ഇറക്കുമതി തീരുവയുള്ളത് 99 ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക്: വാണിജ്യ മന്ത്രാലയം

ഇറക്കുമതി തീരുവയുള്ളത് 99 ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക്: വാണിജ്യ മന്ത്രാലയം

ന്യൂഡെല്‍ഹി: ആഭ്യന്തര ഉല്‍പ്പാദകരെ വന്‍തോതിലുള്ള വിലകുറഞ്ഞ ഇറക്കുമതിയില്‍ നിന്ന് രക്ഷിക്കുന്നതിനായി 99 ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കാണ് ഇറക്കുമതി തീരുവ ചുമത്തിയിട്ടുള്ളതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ജനുവരി 28 വരെയുള്ള കണക്കാണ് വാണിജ്യ മന്ത്രി സിആര്‍ ചൗധരി എഴുതി തയാറാക്കിയ മറുപടിയിലൂടെ ലോക് സഭയില്‍ അറിയിച്ചത്.

ചൈനയില്‍ നിന്നുള്ള കെമിക്കലുകള്‍, പെട്രോ കെമിക്കലുകള്‍, ഫൈബറുകള്‍, മെഷിനറി ഐറ്റങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍, റബ്ബര്‍, സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയിലെല്ലാം ഇറക്കുമതി തീരുവ ചുമത്തുന്നുണ്ട്. ന്യായമായ വിപണി വില ആഭ്യന്തര ഉപയോക്താക്കള്‍ക്ക് ഉറപ്പുവരുത്തുന്നിതിനായാണ് തീരുവ ചുമത്തിയിട്ടുള്ളത്. സമാനമായ ചില നടപടികള്‍ ചൈനയും കൈക്കൊണ്ടിട്ടുണ്ട്. ചൈനയുമായുള്ള കനത്ത വ്യാപാര കമ്മി പരിഹരിക്കാന്‍ തുടര്‍ച്ചയായതും സ്ഥിരതയുള്ളതുമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ടെന്നും ചൗധരി പറഞ്ഞു.

ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ചൈനീസ് വിപണിയിലുള്ള തടസങ്ങള്‍ നീക്കാന്‍ ശ്രമം നടക്കുകയാണ്. ഇന്ത്യയിലുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ചൈനയില്‍ വിപണി പ്രവേശനം ലഭിക്കുന്നതിന് അവിടത്തെ വാണിജ്യ അധികൃതരുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. മൃഗങ്ങള്‍ക്കുള്ള ആഹാരം, എണ്ണക്കുരുകള്‍, പാല്‍, പാലുല്‍പ്പന്നങ്ങള്‍, മരുന്നുകള്‍ എന്നിവ ചൈനയിലേക്ക് പുതുതായി കയറ്റി അയക്കാനാണ് ശ്രമിക്കുന്നത്.

നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബര്‍ വരെയുള്ള കാലയളവില്‍ 53.87 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് ചൈനയില്‍ നിന്നുണ്ടായത്. മുന്‍ സാമ്പത്തിക വര്‍ഷം സമാന കാലയളവില്‍ ഇത് 76.38 ബില്യണ്‍ ഡോളറായിരുന്നു.

Comments

comments

Categories: Business & Economy
Tags: import duty