ഇന്‍സ്റ്റാഗ്രാം പകരുന്ന ഉത്കണ്ഠ

ഇന്‍സ്റ്റാഗ്രാം പകരുന്ന ഉത്കണ്ഠ

ഇന്‍സ്റ്റാഗ്രാമിന്റെ നെഗറ്റീവ് സ്വാധീനം ഇന്‍സ്റ്റാഗ്രാംസൈറ്റി (Instagramxiety) എന്ന പദം രൂപപ്പെടാന്‍ കാരണമായിരിക്കുന്നു. ഇന്‍സ്റ്റാഗ്രാമില്‍ കണ്ട ഒരു പോസ്റ്റിലൂടെ ഉത്കണ്ഠ വരുന്ന അവസ്ഥയെന്നാണ് ഇന്‍സ്റ്റാഗ്രാംസൈറ്റി കൊണ്ട് അര്‍ഥമാക്കുന്നത്.

ഏതാനും ആഴ്ച മുമ്പ്, ആപ്പില്‍ ചെലവഴിക്കുന്ന സമയം നിരീക്ഷിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചര്‍ പിക്ച്ചര്‍ ഷെയറിംഗ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കുകളില്‍ യൂസറുടെ മാനസികാരോഗ്യത്തിന് പ്രാധാന്യം കല്‍പിക്കുന്നവരില്‍ ഏറ്റവും താഴെയാണ് ഇന്‍സ്റ്റാഗ്രാമിന്റെ സ്ഥാനമെന്ന് ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ (നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍) റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്‍സ്റ്റാഗ്രാം ഈ ഫീച്ചര്‍ അവതരിപ്പിച്ചത്.

‘സായാഹ്നങ്ങളോ, അവധി ദിനങ്ങളോ ആസ്വദിക്കുന്ന സുഹൃത്തുക്കളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ കാണുമ്പോള്‍, പലരെയും ദുഖത്തിലാഴ്ത്താറുണ്ട്. കാരണം ജീവിതം ആസ്വദിക്കാന്‍ അവര്‍ക്കു സാധിക്കുന്നില്ലല്ലോ എന്ന ചിന്തയായിരിക്കും ഈ ചിത്രം കാണുമ്പോള്‍ അവരില്‍ ഭൂരിഭാഗം പേര്‍ക്കും ഉണ്ടാവുക’യെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ വികാരത്തിന് ‘താരതമ്യം, നിരാശ’ തുടങ്ങിയ മനോഭാവം വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

2018 ഒക്ടോബര്‍ വരെയുള്ള കണക്ക്പ്രകാരം ഇന്ത്യയില്‍ 71 ദശലക്ഷം യൂസര്‍മാര്‍ ഇന്‍സ്റ്റാഗ്രാമിലുണ്ടെന്നാണ്. യുഎസിലാകട്ടെ 121 ദശലക്ഷം യൂസര്‍മാരുണ്ട്. ഏകദേശം 121 ദശലക്ഷം യൂസര്‍മാര്‍ ദിവസാടിസ്ഥാനത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ അവരുടെ ജീവിതത്തിലെ വിലമതിക്കാനാവാത്ത അനുഭവങ്ങള്‍ ഷെയര്‍ ചെയ്യുകയോ, ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുകയോ ചെയ്യുന്നു.

വസ്തുത എന്തെന്നാല്‍ ആഗോളതലത്തിലുള്ള ഇന്‍സ്റ്റാഗ്രാം യൂസര്‍മാരുടെ 61 ശതമാനവും 18നും 34നുമിടയില്‍ പ്രായമുള്ളവരാണെന്നതാണ്. ഇത് പരിഭ്രമിപ്പിക്കുന്ന കണക്ക് തന്നെയാണെന്നതില്‍ സംശയവുമില്ല. ഇന്ന് ലക്ഷക്കണക്കിനു മില്ലേനിയല്‍സ് (1980-2000 കാലഘട്ടത്തിനിടയില്‍ ജനിച്ചവരെയാണു മില്ലേനിയല്‍സ് എന്നു വിശേഷിപ്പിക്കുന്നത് ) ഒരു ദിവസം ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും ഇന്‍സ്റ്റാഗ്രാമില്‍ ചെലവഴിക്കുന്നുണ്ട്. ഇന്‍സ്റ്റന്റ് സാറ്റിസ്ഫാക്ഷന്‍ അല്ലെങ്കില്‍ ഞൊടിയിടയില്‍ സംതൃപ്തി തരുന്നു എന്നതാണ് ഇന്‍സ്റ്റാഗ്രാമിലേക്ക് ഒരാളെ ആകൃഷ്ടനാക്കുന്ന ഘടകം. ആത്മവിശ്വാസം കെട്ടിപ്പടുക്കാന്‍ പ്രയാസമുള്ള ഇന്നത്തെ ലോകത്തില്‍, ഒരു ആപ്പ് എന്ന നിലയില്‍ ഇന്‍സ്റ്റാഗ്രാം, വ്യൂസിന്റെയും(views), ലൈക്കിന്റെയും(likes) രൂപത്തില്‍ തല്‍ക്ഷണ തൃപ്തി തരുന്നു. ഇതു പക്ഷേ, ഉപരിപ്ലവും ചുരുങ്ങിയ സമയം മാത്രം നീണ്ടുനില്‍ക്കുന്നതുമായിരിക്കും. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യുന്നവര്‍ നിരന്തര അംഗീകാരം ആഗ്രഹിക്കുന്നവരാണ്. ഇതിലൂടെ ഇവര്‍ അവരുടെ ജീവിതത്തിലെ പരാജയമോ, അപകര്‍ഷതയോ മായ്ച്ചു കളയാന്‍ ശ്രമിക്കുന്നു. ഒടുവില്‍ ഇത് ഒരാളെ കാപട്യം പറയാന്‍ പ്രേരിപ്പിക്കുകയോ, മറ്റൊരു വ്യക്തിത്വമായി സ്വയം അവതരിപ്പിക്കുവാനോ ഇടവരുത്തും. ഈ സാഹചര്യം ഒരാളുടെ മാനസികാരോഗ്യത്തു ദോഷകരമായി ഭവിക്കുകയും ചെയ്യും.

സോഷ്യല്‍ മീഡിയ ആപ്പുകളില്‍ വച്ച് ഏറ്റവും ആസക്തി ഉളവാക്കുന്നത് ഇന്‍സ്റ്റാഗ്രാമാണെന്നു വിവിധ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. കാരണം ഇന്‍സ്റ്റാഗ്രാമില്‍ കുറഞ്ഞ വായന മാത്രമാണ് ആവശ്യമായി വരുന്നത്. ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റാണല്ലോ ഇന്‍സ്റ്റാഗ്രാം. അത്തരമൊരു പ്ലാറ്റ്‌ഫോമില്‍ ടെക്സ്റ്റ്് അല്ലെങ്കില്‍ വാക്കുകള്‍ക്ക് പ്രസക്തി കുറവായിരിക്കും. പകരം ചിത്രങ്ങള്‍ക്കായിരിക്കും മുന്‍ഗണന. സോഷ്യല്‍ മീഡിയകള്‍ക്ക് നമ്മളുടെ മാനസികാരോഗ്യത്തിന് ആഘാതമേല്‍പ്പിക്കാനുള്ള ശക്തിയുണ്ടെന്നു മനശാസ്ത്രജ്ഞര്‍ പറയുന്നു. കാരണം ഒരാള്‍ക്ക് അയാളുടെ സുഹൃത്തിന്റെയോ പരിചയക്കാരന്റെയോ സ്വകാര്യതയിലേക്ക് എത്തി നോക്കാനുള്ള അവസരം ഒരുക്കുന്നുണ്ട് സോഷ്യല്‍ മീഡിയ. ഇന്‍സ്റ്റാഗ്രാമിലോ മറ്റേതെങ്കിലുമൊരു നവമാധ്യമത്തില്‍ ഒരാള്‍ ഒരു പോസ്റ്റ് ഇട്ടാല്‍ അതിനെ മറികടക്കും വിധമുള്ള പോസറ്റ് ഇടാന്‍ രണ്ടാമന്‍ അത്യുല്‍സാഹത്തോടെ മത്സരിക്കുകയാണ്. അതാകട്ടെ, ഒരാളുടെ മാനസികാരോഗ്യത്തെ ബാധിക്കും വിധമുള്ള വെര്‍ച്വല്‍ മത്സരമായി മാറുകയും ചെയ്യാം. ഒട്ടുമിക്ക യുവാക്കളും സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളെ വിശകലനം ചെയ്യുന്നവരാണ്. ഇത് ചില ഘട്ടങ്ങളില്‍ പോസ്റ്റീവ് ഫലം ഉണ്ടാക്കാം. ചിലപ്പോള്‍ നെഗറ്റീവ് ഫലവും. ചിത്രങ്ങളെ വിശകലനം ചെയ്യുമ്പോള്‍ അവിടെ താരതമ്യപ്പെടുത്തലും സംഭവിച്ചേക്കാം. ഒരു വ്യക്തിയെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ പലപ്പോഴും അത് ഉത്കണ്ഠ ഉണ്ടാക്കുമെന്നതു ഒരു വസ്തുതയാണ്. നമ്മളുടെ ഉത്കണ്ഠയ്ക്കു സംഭാവന നല്‍കുന്ന നിരവധി കാര്യങ്ങള്‍ ഉണ്ട്. വളരെയധികം കാപ്പി, പുകയില, മദ്യം എന്നിവയുടെ ഉപയോഗവും ഉറക്കമില്ലായ്മ, സമ്മര്‍ദ്ദം നിറഞ്ഞ ജോലി അന്തരീക്ഷം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, വ്യക്തിപരമായ പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ ഉത്കണ്ഠ സമ്മാനിക്കാന്‍ പ്രാപ്തമായവയാണ്. സോഷ്യല്‍ മീഡിയയോടുള്ള ആസക്തി ഇത്തരം പ്രശ്‌നങ്ങളുടെ രൂക്ഷത വര്‍ധിപ്പിക്കാന്‍ ഇടയാക്കുകയും ചെയ്യും. ഇക്കാര്യം തിരിച്ചറിഞ്ഞു കൊണ്ടു സോഷ്യല്‍ മീഡിയയില്‍നിന്നും അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന ഉപദേശമാണു മാനസിക ആരോഗ്യ രംഗത്തെ വിദഗ്ധര്‍ക്കു നല്‍കുവാനുള്ളത്.

വിവിധ തലമുറകള്‍ ടെക്‌നോളജി ഉപയോഗിക്കുന്നതില്‍ കാര്യമായ വ്യത്യാസം പ്രകടമാകാറുണ്ട്. പ്രായക്കൂടുതലുള്ളവര്‍ക്കു സോഷ്യല്‍ മീഡിയയോട് ആസക്തി കുറവായിരിക്കും. എന്നാല്‍ മില്ലേനിയല്‍സ് എന്നു വിളിക്കുന്ന യുവാക്കള്‍ സോഷ്യല്‍ മീഡിയയോട് അമിത താത്പര്യം പ്രകടിപ്പിക്കുന്നവരുമായിരിക്കും. കാരണം ഇവര്‍ ഐപാഡിനെയും, ഫേസ്ബുക്കിനെയും, ഇന്‍സ്റ്റാഗ്രാമിനെയുമൊക്കെ കണ്ടു കൊണ്ടാണു വളര്‍ന്നു വന്നത്. സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം ഒരു വ്യക്തിയില്‍ അമിത ഉത്കണ്ഠ ഉളവാക്കുമെന്നാണു വിവിധ പഠനങ്ങള്‍ പറയുന്നത്. ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ പ്രവേശിച്ച് നാലും അഞ്ചും മണിക്കൂര്‍ ചെലവഴിച്ചതിനു ശേഷം അതില്‍ കാണുന്ന മറ്റുള്ളവരുടെ ജീവിതവുമായി സാമ്യപ്പെടുത്തും. ഇങ്ങനെ സാമ്യപ്പെടുത്തുന്നതിലൂടെ അസൂയ, സംശയം, ഉത്കണ്ഠ തുടങ്ങിയ ദോഷങ്ങള്‍ ഉള്ളിലേക്ക് പ്രവേശിക്കും. കാരണം അയാള്‍ സാമ്യപ്പെടുത്തി നോക്കുന്നത് പ്രൈവറ്റ് ജെറ്റിലിരിക്കുന്ന ഒരാളുമായോ ലൂയിസ് വ്യൂട്ടണ്‍ ബ്രാന്‍ഡ് ഉത്പന്നം ധരിച്ചിരിക്കുന്ന ഒരാളുമായിട്ടോ ആയിരിക്കും. ഇത്തരം സാമ്യപ്പെടുത്തല്‍ എത്തിക്കുന്നത് ഉത്കണ്ഠയിലേക്കും, അസൂയയിലേക്കുമൊക്കെയായിരിക്കും.

പണ്ട്, സോഷ്യല്‍ മീഡിയയൊക്കെ ആവിര്‍ഭവിക്കുന്നതിനു മുന്‍പ്, ബ്രാന്‍ഡുകളെ കുറിച്ച് അത്ര വലിയ അറിവും ധാരണയുമില്ലാത്തവരായിരുന്നു നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ ഇന്‍സ്റ്റാഗ്രാം പോലുള്ള നവമാധ്യമങ്ങള്‍ രംഗപ്രവേശം ചെയ്തതോടെ, ബ്രാന്‍ഡുകള്‍ മാത്രമല്ല, വിവിധ സ്ഥലങ്ങളെക്കുറിച്ചും വ്യക്തികളെ കുറിച്ചും കൂടുതല്‍ അറിയാന്‍ സാധിക്കുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം നമ്മള്‍ക്കു പോസിറ്റീവ് ഫലം നല്‍കുന്നത് ഏതാണെന്നു തിരിച്ചറിയുകയും അവയെ ഫോളോ ചെയ്യുകയും ചെയ്യുക എന്നതാണ്. ഇന്‍സ്റ്റാഗ്രാമില്‍ ഫേക്ക് അഥവാ വ്യാജ എക്കൗണ്ടുകള്‍ സുലഭമായുണ്ട്. അവ ഒരിക്കലും നമ്മളെ നന്മയിലേക്കു നയിക്കുകയില്ലെന്നും തിരിച്ചറിയുക. ഈ ധാരണയില്ലാത്തവര്‍ക്കാണു നവമാധ്യമങ്ങളുടെ ദൂഷ്യമേറ്റു വാങ്ങേണ്ടി വരുന്നതെന്നു മനശാസ്ത്രജ്ഞര്‍ പറയുന്നു.

Comments

comments

Categories: Top Stories
Tags: Instagram