം. ഇതിലെല്ലാമുപരി ഇസ്രായേലിന്റെ നിലപാടും നിര്‍ണായകമാകും.

Comments

comments

Categories: FK News